കൊച്ചി: കൊച്ചിയിലെ ജനങ്ങളുടെ കുടിവെളളം മുട്ടിക്കുന്നതരത്തില് പിറവത്തെ സമരം മാറരുതെന്ന് എക്സൈസ് മന്ത്രി കെ.ബാബു. മൂവാറ്റുപുഴയാറില്‍ നിന്ന് 100 എംഎല്‍ഡി വെളളം പശ്ചിമകൊച്ചിയിലെത്തിക്കാനുളള ജനറം പദ്ധതിക്കെതിരെ പിറവത്ത് നടക്കുന്ന സമരം ഒഴിവാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹഡ്കോ കുടിവെളള പദ്ധതിയുടെ കതൃക്കടവ് ഭാഗത്തെ റയില്‍വെ ലൈനിന് അടിയിലൂടെ ചെമ്മാത്ത് റോഡുവരെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലേക്കുളള ജനറം പദ്ധതിയിലെ എല്ലാ തടസവും ഇതിനകം മുഖ്യമന്ത്രിയിടപെട്ട് നീക്കിയതായി അദ്ദേഹം അറിയിച്ചു. ഭൂമിയേറ്റെടുക്കാന്‍ 11 കോടി രൂപ സംസ്ഥാനം നല്‍കിയിട്ടുണ്ട്. ഈ മാസത്തോടെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാകും. പദ്ധതിയിലെ കീറാമുട്ടിയായിരുന്ന പിറവം ഭാഗത്തെ റോഡ് പൊളിക്കലിനും പരിഹാരമായിട്ടുണ്ട്. നേരത്തെ ഒമ്പതു കിലോമീറ്റര്‍ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടാനാണ് തീരുമാനിച്ചിരുന്നത്. ഇത് പ്രധാന റോഡില്‍ 4.5 കിലോ മീറ്ററായി ചുരുക്കി. ബാക്കി 4.5 കി.മീറ്റര്‍ ഇടറോഡുകളിലൂടെയാവും പൈപ്പ്ലൈന് സ്ഥാപിക്കുക. ഇതോടൊപ്പം വെട്ടിപ്പൊളിക്കുന്ന ഭാഗത്തെ മുഴുവന്‍ റോഡും ബിഎംബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കാനും ധാരണയായതായി അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്കായി മരടില്‍ ശുദ്ധജല സംഭരണി നിര്‍മിച്ചു കഴിഞ്ഞു. 100 എംഎല്‍ഡി ജലം പശ്ചിമ കൊച്ചിയിലേക്കു നല്കുമ്പോള് കൊച്ചി നഗരത്തില്‍ 20 എംഎല്‍ഡി വെളളം അധികമായി ലഭിക്കും. ഇപ്പോള്‍ തമ്മനം, എളങ്കുളം പമ്പ് ഹൗസുകളില്‍ നിന്നായി നല്കുന്ന 20 എംഎല്‍ഡി വെളളമാണ് കൊച്ചി നഗരത്തില്‍ കൂടുതലായി കിട്ടുക, മന്ത്രി പറഞ്ഞു.
യോഗത്തില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, ഡപ്യൂട്ടി മേയര്‍ ബി.ഭഭ്ര, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.ജെ.വിനോദ്, സൗമിനി ജയിന്, രത്നമ്മ രാജു, എസ്സി ജോസഫ്, കൗണ്‍സിലര്‍മാരായ കെ.ജെ.ജെക്കബ്, സോജന് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: