ആലുവ: ട്രെയിനില്‍ ശാന്തിക്കാരനേയും ഭാര്യയേയും ടിടിഇ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. ഇരുവരോടും തൃശ്ശൂര്‍ സ്റ്റേഷനിലെത്താന്‍ ആര്‍പിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്‌ട്രയില്‍നിന്ന് ആലുവയിലേക്ക് മംഗള എക്സ്പ്രസ്സില്‍ തല്‍കാല്‍ ടിക്കേറ്റ്ടുത്ത് യാത്ര ചെയ്ത ശാന്തിക്കാരനേയും ഭാര്യയേയും ടിടിഇ അപമാനിക്കുകയും ഭീഷണിപ്പെടുത്തി 1820 രൂപ കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി. ആലുവ അദ്വൈതാശ്രമത്തിലെ ശാന്തിക്കാരന്‍ കട്ടപ്പന കൊച്ചുതോവാള കാവുള്ളാട്ട് വീട്ടില്‍ സജേഷ് ശശിധരന്‍, ഭാര്യ സൗമ്യ എന്നിവരാണ് മുഖ്യ ടിക്കറ്റ് എക്സാമിനര്‍ വി.ബിജുവിനെതിരെ റെയില്‍വേ ഏരിയാ മാനേജര്‍ക്കും ആര്‍എഫ്സിഐക്കും പരാതി നല്‍കിയത്. മഹാരാഷ്‌ട്രയിലെ നാസിക് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. ശാന്തിയുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റും ഭാര്യയുടെ പാന്‍കാര്‍ഡും നല്‍കിയാണ് നാസിക് സ്റ്റേഷനില്‍നിന്ന് ടിക്കേറ്റ്ടുത്തത്. യാത്രയ്‌ക്കിടെ രണ്ടിടത്ത് ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ട്രെയിന്‍ തൃശ്ശൂരില്‍ എത്തുന്നതിന് മുമ്പാണ് ആരോപണവിധേയനായ ടിടിഇ പരിശോധനയ്‌ക്കെത്തിയത്. ടിക്കറ്റും രേഖകളും നല്‍കിയപ്പോള്‍ ശാന്തിയുടെ ഡ്രൈവിംഗ് ലൈസന്‍സ് അസല്‍ അല്ലെന്നും അതിനാല്‍ പിഴയടയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. ടിക്കറ്റും രേഖയും രണ്ടിടത്ത് പരിശോധിച്ചതാണെന്നും ഇതേ രേഖ നല്‍കിയാണ് നാസിക് സ്റ്റേഷനില്‍നിന്ന് ടിക്കേറ്റ്ടുത്തതെന്നും പറഞ്ഞപ്പോള്‍ അതൊന്നും തനിക്കറിയേണ്ടെന്നും 1820 രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അനാവശ്യമായി പണം നല്‍കില്ലെന്നറിയിച്ചപ്പോള്‍ ടിടിഇ അസഭ്യം പറഞ്ഞ് അപമാനിക്കാനും ഭാര്യയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടയിലാണ് ഭാര്യ ബോധരഹിതയായത്. സഹയാത്രികര്‍ ഇടപെട്ടിട്ടും ടിടിഇ വഴങ്ങാത്തതിനെ തുടര്‍ന്ന് ശാന്തി പണം നല്‍കി. തുടര്‍ന്ന് ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ് ഫോമിലിറങ്ങിയ ടിടിഇ തിരിച്ചറിയല്‍ രേഖകള്‍ ജനലിലൂടെ അകത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: