പൊന്‍കുന്നം: മാറാരോഗങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ കരുണയ്ക്കൊരു കൈനീട്ടം പദ്ധതി നടപ്പിലാക്കുന്നു. ജനകീയ കൂട്ടായ്മയിലൂടെ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ മാറാരോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായത്തിനായി പണമെത്തിക്കുന്നതിനാണ് കരുണയ്ക്കൊരു കൈനീട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എംഎല്‍എ ഡോ.എന്‍.ജയരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരുദിവസം കൊണ്ട് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും പദ്ധതിക്കുവേണ്ടിയുള്ള ധനസമാഹരണം ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് നിയോജകമണ്ഡലത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, കലാസാംസ്കാരിക സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവര്‍ പദ്ധതിയില്‍ പങ്കാളികളാകും.
നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള മുഴുവന്‍ ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുദിവസം കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ ഒരു കോടി രൂപ സമാഹരിക്കുന്നതിനാണ് കരുണയ്ക്കൊരു കൈനീട്ടം പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിനായി നിയോജകമണ്ഡലം തലത്തില്‍ ഡോ.എന്‍.ജയരാജ് എംഎല്‍എ ചെയര്‍മാനായി സമിതിയ്ക്കു രൂപം നല്കി. നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രത്യേകം സമിതികള്‍ രൂപീകരിക്കും. പൊതുജനങ്ങള്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകുന്നതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രധാന കവലകളില്‍ കരുണയ്ക്കൊരു കൈനീട്ടം ബോക്സുകളും സ്ഥാപിക്കും. ഇതില്‍ രാവിലെ 9 മുതല്‍ 5വരെയുള്ള സമയത്ത് പണം നിക്ഷേപിക്കാം. പ്രവാസികള്‍ക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടിലും പണം നിക്ഷേപിക്കാം.
ഗ്രാമപഞ്ചായത്ത്തല സമിതികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനാകും. പ്രസിഡന്റും, വാര്‍ഡ് മെമ്പര്‍മാരും ശുപാര്‍ശ ചെയ്യുന്നവര്‍ക്കാണ് ചികിത്സാ സഹായം വിതരണം ചെയ്യുക. ഇവര്‍ ശുപാര്‍ശ ചെയ്യുന്നവരെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയതിനു ശേഷമാണ് ധനസഹായം കൈമാറുക.
ഓരോ വര്‍ഷവും ഇത്തരത്തില്‍ ഒരു ദിവസം കൊണ്ട് പണം സമാഹരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പണമിടപാടുകളുടെ സുതാര്യതയ്ക്കായി ഓരോ വര്‍ഷവും കണക്കുകളും പ്രസിദ്ധീകരിക്കും. പദ്ധതി നവംബര്‍ 6ന് പൊന്‍കുന്നത്ത് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: