ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രണ്ടാമത്തെ സംവാദത്തില്‍ ഒബാമ വിജയിച്ചതായി അഭിപ്രായ സര്‍വെ. തെരഞ്ഞെടുപ്പിന് മുമ്പ് ഇരുവരേയും സംബന്ധിച്ചുള്ള നിര്‍ണായകമായ സംവാദമാണ് ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്നത്. 46 ശതമാനം പേര് ഒബാമയെ പിന്തുണച്ചപ്പോള്‍ റോമ്മ്നിയെ പിന്തുണച്ചത് 39 ശതമാനം പേര് മാത്രമായിരുന്നു. റോമ്മ്നിയുടെ സാമ്പത്തിക നയങ്ങളെ ഒബാമ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. മധ്യവര്‍ഗത്തിലെ സമ്പന്നരെ സഹായിക്കുന്നതാണ് റോമ്മ്നിയുടെ സാമ്പത്തിക നയങ്ങളെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ മധ്യവര്‍ഗത്തെ കഴിഞ്ഞ നാല് വര്‍ഷമായി ഒബാമ ചവിട്ടിയരച്ചുവെന്നാണ് റോമ്മ്നിയുടെ മറുപടി.
രണ്ടാഴ്ച മുന്‍പ് നടന്ന ആദ്യ സംവാദത്തില്‍ പിന്നിലായിപ്പോയ ഒബാമ ഇത്തവണ റോംനി കൊണ്ടുവരാനിരിക്കുന്ന സാമ്പത്തിക പുരോഗതിയെ പാടെ വിമര്‍ശിച്ചാണ് ശ്രദ്ധേയനായത്. റോമ്മ്നിയുടേത് ഏകപക്ഷീയമായ പദ്ധതികളാണെന്നും ഇടത്തരക്കാര്‍ക്ക് ചെലവ് കൂടുന്നതുമായ പദ്ധതിയെന്നുമാണ് ഒബാമ വിമര്‍ശിച്ചത്.
ലിബിയയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തില്‍ നാല് യുഎസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം താന്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതായി ഒബാമ വ്യക്തമാക്കി. ബന്‍ഗാസിയില്‍ സപ്തംബര്‍ 11 ന് നടന്ന ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവം തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യ വിഷയമാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇക്കാര്യം സംവാദത്തില്‍ ഉയര്‍ത്തി ഒബാമയുടെ നേതൃത്വം പരാജയപ്പെട്ടെന്ന് റോമ്മ്നി നേരത്തെ ആരോപിച്ചിരുന്നു.
രാജ്യത്ത് 1.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് താന്‍ പഞ്ചകര്‍മ്മ പദ്ധതി തയ്യാറാക്കിയതായി റോമ്മ്നി പറഞ്ഞു. എന്നാല്‍ തന്റെ പക്കല്‍ അഞ്ചിന പദ്ധതിയില്ലെന്നും എല്ലാവര്ക്കും തൊഴില്‍ നല്‍കുകയെന്ന ഒരു പദ്ധതി മാത്രമാണുള്ളതെന്ന് ഒബാമ തിരിച്ചടിച്ചു. മികച്ച ശമ്പളവും കൂടുതല്‍ തൊഴിലും അമേരിക്കന്‍ ജനതയ്ക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ വരുത്തുക ലക്ഷ്യമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ഊര്‍ജ്ജ മേഖലയിലെ പ്രശ്നങ്ങളും സംവാദത്തില്‍ ചര്‍ച്ചാ വിഷയമായി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എണ്ണ ഉല്‍പ്പാദനത്തില്‍ കൈവരിച്ച റെക്കോര്‍ഡ് നേട്ടം റോമ്മ്നി സൗകര്യപൂര്‍വം മറന്നുകളഞ്ഞെന്ന് ഒബാമ കുറ്റപ്പെടുത്തി. എന്നാല്‍ ഇന്ധനവില നാലു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചുവെന്നും റോമ്മ്നി ചൂണ്ടിക്കാട്ടി. ആരോഗ്യസുരക്ഷാ പദ്ധതി, സാമൂഹ്യ സുരക്ഷ എന്നീ വിഷയങ്ങളില്‍ വാക്കു പാലിക്കാന്‍ ഒബാമയ്ക്കായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടത്തരക്കാര്‍ക്കും യുവജനങ്ങള്‍ക്കും ഒബാമയുടെ ഭരണം തിരിച്ചടികളുടെ കാലമായിരുന്നു. ഒബാമയുടേത് പൊളിഞ്ഞ വാഗ്ദാനങ്ങളായിരുന്നുവെന്നും റോമ്മ്നി വിമര്‍ശിച്ചു. ന്യൂയോര്‍ക്കിലെ ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റിയില്‍ 90 മിനിറ്റ് നീണ്ടുനിന്ന സംവാദത്തില്‍ കാണികളും ചോദ്യങ്ങള്‍ ഉന്നയിച്ചു.
ആദ്യ സംവാദത്തില്‍ പ്രസിഡന്റ് ബരാക് ഒബാമയെ റോമ്മ്നി കടന്നാക്രമിക്കുകയാണ് ചെയ്തത്. മികച്ച പ്രകടനം കാഴ്ചവെച്ച റോമ്മ്നി അഭിപ്രായവോട്ടെടുപ്പില്‍ ഒബാമയേക്കാള്‍ മുന്നിലെത്തിയിരുന്നു. നിര്‍ണായകമായ രണ്ടാം സംവാദത്തില്‍ പങ്കെടുക്കാന്‍ ഒബാമ വലിയ മുന്‍കരുതലുകളാണ് എടുത്തത്. ആദ്യ സംവാദത്തിലെ പരാജയം കണക്കിലെടുക്കാതെ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം നേരിടുന്നത്. നവംബര്‍ ആറിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇതിന് മുന്‍പ് മൂന്നാമത്തേയും അവസാനത്തേയും സംവാദം നടക്കും. ഈ മാസം 22 നാണ് ഒബാമയുടെയും റോമ്മ്നിയുടേയും നേര്‍ക്കുനേര്‍ക്കുള്ള പോരാട്ടം. പിന്നീട് തീപാറുന്ന പോരാട്ടത്തിന് ലോകം സാക്ഷ്യം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: