മരട്: രാത്രി 8 മണിയോടെ പതിവായി നാട്ടിലാകെ പരക്കുന്ന ദുര്‍ഗന്ധത്തിന്റെ രൂക്ഷത വര്‍ധിക്കുന്നു. നെട്ടൂര്‍, ചമ്പക്കര, തൈക്കൂടം, വൈറ്റില തുടങ്ങി നഗര പ്രാന്തത്തിലെ വിവിധ പ്രദേശങ്ങളിലാണ് അസഹ്യമായ ദുര്‍ഗന്ധം കാരണം ജനങ്ങള്‍ പൊറുതിമുട്ടുന്നത്. വിവിധ റെസിഡന്‍സ് അസോസിയേഷനുകളും, സാമൂഹ്യ സംഘടനകളും ഇതേക്കുറിച്ച് അന്വേഷണം നടത്തി രൂക്ഷഗന്ധത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ബന്ധപ്പെട്ടവരോട് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഏകദേശം ഒരു മാസത്തിനുമുമ്പാണ് സന്ധ്യമയങ്ങിയാല്‍ അന്തരീക്ഷത്തില്‍ അസഹനീയമായ ദുര്‍ഗന്ധം വ്യാപിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നത്. അധികം വൈകാതെതന്നെ ഇക്കാര്യം ബന്ധപ്പെട്ട നഗരസഭാ, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നിവരെയെല്ലാം ധരിപ്പിച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ ആരും ഇതിനെ ഗൗരവമായി എടുത്തില്ല. എന്നാല്‍ ദുര്‍ഗന്ധം പരക്കുന്നത് മാധ്യമവാര്ത്തകളാവുകയും, പൊതുജനങ്ങ ള്‍ പലേടത്തും പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തുടങ്ങുകയും ചെയ്തത് സംഗതിയുടെ ഗൗരവം വര്‍ധിപ്പിച്ചു. ഈ അവസരത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ അസഹ്യമായ ദുര്‍ഗന്ധത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിക്കുവാന്‍ തിരുമാനിച്ചത്.
ഇതിനിടെ കുറച്ചു ദിവസം ഇല്ലാതിരുന്ന അസഹ്യമായ ദുര്‍ഗന്ധം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മിക്കപ്രദേശങ്ങളിലും പൂര്‍വ്വാധികം രൂക്ഷതയോടെ വീണ്ടും അനുഭവപ്പെട്ടുതുടങ്ങിയത് ജനങ്ങളുടെ ആശങ്കവര്‍ധിപ്പിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ കാറ്റിലാണ് ദുര്‍ഗന്ധം പരക്കുന്നതെന്നാണ് പലരും പറഞ്ഞിരുന്നതെങ്കിലും കാറ്റില്ലാത്ത സമയങ്ങളിലും ഇത് വ്യാപകമാണെന്നാണ് നെട്ടൂര്‍, മരട്, ചമ്പക്കര, വൈറ്റില ഭാഗത്തു താമസിക്കുന്നവര്‍ പറയുന്നത്.
രാത്രി 12 നു ശേഷം വെളുപ്പിന് 5 നുമിടയില്‍ ദുര്ഗന്ധത്തിന്റെതോത് വളരെകൂടുതലാണ്. ബൈപ്പാസ് വഴി വാഹനങ്ങള്‍ ഓടിച്ചുപോകുന്നവര്‍ ദുര്‍ഗന്ധത്തിന്റെ രൂക്ഷതയില്‍ മനംപുരട്ടുകയും, ചിലര്‍ ഛര്‍ദ്ദിക്കുകയും വരെ ചെയ്യുന്നുണ്ടെന്നാണ് നിരത്തുകളില്‍ പട്രോളിംഗിലുണ്ടാകാറുള്ള പോലീസും മറ്റും പറയുന്നത്. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നാകാം ദുര്‍ഗന്ധം അന്തരിക്ഷത്തില്‍ വ്യാപിക്കുന്നതെന്ന് സംശയിക്കുമ്പോള്‍തന്നെ, ഇടയാര്‍ വ്യവസായിക മേഖലയില്‍ നിന്നാണ് ഇത് പരക്കുന്നതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ പശ്ചിമകൊച്ചി ഭാഗത്തുനിന്നും പടിഞ്ഞാറന്‍ കാറ്റിലാണ് ദുര്‍ഗന്ധം പടരുന്നതെന്നാണ് മറ്റു ചിലര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ ഒരു മാസം കഴിഞ്ഞിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം സന്ധ്യകഴിഞ്ഞ് ഏഴരമണിമുതല് മരട്, ചമ്പക്കര പ്രദേശങ്ങളില്‍ ദുര്‍ഗന്ധം കൂടുതല്‍ വര്‍ധിച്ചതോതില്‍ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. അഴുകിയ മാലിന്യത്തിന്റെ മണമാണ് ചിലപ്പോള്‍ അനുഭവപ്പെടുന്നതെങ്കില്‍, രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന ഏതോ വാതകത്തിന്റെ ഗന്ധമാണ് മറ്റു ചിലപ്പോള്‍ അനുഭവപ്പെടുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: