കൊച്ചി: വിപണി വില വര്‍ധനവിലും പഞ്ചസാര കയറ്റുമതിക്ക് കേന്ദ്രാനുമതി. മുന്‍ വര്‍ഷത്തെക്കാള്‍ ഉല്‍പ്പാദനക്കുറവ് പ്രകടമായിട്ടും വര്‍ഷങ്ങളായി പഞ്ചസാര ഉപഭോഗത്തിലെ വര്‍ധനവും വിപണിയില്‍ വില വര്‍ധന രൂക്ഷമായ ഘട്ടത്തിലും ഉത്സവകാല വിപണി സജീവമാകുന്ന വേളയിലും പഞ്ചസാര കയറ്റുമതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി വിവാദമായിക്കഴിഞ്ഞു. പുതിയ പഞ്ചസാര ഉല്‍പ്പാദന വര്‍ഷത്തിലും (2012 ഒക്ടോബര്‍-2013 സപ്തംബര്‍) പ്രതീക്ഷിച്ച ഉല്‍പ്പാദന തോത് ഉറപ്പാക്കാന്‍ കഴിയുകയില്ലെന്ന് കേന്ദ്ര ഏജന്‍സികളും കരിമ്പ് കാര്‍ഷിക വൃത്തങ്ങളും ചൂണ്ടിക്കാട്ടുമ്പോഴും പഞ്ചസാര കയറ്റുമതി പ്രഖ്യാപനത്തിന് പിന്നില്‍ ഭരണമുന്നണിയിലെ ഘടകമായി രാഷ്ട്രീയ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണെന്ന് ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെ പഞ്ചസാര മില്ലുടമകള്‍ക്ക് വിദേശത്ത് നിന്ന് നാലരലക്ഷം ടണ്‍ അസംസ്കൃത പഞ്ചസാര ഇറക്കുമതിക്ക് അനുമതി നല്കുന്ന ശ്രമങ്ങളും പഞ്ചസാര വിപണിയില്‍ ഗുണനിലവാരമുള്ള ഇന്ത്യന്‍ പഞ്ചസാരയ്ക്ക് പകരം ഇറക്കുമതി ചെയ്ത പൊടി പഞ്ചസാര ലഭ്യതയായിരിക്കും ഫലമെന്ന് വ്യാപാരികളും പറയുന്നു.
പഞ്ചസാര ഉല്‍പ്പാദനത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയില്‍ ഉപഭോഗവും ഉയര്‍ന്ന തോതിലാണ്. 2011-12 ഉല്‍പ്പാദന വര്‍ഷത്തില്‍ (ഒക്ടോബര്‍-സപ്തംബര്‍)ഇന്ത്യയിലെ പഞ്ചസാര ഉല്‍പ്പാദനം 26 ദശലക്ഷം ടണ്ണായിരുന്നുവെന്നാണ് കണക്ക്. എന്നിട്ടും വിപണിയില്‍ വില കുറഞ്ഞില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം 150 ശതമാനം വില വര്‍ധനവ് പ്രകടമാക്കിയ പഞ്ചസാര വിപണിയില്‍ നിലവിലെ മൊത്തവില കിലോയ്ക്ക് 36-40 രൂപയും ചില്ലറ വില്‍പ്പന വില 48-52 രൂപയുമാണ്. 2005-06 വര്‍ഷം കരിമ്പ് കൃഷിയിലുണ്ടായ വിളനാശവും ആഗോള ഉല്‍പ്പാദന കുറവും സൃഷ്ടിച്ച വില വര്‍ധനവിന്റെ ആഘാതം മാറ്റിയെടുക്കേണ്ട ഭരണകര്‍ത്താക്കള്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ മറവില്‍ സ്വന്തം സംസ്ഥാനക്കാര്ക്കായും പഞ്ചസാര മില്ല്-വിപണന ലോബികള്ക്കുമായി പൊതുജനവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് വ്യാപാരികളും ഒരുവിഭാഗം പഞ്ചസാര മില്ലുടമകളും വ്യക്തമാക്കുന്നു. 2012-13 ഉല്‍പ്പാദന വര്‍ഷത്തില്‍ 23 ദശലക്ഷം ടണ്‍ പഞ്ചസാരയാണ് ഉല്‍പ്പാദന പ്രതീക്ഷ. 2011-12 വര്‍ഷത്തെക്കാള്‍ മൂന്ന് ദശലക്ഷം (30 ലക്ഷം) ടണ്ണിന്റെ കുറവ്. പ്രതിവര്‍ഷം ഇന്ത്യയിലെ പഞ്ചസാര ഉപഭോഗമാകട്ടെ 23 ദശലക്ഷം ടണ്ണുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം നാല് ദശലക്ഷം ടണ്ണിന്റെ ഉപഭോഗ വര്‍ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉല്‍പ്പാദന കുറവും ഉപഭോഗവര്‍ധനവും ഇന്ധന വില വര്‍ധനവിന്റെ വിപണി പ്രതിഫലനങ്ങളും പൊതുജനങ്ങളില്‍ ആശങ്കയുണര്ത്തുമ്പോഴാണ് പഞ്ചസാര കയറ്റുമതിക്ക് കേന്ദ്രം അനുമതി നല്‍കിയതെന്നത് വ്യാപാരി മേഖലയിലും ആശങ്കയുളവാക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ പഞ്ചസാര മില്ല് ഉടമകള്‍ക്ക് “ഓപ്പണ്‍ ജനറല്‍ ലൈസന്‍സ്” പ്രകാരം പഞ്ചസാര കയറ്റുമതി ചെയ്യാം.
പഞ്ചസാരയുടെ സര്‍ക്കാര്‍ ലെവി സമ്പ്രദായം നീക്കണമെന്ന ആവശ്യം ഉയര്ന്നവേളയിലാണ് കയറ്റുമതി അനുമതിയെന്നതും വിപണിയ്ക്ക് വന്‍ തിരിച്ചടിയായി മാറുമെന്നും കണക്ക് കൂട്ടുന്നു. ഇതിനിടെ ബ്രസീലില്‍ നിന്ന് നാലരലക്ഷം ടണ്‍ അസംസ്കൃത പഞ്ചസാര ഇറക്കുമതിക്ക് പഞ്ചസാര മില്ലുടമകള്‍ക്ക് അനുമതി നല്‍കാനും നീക്കം നടന്നുവരുന്നതായും പറയുന്നു. ടണ്ണിന് 500 ഡോളര്‍ നിരക്കിലാണ് ഇറക്കുമതിയെങ്കിലും സംസ്ക്കരണ ചെലവുകള്‍ കണക്കാക്കിയാല്‍ ഇറക്കുമതി പഞ്ചസാര വില ടണ്ണിന് 700 ഡോളറിലും ഏറെയായിരിക്കുമെന്നും വിലയിരുത്തുന്നു. ഇന്ത്യന്‍ പഞ്ചസാരയ്ക്ക് നിലവിലെ വിപണി വില 655 ഡോളറാണെന്നിരിക്കെ ഇറക്കുമതി പഞ്ചസാരയുടെ വിപണി പ്രവേശനം വീണ്ടും വില വര്‍ധന ഉറപ്പാക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.കേന്ദ്രസര്‍ക്കാരിന്റെ പഞ്ചസാര കയറ്റുമതി അനുമതി ഇന്ത്യയിലെ ഉത്സകാല വിപണിയില്‍ വന്‍ ആഘാതമാണുണ്ടാക്കുക. ദസറ, ദീപാവലി, ക്രിസ്തുമസ്സ്, പുതുവത്സരാഘോഷ വേളയില്‍ “മധുരക്കനി”യുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കേട്ടാല്‍ ഞെട്ടുന്ന സ്ഥിതിയാണുണ്ടാകുകയെന്ന് വാണിജ്യ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: