മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ വന്നു. 1990 കളില്‍ വളരെ അടുത്തു പരിചയപ്പെട്ടിരുന്ന ഡോ.നരേന്ദ്രനായിരുന്നു അത്. ഡോ.നരേന്ദ്രനെ എളമക്കര കാര്യാലയത്തില്‍ വെച്ചാണ് ആദ്യം പരിചയപ്പെട്ടത്. അദ്ദേഹം കുമ്മനം രാജശേഖരനെ കാണാന്‍ അവിടെയെത്തിയതായിരുന്നു. പരിചയപ്പെട്ട് സംസാരിച്ചപ്പോള്‍ ഡോക്ടര്‍ കാന്ത ചികിത്സയും പ്രകൃതി ജീവനവും പ്രചരിപ്പിക്കുന്ന ദൗത്യത്തിലേര്പ്പെട്ടിരിക്കുകയാണെന്ന് മനസ്സിലായി.
അദ്ദേഹത്തിന്റെ സഹധര്‍മിണിയും പ്രകൃതി ജീവനത്തിന്റെ പ്രയോക്ത്രിയായിരുന്നു. ഡോ.നരേന്ദ്രന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ കാന്ത ചികിത്സയുടെ ചുമതലയും വഹിച്ചിരുന്നു. ഒട്ടേറെ സ്ഥലങ്ങളില്‍ അദ്ദേഹം കാന്ത ചികിത്സയുടെ പ്രചരണത്തിനായി ക്യാമ്പുകളും മറ്റും നടത്തിവന്നു. അതിനാവശ്യമായ സാഹിത്യനിര്മാണത്തിനും മറ്റും സഹായിക്കാന്‍ എനിക്കുമവസരം ലഭിച്ചിരുന്നു.
അതിനുമുമ്പുതന്നെ എറണാകുളത്ത് കാന്തചികിത്സ പ്രചരിപ്പിച്ച ദത്ത്പേഢേ എന്ന ആളെയും പരിചയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അനുയായികളായി എറണാകുളത്തെ ഒന്നുരണ്ടു സ്വയം സേവകരുമുണ്ടായിരുന്നു. ദത്ത്പേഢേ തയ്യാറാക്കിയ ചില ലേഖനങ്ങളും ലഘുലേഖകളും മലയാളത്തിലാക്കാന്‍ ആരോ മുഖാന്തിരം എനിക്കവസരമുണ്ടായി. കാന്ത ചികിത്സ മാത്രമല്ല, യോഗ പരിശീലനം, അഗ്നിഹോത്രം, പിരമിഡോളജി മുതലായവയും ദത്ത് പേഢേയുടെ വിഷയങ്ങളില്പ്പെട്ടിരുന്നു. കേരള കൗണ്‍സില്‍ ഓഫ് ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍സ് എന്നൊരു സ്ഥാപനം തുടങ്ങുകയും അതിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ്സുകള്‍ നടത്തുകയും മറ്റുമായിരുന്നു അദ്ദേഹംത്തിന്റെ പരിപാടി. മെറ്റലര്‍ജിയില്‍ ഉന്നതവിദ്യാഭ്യാസം നേടിയ അദ്ദേഹം മെറ്റല്പ്രിന്റിങ്ങും മറ്റും ഇവിടെ വളരെ വിജയകരമായി നടത്തി. അതെല്ലാം അവസാനിപ്പിച്ച് കാന്ത ചികിത്സയിലേക്ക് തിരിഞ്ഞയാളായിരുന്നു.
ഡോ.നരേന്ദ്രനും ദത്ത്പേഢേയും അനുവര്‍ത്തിച്ചുവന്ന രീതികളില്‍ ചില വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാലും ഇരുവരുമായി ഞാന്‍ നല്ല അടുപ്പം നിലനിര്‍ത്തി. എന്റെ അനുജന് ഹോമിയോ ഡോ. കേസരിക്ക് കാന്ത ചികിത്സാ രീതിയില്‍ താല്‍പ്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ ദത്ത്പേഢേയുമായി ബന്ധപ്പെടുത്തിക്കൊടുത്തിരുന്നു.
ഡോ.നരേന്ദ്രന് കാന്ത ചികിത്സക്കായി സ്വന്തമായി ചില ഉപകരണങ്ങള്‍ വികസിച്ചെടുത്തിരുന്നു. ഒരു കാലിക പ്രസിദ്ധീകരണമാരംഭിക്കാന് വേണ്ട സഹായങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി താമസിച്ച് അതിനുള്ള ഉപദേശങ്ങളും മറ്റു വിവരങ്ങളും നല്‍കുകയും ഒരു ലക്കം തന്നെ തയ്യാറാക്കിക്കൊടുക്കുകയും ചെയ്തു. കാന്ത ചികിത്സ പ്രചരിപ്പിക്കാനും അദ്ദേഹത്തിന്റെ മറ്റാശയങ്ങള്‍ പഠിപ്പിക്കാനും മറ്റുമായി കേരളത്തില്‍നിന്നും പുറത്തുനിന്നുമുള്ള കുറേപ്പേര്‍ക്ക് നടത്തിയ പഠനശിബിരത്തില്‍ ചില വിഷയങ്ങള്‍ പഠിപ്പിക്കാനും ഡോ.നരേന്ദ്രന് എന്നെ ചുമതലപ്പെടുത്തിയിരുന്നു. എനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാവുകയും അമൃതയിലെ ചികിത്സയും ജന്മഭൂമിയില്‍നിന്ന് വിരമിച്ചതുമൂലം പിന്നീട് ഞങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അങ്ങനെ പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ വിസ്മയിച്ചുപോയി.
ഒരു ദിവസം അദ്ദേഹം വീട്ടില്‍ വരിക തന്നെ ചെയ്തു. നൂതനമായ ഒരു ആത്മീയപ്രവര്‍ത്തന മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ചില സാഹിത്യപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുമോ എന്നറിയാനുമായിരുന്നു വരവ്. ശുഭ്രവസ്ത്രധാരിയായ അദ്ദേഹത്തെ കണ്ടപ്പോള്‍ പഴയ ഡോ.നരേന്ദ്രന് അപ്രത്യക്ഷനായതുപോലെ തോന്നി.
അദ്ദേഹത്തിന്റെ 25 ലേറെ വര്‍ഷക്കാലത്തെ അന്വേഷണത്തിന്റെയും അനുഭവങ്ങളുടെയും ഫലമായി ഉരുത്തിരിഞ്ഞുവന്ന പുതിയൊരാത്മീയാവബോധം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നറിഞ്ഞു അത് സംബന്ധിച്ച പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്യുകയായിരുന്നു എന്നെ ഏല്‍പ്പിച്ച ദൗത്യം. ആധുനിക ശാസ്ത്രവും ആത്മീയതയുമായി സമന്വയിപ്പിച്ചുകൊണ്ട് ഒരു സമ്പ്രദായമാണത്. അതിന്റെ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനുമായി ബംഗ്ലൂരു കേന്ദ്രമായി ശക്തി വേദവെല്നെസ്സ് മിഷന് പ്രവര്‍ത്തിക്കുന്നു. അതിന്റെ പ്രത്യയശാസ്ത്രത്തിന് ഋഷി ദേവിസം എന്നാണ് പേര് നല്കപ്പെട്ടിരിക്കുന്നത്. പരമ ആചാര്യന് ഋഷിദേവ് നരേന്ദ്രന്‍ജി തന്നെ. ഇത്രയും കാലത്തെ അനുസന്ധാനത്തിനൊടുവില് ഡോ.നരേന്ദ്രന്റെ പ്രജ്ഞയ്ക്ക് വെളിപ്പെട്ട പ്രായോഗിക മനുഷ്യജീവിത ദര്‍ശനമാണ് തന്റേത് എന്ന് അദ്ദേഹം പറയുന്നു. എല്ലാക്കാലത്തേക്കും പ്രസക്തമായ ഭഗവദ്ഗീത തന്നെയാണ് ശക്തിവേദയുടെ ആധാരഗ്രന്ഥം. കൗതുകകരമായ ഋഷിദേവിസത്തിന്റെ തത്വം ചുരുക്കത്തില്‍ ഇപ്രകാരമാണ്.
2006 സപ്തംബര്‍ 9 നാണ് സത്യയുഗം ആരംഭിച്ചത്. ഈ യുഗത്തിലെ മനുഷ്യന് പരമസൃഷ്ടാവിലെത്താനുള്ള ഈശ്വരകല്‍പ്പിതമായ ജീവിതചര്യയാണ് ഋഷി ദേവിസം. നമുക്ക് നഷ്ടപ്പെട്ട സംസ്ക്കാരവും ധര്‍മവും ആത്മീയ പാരമ്പര്യവും വീണ്ടെടുത്ത് എല്ലാ മനുഷ്യര്‍ക്കും തുല്യമായി ലഭ്യമാക്കുകയാണ് അതിന്റെ ലക്ഷ്യം.
ജീവയും ആത്മാവും ജീവാത്മാവും വ്യത്യസ്ത അവസ്ഥകളാണെന്നും സോളും ആത്മയും രണ്ടാണെന്നുള്ളത് ആത്മജ്ഞാനത്തിന്റെ ബാലപാഠങ്ങളാണ്.
പതിനായിരക്കണക്ക് വര്‍ഷങ്ങളായി വിശുദ്ധ ശക്തികളും വിരുദ്ധശക്തികളും തമ്മില്‍ നടന്നുവന്ന പോരാട്ടം കലിയുഗത്തില്‍ കടുത്തപ്പോള്‍, ഭൗതിക സുഖങ്ങള്‍ നിറവേറ്റാന്‍ ആസുരശക്തികളുടെ സഹായം തേടാനും ദൈവിക ശക്തികളെ മന്ത്രബദ്ധരാക്കാനുമുള്ള ഉപാധിയായി ആത്മീയത അധഃപതിച്ചു. കപട ആത്മീയക്കാരും അത്ഭുതപ്രവര്‍ത്തകരും തത്ക്ഷണ രോഗശാന്തി ചെയ്യുന്നവരുമൊക്കെ ദൈവങ്ങളായും ദൈവപ്രതിനിധികളായും ആരാധിക്കപ്പെട്ടു തുടങ്ങി. മനുഷ്യന് ആത്മീയതയില്നിന്നകന്നു.
മനുഷ്യരുടെ സോള്‍ മലിനപ്പെടാന്‍ ഇത്തരം കാര്യങ്ങള്‍ ഇടവരുത്തുന്നു. ദുഷ്ടശക്തികള്‍ സോളിനെ ഈശ്വരനിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ ആഹരിച്ചുകളയും. ഇന്നത്തെ ആത്മീയപ്രതിസന്ധിക്ക് പിന്നിലെ ഘടകങ്ങളെന്തൊക്കെയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഹോമങ്ങളും പൂജകളും ഫലപ്രദമാകാതിരിക്കാന്‍ വിരുദ്ധശക്തികളുടെ ഗൂഢ പ്രവര്‍ത്തനങ്ങള്‍ പണ്ടുതന്നെ ആചാര്യന്മാരില് അതിവിദഗ്ദ്ധമായി നടന്നു. ഈശ്വര ചൈതന്യം മനുഷ്യര്‍ക്ക് ലഭിക്കാതിരിക്കാന്‍ പൂജാദ്രവ്യങ്ങളില്‍ ജന്തുജന്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി. മാംസവും മദ്യവും പോലും ചില പൂജകളില്‍ ഉള്‍പ്പെടുത്തിയത് ആത്മീയതയുടെ പവിത്രതയെ ഇല്ലാതാക്കി.
ഹിന്ദുക്കളെ നിരീശ്വര പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിച്ച്, സനാതന ധര്‍മ്മത്തെ അന്ധവിശ്വാസമെന്ന് പ്രചരിപ്പിക്കുന്ന ചാര്വാകന്മാര് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
മുപ്പത്തിമുക്കോടി ദേവഗണങ്ങള്‍ ഒരുമിച്ചുച്ചേരുമ്പോഴാണ് ദൈവികത പൂര്‍ണമാകുന്നത്. അവയെല്ലാം ചേര്‍ന്ന് ജീവിതപ്രവാഹത്തിലെ തടസ്സങ്ങള്‍ നീക്കാനും അനുഗ്രഹം ചൊരിയാനും നാം തന്നെ വഴിയൊരുക്കണം.
പ്രപഞ്ചശക്തികളെ പദവിയോ ക്രമമോ തീരുമാനിക്കേണ്ടത് മനുഷ്യനും മതവുമില്ല. അവ സര്‍വേശ്വര പ്രോക്തമായ ആത്മീയ ചിട്ടയില്‍പ്പെട്ട കാര്യങ്ങളാകുന്നു. ഇതിന്റെ അവസാന വാക്ക് പണ്ഡിതന്റെതല്ല സര്‍വേശ്വരന്റെ തരംഗദൈര്‍ഘ്യത്തില്‍ എത്തി ഈശ്വരീയമായ നിശ്ശബ്ദ ഭാഷയില്‍ സംവദിക്കാന്‍ കഴിയുന്ന സദ്ഗുരുവിന്റേതായിരിക്കണം.
പഞ്ചഭൂതങ്ങളെക്കുറിച്ചും യോഗാസനങ്ങളെക്കുറിച്ചും കുണ്ഡലിനി യോഗത്തെക്കുറിച്ചും മറ്റും ഡോ.നരേന്ദ്രന് തന്റെതായ സിദ്ധാന്തങ്ങളും വിശദീകരണങ്ങളുമുണ്ട്.
വൈദികകാലത്തെ 108 ഋഷിമാര്‍ ഫ്രാന്‍സിലെ ഓലോഹോണ് എന്ന സ്ഥലത്ത് ഒരുമിച്ചു കൂടി. 2010 സപ്തംബര്‍ 24 ന് എറണാകുളത്തെ ഡോ.നരേന്ദ്രന്റെ വസതിയിലെത്തി ആത്മീയ രൂപത്തില്‍ അനുഗ്രഹം നേടി മടങ്ങിപ്പോയി. വൈദികകാലത്ത് ത്രിമൂര്ത്തികളില്നിന്ന് വേദങ്ങള്‍ ഗ്രഹിച്ചവരായിരുന്നു ഇപ്പോള്‍ ഫ്രാന്‍സില്‍ താമസിക്കുന്ന അവരെത്രേ.
ശക്തിവേദമിഷനിലെ മാതാശ്രീപ്രിയമാതാ സര്‍വേശ്വരിയും ആദിപരാശക്തിയുമായി സംവദിച്ച് അവരെ ക്ഷണിച്ചുവരുത്തിയതായിരുന്നു.
ജനുവരി മാസത്തില്‍ തൃപ്പൂണിത്തുറയ്ക്കടുത്ത് പുതിയ കാവ് ഭഗവതീ ക്ഷേത്രത്തില്‍ ഒരു മഹാശക്തി ഗണേശ ഹോമം നടത്തിയിരുന്നു. 84 അര്ചകര് തുടര്‍ച്ചയായി ഹോമത്തില്‍ അര്‍ച്ചന നടത്തിക്കൊണ്ടാണത് നടത്തിയതത്രേ. ഡോക്ടര്‍ നരേന്ദ്രന് തന്റെ കാല്‍നൂറ്റാണ്ടുകാലത്തെ അന്വേഷണങ്ങളുടേയും മനനത്തിന്റെയും ചിന്തനത്തിന്റെയും ഫലമായി ആദ്ധ്യാത്മിക വിഭൂതിയായി എന്നു തോന്നുന്നു. ക്രിലിയണ് ഫോട്ടോഗ്രാഫി, യൂണിവേഴ്സല്‍ സ്കാനര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സാധകരുടെ ആത്മീയാവസ്ഥകള്‍ നിര്ണയിക്കാനുപയോഗിക്കുന്നുണ്ട്. ബംഗളൂരും എറണാകുളത്തും തൃപ്പൂണിത്തുറയിലുമായി ഡോ.നരേന്ദ്രന് തന്റെ ആത്മീയ സിദ്ധികള്‍ ജനക്ഷേമത്തിനായി ഉപയോഗിച്ചുവരുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: