പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയില്‍ പാറപ്പുറത്തിന് സമീപം നിര്‍മാണം ആരംഭിച്ചിട്ടുള്ള വന്‍കിട പ്ലൈവുഡ് കമ്പനിക്ക് അനുവാദം നല്കുവാനുള്ള നഗരസഭാധികൃതരുടെ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ പരിസ്ഥിതി സംരക്ഷണ കര്‍മസമിതി പെരുമ്പാവൂര്‍ മേഖല സമ്മേളനം തീരുമാനിച്ചു.
പുതിയ പ്ലൈവുഡ് കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും പ്ലൈവുഡ് കമ്പനികള്‍ പാര്‍പ്പിടമേഖലയില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി 31 മുതല്‍ കളക്ടറേറ്റ് പടിയ്ക്കല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനിരിക്കെയാണ് പുതിയ കമ്പനിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നത്.
നഗസഭാ പ്രദേശത്ത് മില്ലുംപടി, സൗത്ത് വല്ലം, റയോണ്‍പുരം, കാഞ്ഞിരക്കാട്, ഇരിങ്ങോള്‍ തുടങ്ങി പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 18 പ്ലൈവുഡ് കമ്പനികള്‍ സൃഷ്ടിക്കുന്ന രൂക്ഷമായ മലിനീകരണം നിയന്ത്രിക്കാനും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടാനും നടപടികള്‍ സ്വീകരിക്കണമെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു.
മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ കാലങ്ങളായി കാഞ്ഞിരക്കാട് പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് കണ്വെന്ഷന് കുറ്റപ്പെടുത്തി.
പ്ലൈവുഡ് കമ്പനികളിലെ ഖര-ദ്രവ്യമാലിന്യങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള സെപ്ടിക് മാലിന്യങ്ങളും ശുദ്ധ ജലശ്രോതസ്സുകളെ അപകടകരമാം വണ്ണം മലിനപ്പെടുത്തുന്നതായി കണ്വെന്ഷന് അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. കമ്പനി പുറം തള്ളുന്ന ഫോര്‍മാല്‍ഡിഹൈഡ് കലര്‍ന്ന വിഷവായു സമീപപ്രദേശങ്ങളില്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇതുസംബന്ധിച്ചു നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
കര്‍മ്മസമിതി കേന്ദ്രകമ്മറ്റി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം പ്രഭാഷണം നടത്തി. മേഖലാസമിതി പ്രസിഡന്റ് പി.ആര്.വേണു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.സി.മുരളീധരന്, അഡ്വ.ഷാഗി തൈവളപ്പില്‍, റ്റി.കെ.രാജീവ്, കെ.പി.മജീദ്, റ്റി.എ.വര്‍ഗീസ്, എം.കെ.ശശിധരന്‍പിള്ള, എന്‍.എ.കുഞ്ഞപ്പന്, പോള്‍ ആത്തുങ്കല്‍, ഡി.പൗലോസ്, കെ.ആര്.നാരായണപിള്ള, പി.കെ.ശശി, ജി.മനോജ്, ജി.ആര്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: