കാഞ്ഞങ്ങാട് :പതിവ് സായാഹ്നങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇന്നലെ അപ്പോസ്തല റാണി ചര്‍ച്ചും ടൗണ്‍ ജമാഅത്ത് പള്ളിയും. അപ്രതീക്ഷിതമായെത്തിയ അതിഥിയുടെ സ്നേഹ സംവാദങ്ങളിലൂടെ അല്‍പ്പനേരം.. ഭാരത പരിക്രമയാത്രയുടെ ഏകാന്ത പഥികന് കേത്ളായജി ആയിരുന്നു ക്ഷണിക്കാതെയെത്തിയ ആ അതിഥി. മതസഹിഷ്ണുതയും ഭാരതീയ സാംസ്കാരിക പൈതൃകവും ഗ്രാമീണ സംസ്കൃതിയും സംഭാഷണങ്ങളിലേക്കു പ്രവേശിച്ചപ്പോള്‍ സ്നേഹ സംവാദത്തിണ്റ്റെ ഉദാത്ത മാതൃകയാവുകയായിരുന്നു കേത്ളായജിയുടെ സന്ദര്‍ശനം. വൈകിട്ട് മൂന്നരയോടെയാണ് കേത്ളായജി ഹൊസ്ദുര്‍ഗ് അപ്പോസ്തല റാണി ചര്‍ച്ചിലെത്തിയത്. വിശാലമായ തിരുമുറ്റത്തേക്ക് നടന്നു നീങ്ങിയ അദ്ദേഹത്തെ അല്‍പ്പമകലെ മേടയുടെ കവാടത്തില്‍ ചെറുപുഞ്ചിരിയോടെ ഫാദര്‍ സജിജോണ്‍ സ്വാഗതം ചെയ്തു. സന്ദര്‍ശനം അപ്രതീക്ഷിതമായതിനാല്‍ മറ്റ് വിശ്വാസികളെ പങ്കെടുപ്പിക്കാനായില്ലെന്ന ക്ഷമാപണത്തോടെ പൂച്ചെണ്ട് നല്കി സ്വീകരണം. തുടര്‍ന്ന് അല്പം സംഭാഷണവും. ഭാരത പരിക്രമയാത്രയുടെ ഉദ്ദേശ്യവും ലക്ഷ്യവും കേത്ളായജി വിശദീകരിച്ചു. യാത്ര മുന്നോട്ട് വയ്ക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമൂഹം മുഴുവന്‍ തിരിച്ചറിയേണ്ടതാണെന്നും അതിനാല്‍ ആശയപ്രചരണത്തിന് പ്രാധാന്യം നല്‍കണമെന്നും ഫാദര്‍ അഭിപ്രായപ്പെട്ടു. ഭാരതീയ സംസ്കാരത്തിണ്റ്റെ മുഖമുദ്രകള്‍ സമൂഹത്തില്‍ നിന്നും നഷ്ടമാകുന്നുവെന്ന ആശങ്ക പങ്കുവച്ചപ്പോള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിണ്റ്റെ കടന്നുകയറ്റമാണ് ഇതിന് കാരണമെന്ന് കേത്ളായ ചൂണ്ടിക്കാട്ടി. ജിവിതത്തിണ്റ്റെ സര്‍വ്വ മേഖലകളേയും ആത്മീയവല്ക്കരിക്കുകയാണ് മൂല്യാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കാന്‍ ചെയ്യേണ്ടതെന്നും കേത്ളായ പറഞ്ഞു. ഉപനിഷത്തിനെക്കുറിച്ചും വേദങ്ങളെക്കുറിച്ചും ഫാദര്‍ സംവദിച്ചു. പരിക്രമ യാത്രയിലേക്ക് ഫാദറിനെ ക്ഷണിച്ച് യാത്ര പറഞ്ഞ കേത്ളായജി നിസ്കാര സമയത്താണ് ടൗണ്‍ ജമാഅത്ത് പള്ളിയില്‍ അതിഥിയായെത്തിയത്. ഇമാം അബ്ദുള്ള സക്കാഫിയും ഖത്തീബ് സദര്‍ മുഹമ്മദ് ബഷീറും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സൗഹൃദ സംഭാഷണത്തില്‍ നിരവധി പേര് പങ്കുചേര്‍ന്നു. ഗ്രാമീണ ജീവിതം തിരിച്ചു പിടിക്കേണ്ടതിണ്റ്റെ ആവശ്യകതയെക്കുറിച്ച് കേത്ളായജി വിശദീകരിച്ചു. പണത്തിന് അമിത പ്രാധാന്യം നല്കുന്ന സമൂഹത്തില്‍ ഭാരത പരിക്രമയാത്ര മുന്നോട്ട് വയ്ക്കുന്ന സന്ദേശം സമൂഹത്തിന് ഗുണകരമാകുമെന്ന് ഇമാം അഭിപ്രായപ്പെട്ടു. മുസ്ളിം രാജ്യങ്ങളെക്കാള്‍ മുസ്ളിങ്ങള്‍ക്ക് ആദരവും പ്രാധാന്യവും സുരക്ഷിതജീവിതവും നല്കാന് ഭാരത്തിനു കഴിയുന്നത് ഈ നാടിണ്റ്റെ സവിശേഷ പാരമ്പര്യം മൂലമാണെന്ന് കേത്ളായ പറഞ്ഞു. ഭാരത പരിക്രമ യാത്രയില്‍ പങ്കാളികളാകാന്‍ അദ്ദേഹം ക്ഷണിച്ചു. സ്നേഹ സന്ദേശവും മത സൗഹാര്‍ദ്ദവും മുന്നോട്ട് വയ്ക്കുന്ന കേത്ളായജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉസ്താദ് ഹംസ, സാദിര്‍ ബഷീര്‍ മൗലവി, പി മുഹമ്മദ് കുഞ്ഞി മാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നിത്യാനന്ദാശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ കേത്ളായജിയെ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി കെ വി ഗണേശന്, ബോര്‍ഡംഗം ലക്ഷ്മണന് എന്നിവര്‍ സ്വീകരിച്ചു. ആര്‍എസ്എസ് ജില്ലാപ്രചാരക് വി. മഹേഷ്, സഹകാര്യവാഹ് ബാലകൃഷ്ണന് അടോട്ടുകയ, കാര്യവാഹ് എ വേലായുധന്, പ്രാന്തീയ പ്രചാര്‍ പ്രമുഖ് ഗണേഷ്, താലൂക്ക് പ്രചാര്‍ പ്രമുഖ് സത്യനാഥ്, സി.സി.ഭാസ്കരന്, സ്വാമി പ്രേമാനന്ദ, ജില്ലാകാര്യകാരി അംഗം കെ ഗോവിന്ദന് മാസ്റ്റര്‍ എന്നിവരും കേത്ളായജിയെ അനുഗമിച്ചു. വൈകിട്ട് ൫.൩൦ന് രാജേശ്വരി മഠത്തില്‍ നിന്നും ആരംഭിച്ച നാമസങ്കീര്ത്തനത്തോടുകൂടിയുള്ള നഗരപ്രദക്ഷിണം ശ്രീകൃഷ്ണ മന്ദിരത്തില്‍ സമാപിച്ചു. തുടര്‍ന്ന് സത്സംഗവും ഭജനയും നടന്നു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ കാഞ്ഞങ്ങാട്ടെത്തിയ കേത്ളായജിയെ രാജേശ്വരി മഠത്തില്‍ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: