ന്യൂദല്‍ഹി: സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുവാനുള്ള നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭായോഗത്തില് തീരുമാനം. പരസ്യങ്ങളിലും പ്രസിദ്ധീകരണങ്ങളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിരോധിച്ച് 1986 ലാണ് നിയമം നടപ്പിലാക്കിയത്. ഈ നിയമത്തില്‍ ഇലക്ട്രോണിക് മാധ്യമങ്ങളായ ഇന്റര്‍നെറ്റ് മൊബെയില്‍ ഫോണ്‍ സന്ദേശങ്ങളേയും, ഇലക്ട്രോണിക് മാധ്യമങ്ങളേയും ഉള്‍പ്പെടുത്തുന്നതാണ് പുതിയ നിയമം.
നിലവിലെ നിയമം അച്ചടിമാധ്യമങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഇ-മെയിലും സന്ദേശങ്ങളും അയച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിലായിരിക്കും നിയമം ഭേദഗതി ചെയ്യുക. ആദ്യം കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിന്നീട് ഇതാവര്ത്തിക്കുന്നവര്ക്ക് ഏഴ് വര്‍ഷം തടവ് എന്ന നിലയ്ക്കായിരിക്കും ഭേദഗതി ചെയ്യുക. അശ്ലീല സന്ദേശമയക്കുന്നവരില് നിന്നും വന്‍ തുക പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു. കുറ്റം ചെയ്യുന്നവരില്‍ നിന്ന് വാങ്ങുന്ന പിഴ 2000 രൂപയില്‍ നിന്ന് 5,0000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ആദ്യം കുറ്റം ചെയ്തതായി കണ്ടെത്തുന്നവരില്‍ നിന്ന് ഒരു ലക്ഷം രൂപയും, വീണ്ടും ഇത് ആവര്‍ത്തിക്കുന്നവരില്‍ നിന്ന് അഞ്ചുലക്ഷം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പോലീസ് ഉദ്യോഗസ്ഥരില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും റെയ്ഡ് നടത്തി അശ്ലീല സന്ദേശം അയച്ച ഉപകരണം പിടിച്ചെടുക്കാം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതാകും നിയമമെന്ന് മന്ത്രിസഭായോഗം പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറക്കാന്‍ ഇതുവഴിസാധിക്കും. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതുകൊണ്ടാണ് ഇത്തരമൊരു നിയമഭേദഗതി നടപ്പിലാക്കാന്‍ കാരണമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: