നമ്മുടെ ഭാരതപുണ്യഭൂമിയില്‍ മനഃശുദ്ധീകരണദ്വാരാ ഈശ്വരപ്രീതി സമ്പാദിപ്പാനായി അനേകം വ്രതങ്ങള്‍ പുരാതനകാലം തൊട്ടുതന്നെ പ്രചാരത്തിലുണ്ട്. അതിലൊന്നാണ് ചാതുര്‍മാസ്യവ്രതം. നാലുമാസം നീണ്ടുനില്‍ക്കുന്ന വ്രതമായതുകൊണ്ടാണ് ഇതിനെ ചാതുര്‍മാസ്യവ്രതം എന്ന് പറയുന്നത്.
ആഷാഢമാസത്തിലെ ശുക്ലദ്വാദശി മുതല്‍ കാര്‍ത്തികമാസത്തിലെ ദ്വാദശിവരെയാണ് ചാതുര്‍മാസ്യവ്രതം. ഈ നാലുമാസവും ഭഗവാന് മഹാവിഷ്ണു അനന്തശയനം ചെയ്തുകൊണ്ട് ലക്ഷ്മീസമേതനായി പ്രസന്നഭാവത്തില്‍ ഇരിക്കുന്നു. ഭഗവാന്റെ അനുഗ്രഹം നേടാന്‍ ഏറ്റവും നല്ല അവസരമാണ് ഭക്തന്മാര്ക്ക് ഈ പുണ്യവേളയില്‍ സിദ്ധിക്കുന്നത്.
ഈ സമയത്ത് ചെയ്യുന്ന കാര്യം ഏറ്റവും ഫലവത്തായിത്തീരുമെന്ന് പറയുന്നു. ദേശയാത്രകളെല്ലാം ഒഴിവാക്കി ഒരിടത്തുതന്നെ ഇരുന്നുകൊണ്ട് വ്രതം അനുഷ്ഠിക്കാനാണ് ഈ പുണ്യവേളയില്‍ സന്യാസിമാരും മഹാന്മാരും ശ്രമിക്കുന്നത്. ഒരിടത്തുതന്നെ വസിച്ചുകൊണ്ട് ഭഗവദ്കഥകള്‍ വായിച്ചും കീര്‍ത്തിച്ചും നാമം ജപിച്ചും കൊണ്ട് ഭഗവാന് മഹിമ പ്രചരിപ്പിച്ചുകൊണ്ട് കഴിച്ചുകൂട്ടകയാണ് ഉത്തമകാര്യമായി സജ്ജനങ്ങള്‍ കണക്കാക്കുന്നത്.
മറ്റേതു വ്രതത്തിനുള്ളതുപോലെ ചാതരുര്മാസ്യവ്രതത്തിലും ആഹാരത്തിന് ചില ചിട്ടകള്‍ ഉണ്ട്. ചില ഭക്ഷ്യവസ്തുക്കള്‍ തീര്‍ത്തും ഉപേക്ഷിക്കേണ്ടതായിട്ടും ചിലത് സ്വീകരിക്കേണ്ടതായും ഉണ്ട്.
ചാതുര്മാസ്യത്തിലെ ഒന്നാമത്തെ മാസമായ ശ്രാവണമാസത്തില്‍ ആഷാഢശുക്ലദ്വാദശി മുതല്‍ ശ്രാവണശുക്ലദ്വാദശിവരെയാണ് (കര്‍ക്കിടകം- ചിങ്ങം) ശാകവ്രതം. ശാക എന്നാല്‍ കിഴങ്ങുകള്‍, ഇലകള്‍,കൂമ്പുകള്‍ ,പഴങ്ങള്‍, തൊലി, പൂക്കള്‍ എന്നിവ ഇവയൊന്നും ചാതുര്മാസ്യത്തിലെ പ്രഥമമാസമായ ശ്രാവണത്തില്‍ ഉപയോഗിച്ചുകൂടാ. തുളസി, നെല്ലിക്ക, മാങ്ങ എന്നിവ ഉപയോഗിക്കാം.
ചാതുര്മാസ്യത്തിലെ രണ്ടാമത്തെ മാസത്തില്‍ ദധിവ്രതമാണ്. ശ്രാവണശുക്ലദ്വാദശി മുതല്‍ ഭാദ്രാപാദശുക്ലദ്വാദശിവരെയാണ് രണ്ടാമത്തെ മാസം(ചിങ്ങം-കന്നി). ഈ മാസത്തില്‍ തൈര് വര്‍ജ്ജിക്കേണ്ടതാണ്. എന്നാല്‍ തൈര് കടഞ്ഞതിന് ശേഷമുള്ള മോര് ഉപയോഗിക്കാവുന്നതാണ്.
മൂന്നാമത്തെ മാസമായ ആശ്വയുജമാസത്തില് ക്ഷീരവ്രതമാണ്.പാല്, പാല്‍കൊണ്ടുള്ള പലഹാരങ്ങള്‍, പാല്പായസം എന്നിവ വര്‍ജ്ജിക്കണം. എന്നാല്‍ തൈര്, മോര്, വെണ്ണ , നെയ്യ് എന്നിവ ഉപയോഗിക്കാം.
നാലാമത്തെ മാസമായ കാര്‍ത്തികത്തില്‍ (ആശ്വ യുജശുക്ലദ്വാദശി മുതല്‍ കാര്‍ത്തിക ശുക്ലദ്വാദശി വരെ) തുലാം-വൃശ്ചികം ദ്വിദളവ്രതം അനുഷ്ഠിക്കണം. പയറുവര്‍ഗങ്ങള്‍ പൊതുവെ വര്‍ജ്ജ്യമാണ്. രണ്ടായി പിളരുന്ന ഘനമുള്ള പയറുവര്ഗങ്ങളൊന്നും തന്നെ ഈ നാലാംമാസത്തില്‍ ഉപയോഗിച്ചുകൂടാ. പയറ്, ഒട്ടേറെ കുരുക്കള്‍ ഉള്ള പഴങ്ങളും പച്ചക്കറികളും വര്‍ജ്ജിക്കേണ്ട വ്രതമാണ് ദ്വിദളവ്രതം.
വ്രതം ആരംഭിക്കേണ്ടത് ആഷാഢശുക്ലദ്വാദശി ദിവസമാണ്. പഞ്ചഗവ്യം സേവിച്ച് ശുദ്ധിവരുത്തണം.
ഭഗവാന് നിവേദിക്കേണ്ടവസ്തുക്കള് ഭക്തന് ഉപയോഗിക്കാന്‍ വിധിച്ചിട്ടുള്ളത് മാത്രമാണ്.അല്ലാതെ ഭഗവാന് ഇന്നതൊക്കെ കൂടിയേ കഴിയൂഎന്നില്ല! ഭഗവാന് ശാസ്ത്രവിധി അനുസരിച്ച് നടക്കുന്ന ഭക്തരില്‍ എപ്പോഴും കൃപാലുവായിരിക്കും.
ശ്രുതിയും സ്മൃതിയും ഭഗവാന്റെ ആജ്ഞയാണ്. ശ്രുതിസ്മൃതി അനുസരിച്ച് ജീവിക്കുന്നവരോട് ഈശ്വരന് പ്രസന്നനായിരിക്കും. ഈശ്വരപ്രീതി സമ്പാദിക്കുവാന്‍ നാം ചെയ്യേണ്ടത് ഈശ്വരാജ്ഞഅനുഷ്ഠിക്കുകമാത്രമാണ്. അതുകൊണ്ട് ചാതുര്‍മാസ്യവ്രതാനുഷ്ഠാനം ആദ്യമായി ഭഗവാനെ പ്രസാദിപ്പിക്കുവാനും രണ്ടാമതായി ഭക്തന്റെ ദേഹവും മനസ്സും ശുദ്ധമാക്കാനുമാണ്.
മനസ്സും ബുദ്ധിയും ശുദ്ധമാക്കേണ്ടത് ആവശ്യമാണ്.നാം കഴിക്കുന്ന ആഹാരത്തിന്റെ സൂഷ്മാംശമാണ് മനസ്സായിത്തീരുന്നത്. മനസ്സ് എങ്ങനെയാണോ അങ്ങനെയാണ് മനുഷ്യന് എന്ന് പറയും. അതുകൊണ്ടാണ് മനശുദ്ധി വളരെ പ്രധാനം എന്ന് പറയുന്നത്. ആഹാരം സംബന്ധിച്ചിട്ടുള്ള നിയമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമായിട്ട് മനസ്സിലാക്കാന്‍ കഴിയും. ഒരു കാരണവശാലും മനശുദ്ധിക്ക് ഉതകാത്ത ആഹാരം കഴിച്ചുകൂടാ. ദേഹശുദ്ധിയേക്കാള് പ്രധാനമായിട്ടാണ് മനശുദ്ധിയെ കണക്കാക്കിയിരിക്കുന്നത്. ശരീരത്തിന് പറ്റാത്ത ചില വസ്തുക്കള്‍ പോലും മനഃശുദ്ധിക്കുവേണ്ടി നാം സ്വീകരിക്കേണ്ടതായി വരും.
എന്നാലും പൊതുവെ ചാതുര്മാസ്യകാലത്ത് വിധിച്ചിട്ടുള്ളതും നിഷേധിച്ചിട്ടുള്ളതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ദേഹത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണ്.
ചാതുര്മാസ്യവ്രതത്തിലൂടെ ഈശ്വരന് പ്രസാദിക്കുന്നതോടൊപ്പം അനുഗ്രഹം ചൊരിയുന്നു.
മനസ്സ് ശുദ്ധമാകുകയും ആദ്ധ്യാത്മിക പുരോഗതിക്ക് ഉപകാരപ്രദമാവുകയും ചെയ്യുന്നു.
ശരീരത്തിനും ആരോഗ്യം സിദ്ധിക്കുന്നു.
ഈശ്വരാനുഗ്രഹം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ചാതുര്‍മാസ്യവ്രതം അതിന്റെ വിധിനിഷേധങ്ങള്‍ ശരിയാംവണ്ണം അനുഷ്ഠിക്കേണ്ടതാണ്.
പ്രൊഫ. വൈദ്യലിംഗശര്‍മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: