ഈരാറ്റുപേട്ട: വാഗമണ്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടക്കുന്നതുമൂലം പ്രദേശവാസികള്‍ കടുത്ത ദുരിതത്തിലായി. എല്ലാ ദിവസവും വൈകിട്ട് 7ന് ഈരാറ്റുപേട്ടയില്‍ നിന്ന് പുറപ്പെടുന്ന ബസ് മിക്ക ദിവസങ്ങളിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മുടക്കുന്നതുമൂലം പലപ്പോഴും യാത്രക്കാര്‍ പെരുവഴിയിലാകുന്നു. കട്ടപ്പന-എറണാകുളം സര്‍വ്വീസ് നടത്തുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസ്സാണ് പലപ്പോഴും സര്‍വ്വീസ് മുടക്കുന്നത്. വൈകിട്ട് കട്ടപ്പനയ്ക്ക് പോകുന്ന ബസ് പിറ്റേന്ന് രാവിലെയാണ് തിരിച്ചു വരേണ്ടത്. എന്നാല്‍ ഈരാറ്റുപേട്ടയില്‍ സര്‍വ്വീസ് മുടക്കിയശേഷം വാഗമണ്‍ വരെ മറ്റൊരു ബസ് സര്‍വ്വീസ് നടത്തി തിരികെ പോരുകയാണ് പലപ്പോഴും ചെയ്യുന്നത്. ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ജീപ്പ് സര്‍വ്വീസുകള്‍ക്ക് സഹായം ചെയ്യുന്നതിനാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടക്കുന്നതെന്നാണ് പരക്കെ ആരോപണം. മുന്‍പ് സ്വകാര്യ ബസുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ സ്വകാര്യബസുകളുടെ സമയത്തുതന്നെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയതുമൂലം സ്വകാര്യബസുകള്‍ സര്‍വ്വീസ് ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് പറഞ്ഞെങ്കിലും ഉള്ള സര്‍വ്വീസ് പോലും മുടക്കുന്ന സമീപനമാണ് കെഎസ്ആര്‍ടിസി അവലംബിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: