കോലഞ്ചേരി : ഐരാപുരം റബ്ബര്പാര്ക്കില് ഹാന്‍ഹുക്ക് കമ്പനി തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിന്റെ അറുപതാം ദിവസം ട്രേഡ് യൂണിയന് സൈറ്റ് ലീഡര്‍മാരായ എന്‍.ടി. സന്തോഷ്, കെ. എം. സലീം, എം എം സലീം, കെ.ആര്. ഗോപിനാഥന്, കെ. പി. യാക്കോബ്, സി. എം. യൂസഫ്, തൊഴിലാളി പ്രതിനിധി പുഷ്പ വരദന് എന്നിവര്‍ ഉപവാസം നടത്തി. റബ്ബര്‍ പാര്ക്കിന് മുന്നിലെ കല്‍വിളക്കില്‍ പ്രതീകാത്മകമായി 60തിരികള്‍ തെളിയിച്ചുകൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉപവാസം ഉദ്ഘാടനം ചെയ്തു.
തൊഴില്‍ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സംയുക്തസമരമസമിതിയുടെ നേതൃത്വത്തില്‍ റബ്ബര്‍പാര്‍ക്ക് ഓഫീസ് ഉപരോധിച്ചിരുന്നു. ജില്ലാ കളക്ടറും ആര് ഡി ഒയും റബ്ബര്‍പാര്‍ക്ക് അധികൃതരും സംയുക്തമായി ബുധനാഴ്ച കളക്ടറുടെ ചേമ്പറില്‍ ചര്‍ച്ചനടത്തി തീരുമാനമെടുക്കുമെന്ന ഉറപ്പില്‍ അന്ന് ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ച നടത്തുവാനാവാതെ നീണ്ടുപോവുകയാണ്.
കൊറിയന്‍ കമ്പനി ഹാന്ഹുക്കിലെ മുപ്പത്തിഎട്ട് തൊഴിലാളികളെയാണ് ഉത്പാദനം കുറഞ്ഞെന്ന കാരണം പറഞ്ഞ് കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടത്. എന്നാല്‍ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാത നടത്തുന്ന കമ്പനിയിലെ മാനേജ്മെന്റിന്റെ നിരുത്തരവാദിത്വം ചോദ്യം ചെയ്തതിനാലും കുറഞ്ഞ വേതന നിരക്കില്‍ കൊറിയയില്‍ കൊണ്ടുപോയി ജോലി ചെയ്യിക്കുന്നതിനെതിരെയും പ്രതികരിച്ചതാണ് പിരിച്ചുവിടാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. കൂട്ട പിരിച്ചുവിടല്‍ നടന്നിട്ടും സംയുക്തസമരസമതിയുടെ നേതൃത്വത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ഹര്‍ത്താലും ഉപവാസമവുമുള്പ്പടെയുള്ള സമരങ്ങള്‍ അരങ്ങേറിയിട്ടും റബ്ബര്‍പാര്‍ക്ക് അധികൃതരൊ ലേബര്‍ വകുപ്പൊ പ്രശ്നങ്ങളില്‍ ഇടപെടുവാന്‍ തയ്യാറായിട്ടില്ല. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കമ്പനി മാനേജുമെന്റിനെ വിളിച്ച് ചേര്‍ത്ത് കളക്ടറുടെ ചേമ്പറില്‍ ചര്‍ച്ച നടത്തിയെങ്കിലും 25 പേരെ തിരിച്ചെടുക്കാമെന്നും അല്ലാത്തപക്ഷം കമ്പനി അടച്ചിടുവാനാണ് താല്പര്യമെന്നും കമ്പനി അധികൃതര്‍ പറഞ്ഞതായാണ് അറിവ്. ഇത് അംഗീകരിക്കുവാന്‍ സംയുക്തസമരസമിതി നേതാക്കള്‍ തയ്യാറായില്ല.സമരത്തിന് നേരെ കണ്ണടയ്ക്കുന്ന റബ്ബര്‍പാര്‍ക്ക് അധികൃതരുടെ നടപടി തീര്‍ത്തും ന്യായീകരിക്കുവാന്‍ സാധിക്കാത്തതാണെന്ന് സംയുക്തസമരസമിതി നേതാക്കളായ അഡ്വ. എം. ഹര്ഷന്, കെ. വി. എല്‍ദൊ, കെ. എ. യൂസഫ്, വി. കെ. അജിതന്, സി. കെ. വീരാന്‍, കെ. എ. സാജു, കെ. എം അലി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: