കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി കെട്ടിടത്തില്‍ അത്യാധുനിക രീതിയിലുള്ള ആര്‍ട്ട് ഗ്യാലറി തുടങ്ങാനുള്ള 4000 ചതുരശ്ര അടി പുതുപുത്തന്‍ കെട്ടിടം കേരള ലളിതകലാ അക്കാദമിക്കു നല്‍കും. ഇതു സംബന്ധിച്ച് ലൈബ്രറി ഭാരവാഹികളും അക്കാദമി ഭാരവാഹികളും ധാരണ പത്രം കൈമാറി. പ്രതിമാസം ഒരു രൂപ വാടകയ്ക്കാണു ലൈബ്രറി അക്കാദമിക്ക് ഈ സ്ഥലം നല്‍കുന്നത്.
കാനായി കുഞ്ഞിരാമന്റെ അക്ഷരശില്പത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് തൊട്ടടുത്തായി ഒന്നാം നിലയിലാകും ആര്‍ട്ട് ഗ്യാലറി. ഈ ഗ്യാലറിയില്‍ മ്യൂറല്‍ ചിത്രരീതി അനുസരിച്ചുള്ള ചിത്രങ്ങള്‍ക്കായി പ്രത്യേക ഇടമുണ്ടാകും.
ഇന്ത്യയിലെ പ്രശസ്തരായ ചിത്രകാരന്മാരുടെ കലാസൃഷ്ടികള്‍ കാണാനുള്ള അവസരം ഇതുവഴി കോട്ടയത്തുകാര്‍ക്ക് ഉണ്ടാകും. മൂന്നുമാസത്തിലൊരിക്കല്‍ ചിത്രങ്ങള്‍ മാറ്റുന്നതിനുള്ള സംവിധാനവുമുണ്ട്. പ്രാദേശിക തലത്തില്‍ ചുരുങ്ങിയ ചെലവില്‍ പ്രദര്‍ശനങ്ങള്‍ നടത്താന്‍ കോട്ടയത്തെയും പരിസരത്തെയും കലാകാരന്മാര്ക്ക് അവസരം ലഭിക്കും.
പരമ്പരാഗതമായ രീതിയിലുള്ള മ്യൂറല്‍ ചിത്രങ്ങള്‍ എപ്പോഴും ലഭ്യമാകുന്ന മ്യൂറല്‍ ആര്‍ട്ട് കോര്‍ണര്‍ ഈ ഗ്യാലറിയുടെ പ്രത്യേകതയാണ്. കേരളത്തിന്റെ തനതായ രീതിയില്‍ പ്രകൃതിദത്തമായ നിറങ്ങള്‍കൊണ്ടു തയ്യാറാക്കുന്ന മ്യൂറല്‍ ചിത്രങ്ങളായിരിക്കും ഇവിടെ ശേഖരിക്കുക. വിദേശികള്‍ക്കും സ്വദേശികള്‍ക്കും കല്ലരച്ചും ഇലച്ചാറുകള്‍ പിഴിഞ്ഞെടുത്തുമുണ്ടാക്കുന്ന നിറക്കൂട്ടുകളെക്കൊണ്ടുള്ള യഥാര്‍ത്ഥ മ്യൂറല്‍ പെയിന്റിങ് ഇവിടെ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: