പനച്ചിക്കാട്: സംഗീതസാന്ദ്രവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ ദക്ഷിണമൂകാംബിക നാട്യരത്ന പുരസ്കാരം തൃക്കൊടിത്താനം ബാലകൃഷ്ണന് സമ്മാനിച്ചു.
പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി സി.രാജഗോപാലാണ് ഉപഹാരസമര്‍പ്പണം നടത്തിയത്. മാനേജര്‍ കെ.എന്‍.നാരായണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു.
നവരാത്രി മഹോത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെയും ഇരവുപകലുകള്‍ സംഗീതാരാധനാ ദിനങ്ങളായിരുന്നു. പുലര്‍ച്ചെ നടതുറന്നശേഷം സരസ്വതി നടയില്‍ സാരസ്വത സൂക്തജപവും, വിഷ്ണുനടയില്‍ പുരുഷസൂക്തജപവും നടന്നു.
കലാമണ്ഡപം രാവിലെ 4ന് സഹസ്രനാമജപത്തോടെയാണ് ഉണര്‍ന്നത്. തുടര്‍ന്ന് ഭാഗവതപാരായണവും 5.30ന് ഭജനയും നടന്നു. രാവിലെ 6മുതല്‍ സംഗീതാരാധന ആരംഭിച്ചു. ഇടതടവില്ലാതെ മുഴങ്ങിയ സ്തുതിഗീതങ്ങളും വാഗ്ദേവിയുടെ തിരുനടയിലെത്തിയ ഭക്തരുടെ മന്ത്രമലരുകള്‍ കൊണ്ടുള്ള അര്‍ച്ചനയും അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി.
വൈകിട്ട് 6ന് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതസദസ്സും ദേശീയ സംഗീത നൃത്തോത്സവത്തില്‍ ഉമാ മുരളി ചെന്നൈ അവതരിപ്പിച്ച കുച്ചിപ്പുടിയും അരങ്ങേറി. എസ്.ജാനകിയുടെ മകന് മുരളീകൃഷ്ണന്റെ ഭാര്യയാണ് ഉമ.
ഇന്ന് ദേശീയ സംഗീതനൃത്തോത്സവ വേദിയില്‍ രാത്രി 7ന് മധുരൈ ടി.എന്‍.എസ്.കൃഷ്ണയുടെ സംഗീതസദസ്സ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: