തിരുവഞ്ചൂര്‍: കുട്ടികളെ പീഡിപ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് തിരുവഞ്ചൂര്‍ ജുവനൈല്‍ഹോമില്‍ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ ജയ ഇന്നലെ പരിശോധന നടത്തി. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ജുവനൈല്ഹോമില്നിന്നു ഒളിച്ചോടിയ കുട്ടി തിരുവഞ്ചൂര്‍ ക്ഷേത്രത്തിനു സമീപത്തുവച്ച് ബിജെപി പ്രവര്‍ത്തകരോട് വിവരം ധരിപ്പിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തുകയും കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് അദ്ധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജുവനൈല്‍ ഹോമിലെ അന്തേവാസികളായ കുട്ടികളെ പുറത്തുള്ളവരും ചില അദ്ധ്യാപകരും പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇടയാക്കുന്നു എന്ന പരാതിയും കുട്ടി ഉന്നയിച്ചിരുന്നു. മുതിര്‍ന്ന കുട്ടികള്‍ കൊച്ചു കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിന് വിധേയമാക്കുന്നതായും പറയപ്പെടുന്നു. ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജുവനൈല്‍ ഹോമിലേക്ക് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ചും നടത്തിയിരുന്നു.
പ്രശ്നം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സാമൂഹ്യക്ഷേമവകുപ്പ് ഡയറക്ടര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. അന്വേഷണ സംഘത്തോട് ബിജെപി, യുവമോര്‍ച്ച നേതാക്കളായ സുനില്‍കുമാര്‍ കീരനാട്ട്, മനു ഷാജി, വിഷ്ണു, അനൂപ് കെ.ആര്., രതീഷ് എന്നിവര്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. ചുറ്റുമതില്‍ നിര്‍മ്മിക്കുക, നിരീക്ഷണ ക്യാമറ സംഘടിപ്പിക്കുക, സുഹൃദ്സമിതി പുനഃസംഘടിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് നേതാക്കള്‍ മുമ്പോട്ടുവച്ചത്. നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് ഡയറക്ടര്‍ പറഞ്ഞു. ജീവനക്കാരില്‍നിന്നും കുട്ടികളില്‍നിന്നും സംഘം മൊഴിയെടുത്തു. ഇത് പ്രാഥമിക അന്വേഷണമാണെന്നും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ഡയറക്ടര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മുഴുവന്‍ ജീവനക്കാരെയും സ്ഥലംമാറ്റുകയും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ജീവനക്കാരിലെ ചേരിപ്പോരാണ് പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണം. സംസ്ഥാനത്തെ 47 ജുവനൈല്‍ഹോമിലെ ഏറ്റവും മോശപ്പെട്ടതാണ് തിരുവഞ്ചൂരിലെ ജുവനൈല്ഹോമെന്നും ഡയറക്ടര്‍ പറഞ്ഞു.
പുരോഹിതനും മര്‍ദ്ദിച്ചതായി കുട്ടിയുടെ മൊഴി
തിരുവഞ്ചൂര്‍: ജുവനൈല്‍ ഹോമിലെ പരിശോധനക്കിടയില്‍ അന്വേഷണസംഘത്തോട് പുരോഹിതനും മര്‍ദ്ദിച്ചതായി ഒരു കുട്ടി മൊഴി നല്കി. പാലാ മുത്തോലി സെന്റ് ആന്റണീസ് ബോര്‍ഡിംഗ് സ്കൂളിലെ പുരോഹിതനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പരാതിക്കാരന്. കുട്ടിയുടെ പരാതി കേട്ടതല്ലാതെ മറുപടിയൊന്നും പറയാന്‍ അന്വേഷണസംഘം തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: