പന്തളം: പന്തളത്ത് ശനിയാഴ്ച മന്ത്രി വി.എസ്. ശിവകുമാര്‍ വിളിച്ചു ചേര്‍ത്ത അവലോകനയോഗത്തില്‍ ഏറ്റവും അടിയന്തിരമായി നടപ്പാക്കേണ്ട പ്രധാന കാര്യങ്ങള്‍ പലതും അവഗണിച്ചു. തീര്‍ത്ഥാടനക്കാലത്ത് ഭാരതത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ് ഇവിടെ എത്തിച്ചേരുന്നത്. തീര്‍ത്ഥാടനം പൂര്‍ണ്ണമാകണമെങ്കില്‍ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന വിശ്വാസത്താല്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരില്‍ ഒട്ടുമിക്കവരും ഇവിടെ ദര്‍ശനം നടത്തിയാണ് മടങ്ങുന്നത്. സ്ത്രീകളുള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തുവാന്‍ സാധിത്താത്തവരും ഇവിടെയാണ് ദര്‍ശനം നടത്തുന്നത്. ഇവര്‍ക്കായി ഇവിടെ യാത്രാസൗകര്യം തികച്ചും അപര്യാപ്തമാണ്. പന്തളത്തു നിന്നും ശബരിമലയ്ക്കും തിരിച്ചും യാത്രചെയ്യുവാനായി അടൂറ്, ചെങ്ങന്നൂറ്‍, പത്തനംതിട്ട എന്നിവിടങ്ങളിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ പോകേണ്ട ദുരവസ്ഥയാണുള്ളത്. കെഎസ്ആര്‍ടിസിയ്ക്ക് ഇവിടെയുള്ളത് വെറും ഓപ്പറേറ്റിംഗ് സെണ്റ്റര്‍ മാത്രമാണ്. അതിനാല്‍ ഇവിടെ ആവശ്യത്തിനുള്ള ബസ്സുകള്‍ അനുവദിക്കുവാന്‍ അധികൃതര്‍ തയ്യാറല്ല. ൨൫ വര്‍ഷം മുമ്പ് സബ് ഡിപ്പോ ആയി തുടങ്ങിയത് ഓപ്പറേറ്റിംഗ് സെണ്റ്ററായി തരം താഴ്ത്തിയിട്ടും കിലോമീറ്ററടിസ്ഥാനത്തില്‍ കൊല്ലം സോണിലെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതും ഇവിടെയാണ്. എന്നിട്ടും ഇത് എറ്റിഒ ആയി ഉയര്‍ത്തുവാനും മധുര, പളനി, ചെന്നൈ, ബാംഗ്ളൂറ് എന്നിവിടങ്ങളിലേക്കുള്പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സര്‍വ്വീസുകള്‍ നടത്തുവാനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. മുന്‍ വര്‍ഷങ്ങളിലെ അവലോകന യോഗങ്ങളില്‍ ഈ ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ത്താറുണ്ടായിരുന്നു. എന്നാല്‍ നടക്കാത്തതുകൊണ്ടാകാം ഇത്തവണ ഇങ്ങനെയാരാവശ്വശ്യം ആരും ഉന്നയിച്ചതുമില്ല. പന്തളം പ്രാഥമികാരോഗ്യ കേന്ദ്രവും കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ആശുപത്രിയായി ഉയര്‍ത്തേണ്ടതും അത്യാവശ്യമാണ്. തീര്‍ത്ഥാടനകാലത്ത് ഇവിടെ ഒരുക്കുന്ന മെഡിക്കല്‍ സൗകര്യം തികച്ചും അപര്യാപ്തമായതിനാല്‍ ഇവിടെയുള്ള സ്വകാര്യ ആശുപത്രികളെയാണ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്നത്. ജില്ലാ ആശുപത്രിയുടെ നിലയിലേക്ക് ഉയര്‍ത്തിയാല്‍ പോലും അത് അപര്യാപ്തമാണെങ്കിലും ഇതും ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇവിടെ അച്ചന്‍കോവിലാറ്റിലെ സ്നാനഘട്ടങ്ങളില്‍ തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെടുന്നതും നിത്യ സംഭവമാണ്. അതിനാല്‍ പന്തളത്ത് സ്ഥിരം ഫയര്‍ഫോഴ്സ് സ്റ്റേഷനും അടിയന്തിരമായി ആരംഭിക്കേണ്ടതാണ്. തീര്ത്ഥാടനക്കാലത്തല്ലാത്തപ്പോഴും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള തീര്‍ത്ഥാടകരുടെ തിരക്ക് പന്തളത്ത് സാധാരണമാണ്. വാഹന ബാഹുല്യം പരിഗണിച്ച് പറോലില്‍പ്പടി- മുട്ടാര്‍ റോഡ് ഏറ്റെടുത്ത് നവീകരിക്കുമെന്ന് അവലോകന യോഗത്തില്‍ പിഡബ്ളിയുഡി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ റോഡിണ്റ്റെ പല ഭാഗങ്ങളും റവന്യൂ ഉദ്യാഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ വ്യക്തികള്‍ കയ്യേറി മതില് കെട്ടിയിരിക്കുകയാണ്. ഇതു മൂലം പലയിടങ്ങളിലും എതിര് വശത്തുനിന്നും വരുന്ന വാഹനങ്ങള്‍ കാണുവാന്‍ സാധിക്കാത്ത വിധമുള്ള അപകടകരമായ കൊടും വളവുകളാണുള്ളത്. ഈ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ചുകൊണ്ടുള്ള റോഡ് വികസനം ഉണ്ടാകേണ്ടതാണ്. ഇങ്ങനെ വികസിപ്പിക്കുന്ന റോഡ് മുട്ടാര്‍ ജംഗ്ഷനില്‍ നിന്നും വലക്കടവ്, പൂഴിക്കാട് വഴി കുരമ്പാലയിലെത്തുന്ന ബൈപ്പാസായി വികസിപ്പിച്ചാല്‍ പന്തളം കുറുന്തോട്ടയം കവലയിലെ തിരക്കൊഴിവാക്കി ഗതാഗതവും സുഗമമാക്കി മാറ്റേണ്ടതും തീര്‍ത്ഥാടനത്തിന് അനിവാര്യമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പന്തളത്ത് നടപ്പിലാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: