കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ സാംസ്കാരികകേന്ദ്രം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് സാംസ്കാരികമന്ത്രി കെ.സി.ജോസഫ്. കേരളത്തിന്റെ മധ്യമേഖലയില്‍ ശ്രദ്ധാര്‍ഹമായ ഒരു സ്ഥാപനമാക്കി കോളേജിനെ മാറ്റാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള കലാമണ്ഡലം പോലെ വ്യത്യസ്തമായ പരിശീലനമാണ് ആര്‍എല്‍വിയില്‍ നടന്നുവരുന്നത്. എന്നാല്‍ കലാപരമായ കഴിവുള്ള പഴയകാലത്തെ അപേക്ഷിച്ച് ഇന്നു പുതിയ തലമുറയ്ക്ക് ഈ മേഖലയില്‍ താല്‍പ്പര്യം കുറയുന്നു. കേരളത്തെ രാജ്യത്തിന്റെ മുന്‍നിരയില്‍ എത്തിച്ച ഈ പാരമ്പര്യം ഏറ്റെടുക്കാന്‍ പുതിയ ആളുകള്‍ മുന്നോട്ടുവരണമെന്നും ഇതിനായി വിശദമായ രൂപരേഖ തയ്യാറാക്കി നല്കിയാല് സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ കലാരൂപങ്ങളാണ് നമ്മുടെ വലിയ സമ്പത്ത്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍, കൊച്ചി രാജവംശങ്ങള്‍ നല്കിയ സംഭാവന മറക്കാന്‍ കഴിയില്ല. ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങള്‍ രാജഭരണ കാലത്തുണ്ടായതാണ്. തനതായ പാരമ്പര്യമുള്ള പല കലാരൂപങ്ങളുടെയും ഉറവിടം ക്ഷേത്രപരിസരത്തു നിന്നാണ്. ഈ പാരമ്പര്യം തുടര്‍ന്നും നിലനിര്‍ത്തുന്നതിനു സാംസ്കാരിക വകുപ്പ് എല്ലാ നടപടിയും സ്വീകരിക്കുമെന്നും കെ.സി.ജോസഫ് വ്യക്തമാക്കി.
ചടങ്ങില്‍ കോളേജ് യൂണിയന് ചെയര്മാന് കെ.വി.കിരണ്‍രാജിനെ മന്ത്രി പൊന്നാടയണിയിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. എം.ബാലസുബ്രഹ്മണ്യന് അധ്യാപകരെ പൊന്നാടയണയിച്ചു. തുടര്‍ന്ന് കദ്രി ഗോപാല്‍നാഥിന്റെ സാക്സഫോണ് കച്ചേരിയോടെയാണ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്ക് തിരശീല വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: