പുത്തൂര്‍: വിദ്യാരംഭം മതപരമായ ഒരു ചടങ്ങല്ല. സാംസ്കാരികമായ ആചാരമാണ്. അതിനെ കേവലം മതത്തിനുള്ളില്‍ നോക്കിക്കാണുന്നത് അജ്ഞാനികളാണെന്ന് യജ്ഞാചാര്യന്‍ വി.ബി. മാധവന് നമ്പൂതിരി പറഞ്ഞു.
വായു പുരാണ മാഹാത്മ്യത്തെപ്പറ്റി കൈതക്കോട് കന്യാര്കാവില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വികസനത്തിന് ഉപയോഗിക്കുന്ന കര്‍മ്മമായതിനാലും ഐശ്വര്യമായതിനാലും പവിത്രമായ ആചാരമായി വിദ്യാരംഭത്തെ കാണണം.
ജ്ഞാനേന്ദ്രിയങ്ങളിലൂടെയാണ് മനുഷ്യന് പ്രപഞ്ചത്തെപ്പറ്റി അറിയുന്നത്. അവയെയാണ് വിളക്കില്‍ കൊളുത്തുന്ന അഞ്ചു തിരികള്‍ സൂചിപ്പിക്കുന്നത്. നിലവിളക്ക് കൊളുത്തി വീണയും ഗ്രന്ഥവും കയ്യിലേന്തിയ വാണീ വിഗ്രഹത്തിന് മുന്നിലിരുന്ന് സ്വര്‍ണം കൊണ്ട് നാവിലും വിരലുകൊണ്ട് അരിയിലും അക്ഷരം കുറിക്കുന്ന മഹത്തായ കര്‍മ്മം ഏത് മതസ്ഥര്‍ക്കും അനുകരിക്കാവുന്നതാണ്. വിദ്യയാണ് ധനം വിദ്യ തന്നെയാണ് അന്നവും എന്ന് സൂചിപ്പിക്കുന്ന ക്രിയകളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ അഞ്ചിന് ഭവിഷ്യപുരാണസമാരംഭ, ദേവീമാഹാത്മ്യപാരായണം, കുമാരി പൂജ, ഗോപൂജ എന്നിവ നടക്കും. മുഖ്യാതിഥിയായി മുന്കേന്ദ്രഷിപ്പിംഗ് സെക്രട്ടറി കെ.മോഹന്‍ദാസ് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: