പള്ളുരുത്തി: ചെല്ലാനം ഹൈന്ദവ ശ്മശാനം പൊളിച്ചുമാറ്റിയത് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനമില്ലാതെയെന്ന് ആരോപണം. പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിച്ച് പിന്നീട് മിനിറ്റ്സില്‍ തീരുമാനം എഴുതികയറ്റുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ചില ഗുഢതാല്പര്യമാണ് സംഭവത്തിനു പിന്നിലെന്നും ചില ഭരണപക്ഷ അംഗങ്ങള്‍തന്നെ ആരോപണമുയര്‍ത്തിക്കഴിഞ്ഞു. സംഭവം പുറത്തായതോടെ പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് തീരുമാനം എടുത്തതായി മിനിറ്റ്സില്‍ എഴുതണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. കഴിഞ്ഞമാസം 22നാണ് പഞ്ചായത്ത് കമ്മറ്റിയോഗം ഒടുവില്‍ ചേര്‍ന്നത്. ഇതിലൊന്നും പഞ്ചായത്ത് ശ്മശാനം പൊളിച്ചുമാറ്റുന്നതീരുമാനം കൈക്കൊണ്ടതുമില്ല. ചില ബാഹ്യഇടപെടലുകള്‍ മൂലം പഞ്ചായത്ത് പ്രസിഡന്റ് ഏക പക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ 12 വര്‍ഷമായി പ്രവര്‍ത്തിക്കാത്ത ശ്മശാനം ഇനിയൊരിക്കലും പുനര്‍നിര്‍മ്മിക്കരുതെന്ന വാശി പ്രസിഡന്റിന് ഉണ്ടായതായും പറയപ്പെടുന്നു. സഹപ്രവര്‍ത്തകരോടും സ്വന്തം പാര്‍ട്ടിയോടും ആലോചിക്കാതെ പ്രസിഡന്റ് കൈക്കൊണ്ടതീരുമാനം ഇദ്ദേഹത്തിനുതന്നെ പുലിവാലായിമാറുകയാണുണ്ടായത്. പഞ്ചായത്ത് വക ശ്മശാനം പൊളിച്ചുമാറ്റാന്‍ കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു എന്ന ഒറ്റവാക്കുമാത്രമാണ് പഞ്ചായത്ത് കമ്മറ്റിക്കുശേഷം എഴുതികയറ്റിയിട്ടുള്ളത്. ശ്മശാനം പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നതിനിടയില്‍ പ്രസിഡന്റിന്റെ വിവാദ നടപടി പഞ്ചായത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ശ്മശാനം നിലനിന്നിരുന്ന സ്ഥലത്ത് പഞ്ചായത്ത് വക ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികളുമായി ചര്ച്ചനടന്നിരുന്നതായി ചിലര്‍ വെളിപ്പെടുത്തിയതും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പഞ്ചായത്ത് പൊതുശ്മശാന ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെയടിസ്ഥാനത്തില് മൂന്നുമാസത്തിനുള്ളില്‍ ശ്മശാനം പുനര്‍നിര്‍മ്മിച്ച് സജ്ജമാക്കണമെന്ന് നിര്‍ദ്ദേശിച്ചുവെങ്കിലും ഇതു ചെവിക്കൊള്ളാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടുമില്ല. ഇതിനിടയില്‍ ചിലര്‍ പഞ്ചായത്ത് രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷനല്കിയതും പഞ്ചായത്ത് രേഖകള്‍ തിരുത്താന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: