ന്യൂദല്‍ഹി: വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാളിന് കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ ഭീഷണി. കേജ്രിവാള് ഫറൂഖാബാദിലെത്തിയാല് തിരിച്ചുപോകില്ലെന്ന് ഖുര്‍ഷിദ് ഭീഷണിപ്പെടുത്തി. താന്‍ ഇത്രയും കാലം നിയമമന്ത്രിയായിരുന്നു. ഇപ്പോള്‍ പേനയിലെ മഷി മാറ്റി പകരം രക്തം ഉപയോഗിക്കേണ്ട സമയമായിരിക്കുന്നുവെന്ന് ഖുര്‍ഷിദ് പറഞ്ഞു. ഫറൂഖാബാദില്‍ കേജ്രിവാള് വന്നാല്‍ പിന്നീട് മടങ്ങിപ്പോകില്ലെന്നും ഖുര്‍ഷിദ് മുന്നറിയിപ്പ് നല്കി. ഖുര്‍ഷിദും ഭാര്യ ലൂയിസ് ഖുര്‍ഷിദും ചേര്‍ന്ന് നടത്തുന്ന സക്കീര്‍ ഹുസൈന് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കേജ്രിവാളും സംഘവും ദല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധസമരം നടത്തിയിരുന്നു. ഖുര്‍ഷിദിന്റെ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങളും കേജ്രിവാള് പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കേജ്രിവാള് ആവശ്യപ്പെട്ടിരുന്നു.
നിങ്ങള്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുകയാണ് ചെയ്തത്. ഖുര്‍ഷിദ് പറഞ്ഞത് നിങ്ങള്‍ കേട്ടു. ആ ചോദ്യം നിങ്ങള്‍ മറന്നേക്കൂ എന്നായിരുന്നു കേജ്രിവാളിന്റെ മറുപടി. ഫറൂഖാബാദിലെ ഗ്രാമങ്ങളില്‍ ഖുര്ഷിദിനെതിരായി പ്രതിഷേധം നടത്തുമെന്ന് അഴിമതിക്കെതിരെ ഇന്ത്യ സംഘാംഗം കുമാര്‍ വിശ്വാസ് പറഞ്ഞു.
ഭീഷണി വകവെക്കുന്നില്ലെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സംഘം ആവശ്യപ്പെട്ടു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും തങ്ങള്‍ ഫറൂഖബാദില്‍ പോകും. ഖുര്‍ഷിദ് ആഗ്രഹിക്കുന്നതുപോലെ തങ്ങള്‍ക്കെതിരെ ചെയ്യാവുന്നത് ചെയ്തോളൂവെന്നും സംഘം പ്രതികരിച്ചു. ഖുര്‍ഷിദിന്റെ ഓക്സ്ഫോര്‍ഡ് വിദ്യാഭ്യാസത്തെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് കുമാര്‍ വിശ്വാസ് പറഞ്ഞു.
ഈ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇടപെടില്ലെന്നും അതുകൊണ്ട് തന്നെ രാഷ്ട്രപതി പ്രശ്നത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിശ്വാസ് ആവശ്യപ്പെട്ടു. കേജ്രിവാളിന്റെ അടുത്ത അനുയായിയാണ് വിശ്വാസ്. ഭീഷണിപ്പെടുത്തിയെന്ന് കരുതി ഖുര്‍ഷിദിനെതിരെയുള്ള പോരാട്ടം അവസാനിക്കുന്നില്ല. വിഷയത്തില്‍ ഖുര്‍ഷിദ് മാപ്പുപറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും വിശ്വാസ് ആവശ്യപ്പെട്ടു.
കേജ്രിവാളിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിജെപിയും രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസം നേടിയ ഒരു മന്ത്രിയെന്ന നിലയില്‍ ഖുര്‍ഷിദ് ഉപയോഗിച്ച വാക്കുകള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മഹേഷ് ജെത്മലാനി പറഞ്ഞു. ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ് നേതൃത്വം നല്കുന്ന സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ മറവില്‍ 71 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം. ഒരു സ്വകാര്യ ഹിന്ദി ചാനലാണ് ഇതുസംബന്ധിച്ച് തെളിവുകള്‍ പുറത്തുവിട്ടത്.
അതേസമയം, കേജ്രിവാളിനെതിരായ തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദ്. തനിക്കെതിരെ കേജ്രിവാള് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പോരാടുമെന്നാണ് താന്‍ പറഞ്ഞത്. ഇത് മാധ്യമങ്ങള്‍ തെറ്റായെടുക്കുകയായിരുന്നു. കേജ്രിവാളിന്റെ ആരോപണങ്ങള്‍ക്ക് തന്റെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നുമാണ് താന്‍ പറഞ്ഞത്. ഇത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഖുര്‍ഷിദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: