കൊച്ചി: മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വ്യാപാര, വാണിജ്യ സമൂഹം ഉയര്‍ത്തിയ ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി. മെട്രോ അലൈന്‍മെന്റിലെ കൊടുംവളവുകള്‍ സംബന്ധിച്ച് റെയില്‍ സുരക്ഷാ ബോര്‍ഡ് ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ തങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് ചേംബര്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ് പറഞ്ഞു.
കൊച്ചിയുടെ വികസനത്തിന് യോജിച്ച ഗതാഗതപദ്ധതികള്‍ നടപ്പാക്കണമെന്നതില്‍ രണ്ടു പക്ഷമില്ല. എന്നാല്‍ അത് ഭൂപ്രദേശത്തിന്റെ സവിശേഷത കണക്കിലെടുത്തും നിലവിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാത്ത രീതിയിലുമായിരിക്കണം. ഏതെങ്കിലും ഒരു നഗരത്തില്‍ വിജയിച്ചു എന്നതു കൊണ്ടു മാത്രം അതേ രീതിയില്‍ ഇവിടെയും നടപ്പാക്കണം എന്ന് ശഠിക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ വൈകിയ വേളയിലെങ്കിലും മെട്രോ റെയിലുമായി ബന്ധപ്പെട്ട് വ്യാപാര, വാണിജ്യ മേഖല ഉയര്‍ത്തിയ ആശങ്കകള്‍ ദൂരീകരിക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് മര്‍സൂഖ് ആവശ്യപ്പെട്ടു.
120 ഡിഗ്രിയില്‍ താഴെയുള്ള അഞ്ച് കൊടുംവളവുകളാണ് ഇപ്പോഴത്തെ മെട്രോ അലൈന്‍മെന്റിലുള്ളത്. ഇതില്‍ ചിലത് 90 ഡിഗ്രിയോളം വരുന്നതുമാണ്. മെട്രോ ട്രെയിനിന്റെ വേഗം കുറയുമെന്ന് മാത്രമല്ല വന്‍ ദുരന്തങ്ങള്‍ക്കും ഇത് വഴി തെളിച്ചേക്കാം. വികാരപരമായി ഈ വിഷയത്തെ സമീപിക്കാതെ ഭാവിതലമുറയെ കൂടി മനസില്‍ കണ്ട് യുക്തിസഹമായ പഠനത്തിനും തീരുമാനങ്ങള്‍ക്കും സര്‍ക്കാര്‍ തയാറാകണം. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മെട്രോയ്ക്കാവശ്യമായ വൈദ്യുതി എങ്ങനെ കണ്ടെത്തുമെന്നതിനും വിശദീകരണം ആവശ്യമാണെന്ന് മര്‍സൂഖ് പറഞ്ഞു.
കൊച്ചിയുടെ ഗതാഗതപ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനുള്ള മറ്റ് പദ്ധതികളില്‍ അടിയന്തര തീരുമാനമെടുക്കാന്‍ വിവിധ ഏജന്‍സികള്‍ തയാറാകണം. സബര്‍ബന്‍ റെയില്‍, സമാന്തര റോഡ് ശൃംഖല, റിങ് റോഡ്, ഫ്ലൈ ഓവറുകള്‍, ഉള്‍നാടന്‍ ജലപാത വികസനം തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചേംബര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതാണെന്നും മര്‍സൂഖ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: