ന്യൂദല്‍ഹി: പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കേജ്രിവാളിന്റെ വെല്ലുവിളി. രാജ്യത്തെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗും, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പരസ്യസംവാദത്തിന് ഒരുക്കമാണോയെന്ന് കേജ്രിവാള് ചോദിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിംഗ് അയച്ച കത്തിന് മറുപടിയായി ട്വിറ്ററിലൂടെയാണ് കേജ്രിവാള് വെല്ലുവിളി ഉയര്‍ത്തിയത്. സോണിയാ ഗാന്ധിയോ പ്രധാനമന്ത്രിയോ അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയോ ഒരു പരസ്യ സംവാദത്തിന് തയ്യാറാവണം. ഇതിനായി ദിഗ് വിജയ് സിംഗ് അവര്‍ക്ക് പ്രേരണ നല്‍കണം. സംവാദത്തില്‍ ഇരുകൂട്ടര്‍ക്കും പരസ്പ്പരം ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമൊരുക്കുകയും ചെയ്യാം. ദിഗ്വിജയ് ഇതിന് തയ്യാറാണോ എന്നും കേജ്രിവാള് ട്വിറ്ററിലൂടെ ചോദിച്ചു.
മറ്റുള്ളവരെ ചോദ്യം ചെയ്യുന്ന കേജ്രിവാള് സ്വന്തം സംഘടനയായ ഇന്ത്യ എഗനിസ്റ്റ് കറപ്ഷന്റെ (ഐഎസി) ഫണ്ടുകളെക്കുറിച്ച് വ്യക്തമാക്കണമെന്നായിരുന്നു ദിഗ്വിജയിന്റെ ആവശ്യം. ദിഗ്വിജയിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് തയ്യാറാണ്. എന്നാല്‍, ആദ്യം തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സോണിയയുടെ മരുമകന് മറുപടി നല്‍കണമെന്നും കേജ്രിവാളിന്റെ ട്വിറ്ററിലൂടെ പറഞ്ഞു.
രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് തങ്ങള്‍ക്കെതിരെ അനാവശ്യമായ ആരോപണമുന്നയിക്കുന്നതെന്നും കേജ്രിവാള് പറഞ്ഞു. നിങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തെ ജനങ്ങളോട് ചോദിക്കൂ. അവര്‍ അതിന് ഉത്തരം നല്കുമെന്നു കേജ്രിവാള് കൂട്ടിച്ചേര്‍ത്തു. പരസ്യ സംവാദത്തിന് ദിഗ്വിജയ് തയ്യാറാണോ? പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷയും ഇതിന് തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വില കുറഞ്ഞ പ്രചാരണത്തിനുവേണ്ടി മാത്രമായിരിക്കുമെന്ന് ജനങ്ങള്‍ കരുതുമെന്നും കേജ്രിവാള് പറഞ്ഞു.
വധേരയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിച്ചിരിക്കുകയാണ്. വധേരയുടെ കാര്യത്തിലും ജന്‍ ലോക്പാല്‍ കാര്യത്തിലും തങ്ങള്‍ക്ക് ഒരു മറുപടിയും ലഭിച്ചിട്ടില്ല. ദിഗ്വിജയിന് ഇവരില്‍നിന്ന് ആരില്‍ നിന്നെങ്കിലും മറുപടി കിട്ടിയിട്ടുണ്ടോയെന്നും കേജ്രിവാള് ചോദിച്ചു. തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ഏത് ചോദ്യവും നിങ്ങള്‍ക്ക് ഉന്നയിക്കാം. അതിനുള്ള മറുപടിയും ഞങ്ങള്‍ നല്‍കാം. എന്നാല്‍ ഞങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന് പൊതുജനമധ്യത്തില്‍ വെച്ച് മറുപടി പറയുമോയെന്നും കേജ്രിവാള് ചോദിച്ചു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ താല്‍പ്പര്യങ്ങളെ മാത്രമാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനകള്‍ക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് എന്തുകൊണ്ട് വ്യക്തമാക്കുന്നില്ലെന്ന് ദിഗ്വിജയ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേജ്രിവാളിന്റെ അടുത്ത അനുയായിയായ കബീറിന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് 2005 ല്‍ വിദേശത്തുനിന്ന് 172,000 ഡോളര്‍ ലഭിച്ചുവെന്നും 2008 ല്‍ 1,97,000 ഡോളര്‍ ലഭിച്ചുവെന്നും ദിഗ്വിജയ് വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ഈ കണക്കുകള്‍ കേജ്രിവാള് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താതിരുന്നതെന്നും ദിഗ്വിജയ് ചോദിച്ചിരുന്നു. സംഘടനയുടെ സെമിനാറിനും മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമാണ് ഈ വിദേശപണം ഉപയോഗിച്ചതെന്നും ദിഗ്വിജയ് പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ക്കെതിരെയാണ് ഇന്നലെ കേജ്രിവാള് രംഗത്തെത്തിയത്. തങ്ങളുടെ സംഘടനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് മുന്പില് വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് കേജ്രിവാള് പറഞ്ഞു.
ഇതിനിടെ, റോബര്‍ട്ട് വധേരയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ പദ്ധതിക്ക് മുന്പില് അഴിമതി വിരുദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വധേരയും ഡിഎല്‍എഫും തമ്മിലുള്ള അഴിമതി ആരോപണങ്ങള്‍ക്ക് ഹൂഡ കൂട്ടുനിന്നുവെന്നാരോപിച്ചാണ് പ്രതിഷേധം പ്രകടനം നടത്തിയത്. വധേരയുടെ ഭൂമിയിടപാടുകള്‍ റദ്ദാക്കി അന്വേഷണത്തിനുത്തരവിട്ട ഐഎഎസ് ഉദ്യോഗസ്ഥന് അശോക് കെംകെയെ സ്ഥലം മാറ്റിയ നടപടിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: