പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ പുതിയ പ്ലൈവുഡ് കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് പഞ്ചായത്ത് പ്ലൈവുഡ് കമ്പനികള്‍ക്ക് അനുമതി നല്കുന്നു. വെങ്ങോല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനികളില്‍നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍മൂലം പരിസരവാസികള്‍ക്ക് ക്യാന്‍സര്‍, ആസ്മ പോലുള്ള രോഗങ്ങള്‍ക്ക് ഇടവരുന്നുവെന്നും ഇതിന് കാരണമാകുന്ന കമ്പനികള്‍ നിര്‍ത്തലാക്കണമെന്നും കാണിച്ച് കുറ്റിപ്പാടം സ്വദേശി ടി.കെ.കുര്യന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പുതിയ കമ്പനികള്‍ അനുവദിക്കുകയോ നിലവിലുള്ളവ വിപുലീകരിക്കുകയോ ചെയ്യരുതെന്നാണ് ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്, ചന്ദ്രശേഖരമൗലികര് പ്രസാദ് എന്നിവര്‍ താല്‍ക്കാലിക ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഈ ഉത്തരവ് വച്ച് മലിനീകരണം വിലയിരുത്തുവാനും കമ്പനികളില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും രാസപദാര്ത്ഥങ്ങളുടെയും ഘടന പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ്, ജില്ലാ ആരോഗ്യവകുപ്പ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയതായും അറിയുന്നു. പഞ്ചായത്തിനോടും ഇതര വകുപ്പുകളോടും ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഏപ്രില്‍ 23ന് പുറപ്പെടുവിച്ച വിധിയില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ പകര്‍പ്പ് പ്രതിയായ പഞ്ചായത്തിനും ലഭിച്ചിരുന്നതായും ഇത് മറച്ചുവെച്ചുകൊണ്ട് പ്ലൈവുഡ് കമ്പനികള്ക്കനുകൂലമായാണ് ഇതുവരെ പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കേന്ദ്രസമിതി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി പറഞ്ഞു.
വെങ്ങോലയില്‍ വന്‍ ആരോഗ്യപ്രശ്നത്തിന് സാധ്യതയുണ്ടെന്നും പരിസ്ഥിതി സംരക്ഷണസമിതി പറയുന്നു. കുറ്റിപ്പാടം, പാത്തിപ്പാലം, കണ്ടന്തറ, അല്ലപ്ര, പുനൂര്‍, വാരിക്കാട്, മോട്ടി കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ ഇരുനൂറിലധികം പ്ലൈവുഡ് കമ്പനികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ജില്ലയില്‍ ഏറ്റവും മോശപ്പെട്ട കുടിവെള്ളം ഉപയോഗിക്കുന്ന പഞ്ചായത്താണ് വെങ്ങോലയെന്ന് പ്രദേശവാസികള്‍ പറയുന്നു. കുറ്റിപ്പാടം, പാത്തിപ്പാലം, പുനൂര്‍, അല്ലപ്ര തുടങ്ങിയ പ്രദേശങ്ങളിലെ കമ്പനികളില്‍നിന്നുള്ള ഖര-ദ്രവ്യ മാലിന്യങ്ങളും തൊഴിലാളി ക്യാമ്പുകളിലെ വിസര്‍ജ്യങ്ങളും സമീപത്തുള്ള ജലസ്രോതസുകളെ വിഷമയമാക്കിയിരിക്കുകയാണ്.
എന്നാല്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെത്തന്നെ ചുണ്ടുമലപ്പുറത്ത് പഞ്ചായത്തിന്റെ മൗനാനുമതിയോടെ പുതിയ കമ്പനി പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
ഇതിനെതിരെ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് യാതൊരു നടപടിയും എടുത്തില്ലെന്നും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനെതിരെ 31 മുതല്‍ കളക്ട്രേറ്റ് പടിക്കല്‍ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന സത്യഗ്രഹസമരം നടത്തുമെന്ന് അഡ്വ. ബേസില്‍ കുര്യാക്കോസ്, കേന്ദ്രസമിതി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി, ടി.എ.വര്‍ഗീസ് തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: