മട്ടാഞ്ചേരി: അലറിമറിയുന്ന കടലില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കുന്ന ലൈഫ്ഗാര്‍ഡുകള്‍ സ്വയരക്ഷയ്ക്ക് അലയുന്നു. മഴയും വെയിലും അവഗണിച്ച് പകലന്തിയോളം കടപ്പുറത്ത് രക്ഷകരായി കാവലിരിക്കുന്ന ഇവരുടെ പരാധീനതകള്‍ക്കു മുന്നില്‍ കണ്ണുതുറക്കാതെ അധികാരികള്‍ മുങ്ങുകയാണ്. തീരദേശത്തെ ഫോര്‍ട്ടുകൊച്ചി, മുനമ്പം, ചെറായി ബീച്ചുകളിലും ജെട്ടിയിലുമായി 24-ഓളം ലൈഫ്ഗാര്‍ഡുകളാണ് ആകെയുള്ളത്. ഇതില്‍ ചെറായി ബീച്ചില്‍ ഒരേസമയം ആറുപേരും ഫോര്‍ട്ടുകൊച്ചിയില്‍ മൂന്നുപേരും മുനമ്പത്ത് രണ്ടുപേരും ജെട്ടിയില്‍ പേരുമാണ് ഡ്യൂട്ടിയിലുണ്ടാവുക. ഒന്നിടവിട്ട ദിവസങ്ങളില്‍ പന്ത്രണ്ടു മണിക്കൂറോളം ജോലിയെടുക്കുന്ന ലൈഫ്ഗാര്‍ഡുകള്‍ക്ക് യാത്ര, ഭക്ഷണബത്ത അടക്കം പ്രതിദിനം 360രൂപയാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. കടല്‍ത്തീരങ്ങളില്‍ നിരന്തരം ജാഗ്രത പാലിച്ചിരിക്കേണ്ട ഗാര്‍ഡുകള്‍ക്കായി ഫോര്‍ട്ടുകൊച്ചിയിലും ചെറായിയിലും വിശ്രമ-ഉപകരണസൂക്ഷിപ്പു കേന്ദ്രം വിഭാവനം ചെയ്തുവെങ്കിലും ഡി.ടി.പി.സി അധികൃതര്‍ ഇനിയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല.
ജില്ലയിലെ തീരദേശത്തെ മൂന്നു കടപ്പുറങ്ങളിലും എറണാകുളം ജെട്ടിയിലുമാണ് നിലവില്‍ ലൈഫ്ഗാര്‍ഡ് സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുള്ള ലൈഫ്ഗാര്‍ഡുകളുടെ പ്രവര്‍ത്തനം കടപ്പുറത്താണെങ്കിലും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത് ഏറെ അകലെയാണ്. രാവിലെ ഏഴു മുതല്‍ കടപ്പുറത്തെത്തുന്ന ഗാര്‍ഡുകള്‍ക്ക് നിരീക്ഷണത്തിനോ വിശ്രമത്തിനോ സൗകര്യമില്ല. അഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായി ജോലിയെടുത്തിട്ടും ഇന്നും ഭൂരിഭാഗം പേരും ദിവസക്കൂലി ജീവനക്കാരാണ്. നീന്തല്‍പരിശീലനം നേടിയവര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിങ്ങനെയാണ് ജോലിക്കായുള്ള അടിസ്ഥാനയോഗ്യത. ജോലിയിലുള്ളവര്‍ പലരും ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ്.
കടലില്‍ കുളിക്കാനിറങ്ങുന്ന പ്രദേശവാസികളില്‍ ഏറെപ്പേരും ലൈഫ്ഗാര്‍ഡുകളുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുമ്പോള്‍ ദുരന്തങ്ങള്‍ നിത്യ സംഭവമാകുന്നു. കിലോമീറ്ററുകള്‍ നീളുന്ന കടപ്പുറത്ത് അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുമായി ഓടിയെത്തേണ്ട ഗതികേടിലാണിവര്‍. കടലില്‍ മുങ്ങിത്താഴുന്നവരുടെ ജീവന് രക്ഷിക്കുന്ന ലൈഫ്ഗാര്‍ഡുകള്‍ പരാധീനതകളുടെ പടുകുഴിയില്‍ ജീവിതം തള്ളിനീക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: