പള്ളുരുത്തി: വെള്ളിയാഴ്ച മരണമടഞ്ഞ മുന്‍ നഗരസഭാംഗം ജി.പുരുഷനോട് കൊച്ചി നഗരസഭ അനാദരവ് കാട്ടിയതായി ആക്ഷേപം. 79-80 കാലഘട്ടങ്ങളിലാണ് ഇദ്ദേഹം കൊച്ചി പനയപ്പള്ളിയില്നിന്നും നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎമ്മിന്റെ പ്രതിനിധിയായി നഗരസഭയില്‍ എത്തിയ ഇദ്ദേഹം നഗരസഭയുടെ കൊച്ചിന് പോര്ട്ട്ട്രസ്റ്റിലേക്കുള്ള അഡ്വൈസറിബോര്‍ഡ് അംഗമായിരുന്നു. സിപിഎമ്മില്‍ നിന്നും പിന്നീട് സിഎംപിയില്‍ എത്തിച്ചേര്‍ന്ന ജി.പുരുഷന് യുഡിഎഫിന്റെ എറണാകുളം ജില്ലയുടെ മികച്ച സംഘാടകനുമായിരുന്നു. മുന്‍ നഗരസഭാംഗമെന്നനിലയില് കൊച്ചിന് കോര്പ്പറേഷന് മരണാനന്തരം ഇദ്ദേഹത്തോട് കടുത്ത നീതികേട് കാട്ടിയതായാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. മേയറോ, ഡ.മേയറോ മരിച്ചിടത്ത് എത്തി പുഷ്പചക്രം സമര്‍പ്പിക്കേണ്ടതാണ്. ഇവര്‍ക്ക് അസൗകര്യമാണെങ്കില്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതല ഏല്പിക്കാം. മേയര്‍ ദല്ഹിടൂറിലായതിനാല് അദ്ദേഹത്തിന്റെ അഭാവത്തില്‍ സ്ഥലത്തുള്ള ഡെ.മേയര്‍ ഇവിടെ എത്തിച്ചേരുമെന്ന് പലരും പ്രതീക്ഷിച്ചുവെങ്കിലും ഇപ്പോള്‍ ഇദ്ദേഹം താമസിച്ചുവരുന്ന പള്ളുരുത്തിയിലെ നഗരസഭാംഗം പോലും മൃതദേഹം കാണാന്‍ എത്തിയില്ലെന്നും പരാതി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. നഗരസഭാംഗമെന്ന നിലയില്‍ വളരെയധികം വികസന പദ്ധതികള്‍ക്ക് ഇദ്ദേഹം ചുക്കാന്‍പിടിച്ചിട്ടുണ്ട്. കൊച്ചി നഗരസഭ മുന്‍ നഗരസഭാംഗത്തോട് കാട്ടിയ അനാദരവില്‍ ഭരണകക്ഷിയില്‍ പെട്ടവര്‍ക്കുപോലും കടുത്ത അമര്‍ഷമുണ്ട്. യുഡിഎഫ് സംവിധാനത്തില്‍ കൊച്ചി നഗരസഭ ഭരണം നടക്കുമ്പോള്‍തന്നെ മുന്നണിയിലെ അറിയപ്പെടുന്ന നേതാവ് മരണമടഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ എത്തി നോക്കാത്തതില്‍ യുഡിഎഫിലെ പ്രമുഖനായ ഒരു നഗരസഭാംഗം പരസ്യമായിതന്നെ പ്രതിഷേധം പ്രകടിപ്പിച്ചു. അടുത്ത നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: