പെരുമ്പാവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ തൃക്കാരിയൂര്‍ ഗ്രൂപ്പില്‍ വരുന്ന പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഊട്ടുപുരയും ആല്‍പ്പാറ ക്ഷേത്രത്തിലെ സദ്യാലയവും ലേലം ചെയ്യാനുള്ള ബോര്‍ഡിന്റെ ശ്രമത്തിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്തെത്തി. ഈ ശ്രമത്തെ എന്തുവിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
കേരളത്തിലങ്ങോളമുള്ള ക്ഷേത്രങ്ങളിലെ ഊട്ടുപുരകളും മറ്റും ലേലം ചെയ്ത് സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ക്ഷേത്രങ്ങളെ കച്ചവടവത്ക്കരിക്കുന്നതിനും വിനോദ സഞ്ചാരകേന്ദ്രമാക്കുവാനും സമ്മതിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.
വരുന്ന 15 ന് രാവിലെ 9.30 നാണ് പെരുമ്പാവൂരില്‍ ലേല നടപടികള്‍ നടക്കുന്നതെന്നാണറിയുന്നത്. ഹൈന്ദവ വിരുദ്ധവും ക്ഷേത്രങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിനുമെതിരെ ഭക്തര്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ഇ.ജി.മനോജ്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.എ.മോഹനന്, ബിജെപി ദേശീയ സമിതി അംഗം കെ.ആര്.രാജഗോപാല്‍ തുടങ്ങിയവര്‍ അറിയിച്ചു.
മൂവാറ്റുപുഴ: ഗണപതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള വിനായക ഓഡിറ്റോറിയം ലേലം ചെയ്തു നല്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് മൂവാറ്റുപുഴയില്‍ കൂടിയ ക്ഷേത്ര ഭാരവാഹികളുടെയും വിവിധ ഹിന്ദു സംഘടനാ നേതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ലേലം നടക്കുന്ന 15ന് പുഴക്കരകാവ് റോഡിലുള്ള ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. വിവിധ സമുദായ സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കും. ക്ഷേത്ര ഏകോപന സമിതി ചെയര്മാന് കെ.എ. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഹൈന്ദവ സംഘടന നേതാക്കളായ എന്‍.ജി. വിജയന്, പി. എന്‍. പ്രഭ, എന്‍. നളിനാക്ഷന് നായര്‍, റെജി ചെറുശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അന്യമതസ്ഥര്‍ ബിനാമിയിലൂടെ കൈവശപ്പെടുത്തുകയും അവ തീവ്രവാദത്തിനും അനാശ്യാസത്തിനും ഉപയോഗിക്കുവാനും സാധ്യതയുള്ളതിനാല്‍ ഇത് ക്ഷേത്ര ചൈതന്യത്തെ ഇല്ലായ്മ ചെയ്യുമെന്നും സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ഐക്യവേദി ജില്ലാ പ്രസിഡന്റ് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: