മൂവാറ്റുപുഴ: അന്തര്‍സംസ്ഥാന മോഷ്ടാവായ ഇടുക്കി പൂപ്പാറ കുളപ്പുറച്ചാലില് കീഴേടത്ത് വീട്ടില്‍ ബീരാന്(42), മൂവാറ്റുപുഴ വാഴപ്പിള്ളി കാരിക്കുഴി പുത്തന്‍പുര ബഷീര്‍(56) എന്നിവരെ മൂവാറ്റുപുഴയിലെ വ്യാപാരി മൊയ്തീന്‍കുട്ടിയുടെ 30ലക്ഷം രൂപ കോയമ്പത്തൂരില്‍ വച്ച് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബീരാന്റെ വാഹനത്തില്‍ നിന്നും മൂവാറ്റുപുഴ എസ് ഐ ഷിജുവും സംഘവും ബീരാന്റെ പക്കല്‍ നിന്നും എട്ട് ലക്ഷം രൂപയും കണ്ടെടുത്തു.
പ്രതിയും കൂട്ടാളികളും കഴിഞ്ഞമാസം 25ന് കോയമ്പത്തൂരിലുള്ള ഉക്കടം ബസ്സ്റ്റാന്‍ഡിന് സമീപത്തു വച്ച് മൂവാറ്റുപുഴയിലെ വ്യാപാരിയുടെ പക്കല്‍ നിന്നും 30ലക്ഷം രൂപ പിടിച്ചുപറിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. കവര്‍ച്ച നടത്തുന്നതിന് ബീരാനെ സഹായിച്ചത് അടിമാലി സ്വദേശി ജോബിയും ഉദുമല്‍പ്പേട്ടയില്‍ താമസിക്കുന്ന ശിവയും മറ്റ് രണ്ട് തമിഴ് സ്വദേശികളുമാണെന്ന് പൊലീസ് പറഞ്ഞു.
ബീരാന്റെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും കടം വാങ്ങിയ യൂണിഫോം ധരിച്ച് വാഹന പരിശോധന എന്ന പേരിലാണ് വ്യാപാരിയുടെ സ്വിഫ്റ്റ് കാര്‍ തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് വ്യാപാരിയെ കൈയ്യും കണ്ണും കെട്ടി സെയിലോ കാറില്‍ കയറ്റിയതിന് ശേഷം ഇയളുടെ കാറില്‍ സൂക്ഷിച്ചിരുന്ന 30ലക്ഷം രൂപ കവര്‍ച്ച ചെയ്യുകയും കാറിന്റെ ടയറുകളുടെ കാറ്റഴിച്ച വിട്ട ശേഷം അല്പദൂരം വ്യാപാരിയുമായി സഞ്ചരിച്ച ഇയാളെ പുറത്തേക്ക് തള്ളിയിട്ട് പണവുമായി കടന്നുകളയുകയുമായിരുന്നു.
മൂവാറ്റുപുഴ മൊയ്തീന് ഇക്കാര്യം ഉക്കടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: