കൊച്ചി: മെട്രോ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാതല പര്‍ച്ചേസ് കമ്മറ്റി നിശ്ചയിച്ച നിരക്കിന് സംസ്ഥാന എംപവേഡ് കമ്മറ്റിയുടെ അംഗീകാരം. പ്രധാന നിരത്തുകളായ ബാനര്‍ജി റോഡ്, എം.ജി റോഡ്, സൗത്ത് റെയില്‍വെ സ്റ്റേഷന് റോഡ് എന്നിവ വീതി കൂട്ടുന്നതിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് സെന്റിന് 52 ലക്ഷം രൂപ നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു.
സ്ഥലമുടമകളുമായി ജില്ലാ കളക്ടര്‍ നിരവധി തവണ ചര്‍ച്ച നടത്തി എത്തിച്ചേര്‍ന്ന തുകയ്ക്ക് എംപവേഡ് കമ്മറ്റി അംഗീകാരം നല്‍കുകയായിരുന്നു. നിരക്കിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ വിലയുടെ 80 ശതമാനം നല്കി സ്ഥലം ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിയും. സെന്റിന് 52 ലക്ഷം രൂപ നിരക്കില്‍ സ്ഥലം വിട്ടുകൊടുക്കാന്‍ മുഴുവന്‍ ഉടമകളും സമ്മതം അറിയിച്ചിരുന്നു.
കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം ഫുട് ഓവര്‍ ബ്രിഡ്ജിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് സെന്റിന് 28 ലക്ഷം രൂപ വീതം നല്‍കാനുള്ള ജില്ലാതല പര്‍ച്ചേസ് കമ്മറ്റിയുടെ ശുപാര്‍ശയും എംപവേഡ് കമ്മറ്റി അംഗീകരിച്ചു. പുന്നുരുന്നി റെയില്‍വെ മേല്‍പ്പാലത്തിനും അപ്രോച്ച് റോഡിനുമായി ഏറ്റെടുക്കുന്ന സ്ഥലത്തിന് സെന്റിന് 18.50 ലക്ഷം രൂപ നല്‍കാനുള്ള ശുപാര്‍ശയ്ക്കും അംഗീകാരം ലഭിച്ചതായി തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ് പിള്ള അറിയിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മറ്റ് നാല് പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗവും അംഗീകാരം നല്കി. തമ്മനം – പുല്ലേപ്പടി റോഡ് വീതി കൂട്ടല്‍, കോരങ്കടവ് പാലം, സീ പോര്‍ട്ട് – എയര്‍ പോര്‍ട്ട് റോഡില്‍ പെരിയാറിന് കുറുകെയുള്ള പാലങ്ങള്‍, മറ്റത്താംകടവ് പാലം എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
തമ്മനം – പുല്ലേപ്പടി റോഡ് വികസനത്തിനായി മൊത്തം ഏറ്റെടുക്കേണ്ട 20 ഏക്കറില്‍ 8.51 ഏക്കര്‍ ഏറ്റെടുക്കുന്നതിനാണ് അനുമതി. എറണാകുളം, എളംകുളം വില്ലേജുകളിലായാണ് ഈ സ്ഥലം. ഐക്കരനാട്, രാമമംഗലം വില്ലേജുകളെ ബന്ധിപ്പിക്കുന്ന കോരങ്കടവ് പാലത്തിനായി 86 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ പെരിയാറിന് കുറുകെയുള്ള പാലങ്ങള്‍ക്കായി ചെങ്ങമനാട്, ചൊവ്വര, ആലുവ വില്ലേജുകളിലായി 2.6505 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കും. ആമ്പല്ലൂരിനെയും ഉദയംപേരൂരിനെയും ബന്ധിപ്പിക്കുന്ന മറ്റത്താംകടവ് പാലത്തിനായി മണകുന്നം, ആമ്പല്ലൂര്‍ വില്ലേജുകളില്‍ 51 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനും സമിതി അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: