കൊച്ചി: സംസ്ഥാനത്തെ നഗരപ്രദേശങ്ങളെ വികസനത്തിന്റെ ചാലകശക്തിയാക്കുന്നതിന് നഗരസമുച്ചയങ്ങളും നഗര ഇടനാഴികളും രൂപീകരിക്കണമെന്ന് സംസ്ഥാന നഗരവത്കരണ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് – മലപ്പുറം, കോട്ടയം – പത്തനംതിട്ട, കണ്ണൂര്‍, ഗുരുവായൂര്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ള നഗരസമുച്ചയങ്ങള്‍. നഗര ഇടനാഴികളായി തിരുവനന്തപുരം – കൊല്ലം, പത്തനംതിട്ട – കോട്ടയം, ആലപ്പുഴ – എറണാകുളം – തൃശൂര്‍ – പാലക്കാട്, മലപ്പുറം – കോഴിക്കോട്, കണ്ണൂര്‍ – കാസര്‍കോട് എന്നിവയും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
നഗരങ്ങള്‍ കൈവരിച്ച വികസനവും മറ്റ് പ്രദേശങ്ങളുമായുള്ള സാമീപ്യവും കണക്കിലെടുത്താണ് നഗരസമുച്ചയങ്ങള്ക്ക് രൂപം നല്‍കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളെയും കൃഷിസ്ഥലങ്ങളെയും ഇതില്‍ നിന്നും ഒഴിവാക്കും. പ്രമുഖ ദേശീയപാതകളോട് ചേര്‍ന്നുള്ള നഗരങ്ങളെ കൂട്ടിയിണക്കി വികസനം സാധ്യമാക്കുന്നതിനാണ് അഞ്ച് നഗര ഇടനാഴികള്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നഗര ഇടനാഴികള്‍ക്ക് പുറമെ 20 ഇടത്തരം നഗരങ്ങളെയും 86 ചെറുപട്ടണങ്ങളെയും അടുത്ത ഇരുപത് വര്‍ഷം മുന്നില്‍ കണ്ടു കൊണ്ടുള്ള നഗരവല്ക്കരണത്തില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നഗരകേന്ദ്രം, നഗരപ്രാന്തം, ഇടപ്രദേശം എന്നീ മൂന്ന് മേഖലകളും നഗരപ്രദേശങ്ങള്ക്കുണ്ടാകണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഉയര്‍ന്ന തോതിലുള്ള വികസനമാണ് നഗരകേന്ദ്രങ്ങളില്‍ നടപ്പാക്കേണ്ടത്. ഇടമേഖലയില് ഇതിലും കുറഞ്ഞ തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. പ്രധാനമായും വാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടതാകണം ഈ ഇടപ്രദേശം. കൂടുതല്‍ ഭൂമി ആവശ്യമുള്ള വികസനപ്രവര്‍ത്തനങ്ങളും ആധുനിക വ്യവസായങ്ങളും കേന്ദ്രീകരിക്കേണ്ടത് നഗരപ്രാന്തങ്ങളിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിലുപരിയായി അശാസ്ത്രീയമായ നഗരവ്യാപനം തടയേണ്ടത് പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണത്തിനും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പിനും ആവശ്യമാണെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്കുന്നു.
സംസ്ഥാനത്തെ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ കൂടിയ ജനസാന്ദ്രതയാണ് വികസനത്തിന് സ്ഥലം ലഭ്യമാകുന്നതില്‍ തടസം. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 47.20 ശതമാനം പേര് നഗരങ്ങളില്‍ താമസിക്കുന്നു കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ വന്‍തോതിലുള്ള നഗരവത്കരണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെങ്കിലും ആനുപാതികമായ ഭൗതിക സാമ്പത്തിക വികസനം പ്രകടമായിട്ടില്ല. സെന്‍സസ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമങ്ങളെ നഗരം എന്ന ഗണത്തിലേക്ക് കൊണ്ടുവന്നതാണ് കേരളത്തിലെ നഗരവല്‍ക്കരണത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ നഗരവ്യാപനം മലനാട്ടിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളെ ബാധിച്ചിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. അതേസമയം ഇടനാട്ടിലുള്ള ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ കാര്ഷികേതരപ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുന്നുണ്ട്. 2001-11 കാലയളവില്‍ വര്‍ധിച്ച നഗരവത്കരണം സംഭവിച്ചത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്.
റിപ്പോര്‍ട്ടിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള ശില്‍പ്പശാല ഇന്ന് കാക്കനാട് ജില്ല പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ രാവിലെ 10.30-ന് എക്സൈസ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി മുഖ്യപ്രഭാഷണം നടത്തും. ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന് വര്‍ഗീസ് ആമുഖപ്രഭാഷണം നടത്തും. മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ സി.കെ.തോമസ് മോഡറേറ്ററാകുന്ന നഗരവല്‍ക്കരണ ചര്‍ച്ചയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസന്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു.പ്രതിഭ ഹരി, തൃക്കാക്കര നഗരസഭ ചെയര്മാന് പി.ഐ. മുഹമ്മദാലി, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത്, സാമൂഹ്യക്ഷേമ ഡയറക്ടര്‍ എം.എസ്. ജയ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: