കൊല്‍ക്കത്ത: കോണ്‍ഗ്രസ്സുമായി അകന്നശേഷം യുപിഎയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് സമ്മേളനത്തില്‍ നിലപാട് സ്വീകരിക്കുന്നു. 184-ാം വകുപ്പു പ്രകാരം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവിശ്വാസപ്രമേയമുള്‍പ്പെടെയുള്ള നീക്കങ്ങളാവും നടത്തുക. പിന്തുണ തെളിയിക്കാനുള്ള വോട്ടെടുപ്പുള്‍പ്പെടെ 184-ാം വകുപ്പനുസരിച്ച് യുപിഎ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനാണ് ലക്ഷ്യമിടുന്നതെന്ന് ലോക്സഭയിലെ തൃണമൂല്‍ പാര്‍ലമെന്ററി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ഭരണപക്ഷത്തുള്ള യുപിഎയിലേയും പ്രതിപക്ഷത്തുള്ള എന്‍ഡിഎയിലേയും മിക്ക പാര്‍ട്ടികളും തങ്ങളെ പിന്തുണയ്‌ക്കും. ഏതൊക്കെ പാര്‍ട്ടികള്‍ പിന്തുണയ്‌ക്കുമെന്ന ചോദ്യത്തിന് അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് രാഷ്‌ട്രീയമണ്ടത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്സഭയില്‍ 19 എംപിമാരുള്ള തൃണമൂലിന് രാജ്യസഭയില്‍ ഒമ്പതു പേരുമുണ്ട്. കേന്ദ്ര നയത്തെ എതിര്‍ക്കുന്ന ജനതാദള്‍ (യു), ബിജു ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി എന്നിവയുമായി സഭയ്‌ക്കകത്ത് സഹകരിക്കാന്‍ ശ്രമിക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുമ്പു തന്നെ അടുത്തമാസം മൂന്നാമത്തെ ആഴ്ച ഇതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങുമെന്നും സുദീപ് വ്യക്തമാക്കി. സിപിഎമ്മുമായി സഭയില്‍ സഹകരണമുണ്ടാകുമോ എന്ന ചോദ്യത്തിന് സിപിഎമ്മിന്റെ എതിര്‍പ്പ് സ്വാഭാവികമല്ലാത്തതിനാല്‍ അതിന് സാധ്യതയില്ലെന്നും അത് തൃണമൂലിന്റെ രാഷ്‌ട്രീയഭാവി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന തൃണമൂല്‍ നേതാവ് മമതാബാനര്‍ജിയുടെ മുന്‍പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കല്‍ക്കരി ബ്ലോക്കുകള്‍ വിതരണം ചെയ്തതിനെക്കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടും സര്‍ക്കാരിനെതിരെ ഉയര്‍ത്തും. സഭ നിരന്തരമായി സ്തംഭിപ്പിക്കുന്ന നടപടിയോട് തൃണമൂലിന് പൂര്‍ണമായും യോജിക്കാന്‍ കഴിയില്ല. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ സഭസമ്മേളിക്കേണ്ടതിന്റെ 80 ശതമാനവും പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങിപ്പോകുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിലേക്ക് സഭയുടെ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. പാര്‍ലമെന്റ് തടസ്സപ്പെട്ടതിന് കാരണക്കാരായ ബിജെപിയെ കുറ്റപ്പെടുത്തുകയാണോ എന്ന ചോദ്യത്തിന് എന്‍ഡിഎ ഭരിക്കുന്ന കാലത്ത് കോണ്‍ഗ്രസ്സും ഇതേ തന്ത്രംതന്നെ പ്രയോഗിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ ഈ രണ്ടു പ്രധാനപാര്‍ട്ടികളും ഒരുപോലെ കുറ്റക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: