ചണ്ഡീഗഡ്: എഴുപതുശതമാനം പഞ്ചാബി യുവാക്കളും മയക്കുമരുന്നിന് അടിമായെണെന്നു പറഞ്ഞ എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശം വിവാദമാകുന്നു. വിമര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുജറാത്തിലെയും പഞ്ചാബിലേയും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. പഞ്ചാബ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വ്യാഴാഴ്ച്ച നടന്ന പരിപാടിയിലാണ് രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. പ്രസ്താവനക്കെതിരെ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ രംഗത്തെത്തി. കടുത്ത ഭാഷയിലാണ് അകാലിദള്‍ രാഹുലിനെ വിമര്‍ശിച്ചത് . രാഹുല്‍ ഗാന്ധി തന്നെ ദേശിയ തമാശയാണ്. പ്രസ്താവനയെ തമാശയായിട്ടെ കണ്ടിട്ടുള്ളു. എന്നാല്‍ സംഭവത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
പഞ്ചാബി യുവാക്കളെ ഭീകരവാദികളായാണ് നേരത്തെ കോണ്‍ഗ്രസ് ചിത്രീകരിച്ചിരുന്നത്. ഇന്നിപ്പോള്‍ മയക്കുമരുന്നിന് അടിമകളായി ചിത്രീകരിക്കുന്നു. പഞ്ചാബി യുവാക്കളെ പ്രത്യേകിച്ച് സിഖ് യുവാക്കളെ രാഹുലും കോണ്‍ഗ്രസും ചേര്‍ന്ന് അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി സുക്ബീര്‍ സിംഗ് ബാദല്‍ രുക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ അവസ്ഥയെക്കുറിച്ച് മോശമായ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ അവസ്ഥയെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനിടക്ക് 15 പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഇത് എന്തുകൊണ്ട് രാഹുല്‍ ഓര്‍മിക്കുന്നില്ലെന്നും ബാദല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസില്‍ നടന്ന അഴിമതികളില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണ് രാഹുല്‍ ഇത്തരം പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചുവരുത്തി അപമാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഹര്‍ചരണ്‍ ബെയ്ന്‍സ് പറഞ്ഞു.
യുവാക്കള്‍ക്ക് ശക്തിയും അറിവും ഉണ്ട്. എല്ലാ രോഗങ്ങള്‍ക്കും പരിഹാരം കാണേണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് അറിയാം. എന്നാല്‍ പഞ്ചാബില്‍ എന്താണ് സംഭവിക്കുന്നതെന്നറിയില്ല. മയക്കുമരുന്നിന്റെ ഉപയോഗം പഞ്ചാബിലെ പ്രധാന പ്രശ്നമാണ്. ഇത് പരിഹരിക്കാന്‍ പഞ്ചാബ് സര്ക്കാര്ശ്രമക്കുന്നില്ലെന്നും തൊഴിലില്ലായ്മ സംസ്ഥാനത്ത് കൂടുതലാണെന്നും രാഹുല്‍ പരാമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഇവിടെയെത്തിയത്.
എന്നാല്‍ 2009 ല്‍ മയക്കുമരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. രാഹുല്‍ അദ്ദേഹത്തിന്റെ ജോലി ഭംഗിയായി ചെയ്തുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും തൊഴിലില്ലാത്ത എല്ലാ യുവാക്കള്‍ക്കും ധനസഹായം നല്‍കും എന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: