പുനലൂര്‍: വൃക്ഷത്തൈ വില്‍പ്പനയുടെ മറവില്‍ മോഷണം നടത്തിയ യുവതി അറസ്റ്റില്‍. തൊണ്ടിയാമണ്‍ സുമയ്യാ മന്‍സിലില്‍ നജിയ എന്നു വിളിക്കുന്ന സുമയ്യ(23) ആണ് അറസ്റ്റിലായത്.
കരവാളൂര്‍ സുമാഭവനില്‍ സുബീഷ് പി. പിളളയുടെ മകന്‍ എട്ടുമാസം പ്രായമുള്ള അത്മജിന്റെ അരഞ്ഞാണം മോഷ്ടിച്ച കേസിലാണ് യുവതി പുനലൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞായിരുന്നു മോഷണം അരങ്ങേറിയത്. തുടര്‍ച്ചയായി വൃക്ഷത്തൈകളുമായി എത്താറുണ്ടായിരുന്ന യുവതി വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചശേഷം മോഷണം നടത്തുകയായിരുന്നു. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹരിതകേരള അഗ്രിക്കള്‍ച്ചര്‍ ഫാമിന്റെ പേരിലാണ് യുവതി വൃക്ഷത്തൈകള്‍ വില്‍പ്പന നടത്തിയിരുന്നത്. ഇവരുടെ വൃക്ഷത്തൈ വില്‍പ്പനയ്‌ക്ക് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഭര്‍ത്താവ് ഷാന്‍ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. വൃക്ഷത്തൈകള്‍ വീടുവീടാന്തരം കയറി വില്‍പ്പന നടത്തിവന്നിരുന്ന ഇവര്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൃക്ഷത്തൈകള്‍ തൃശൂരിലുള്ള സ്ഥാപനത്തിന്റെ മറവില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. മോഷ്ടിച്ച അരഞ്ഞാണവും പുനലൂര്‍ പോലീസ് കണ്ടെടുത്തു. ജോലി വാഗ്ദാനം ചെയ്ത് യുവതി പലരില്‍ നിന്നും പണം തട്ടിയതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: