കൊച്ചി: പുതിയ കാലഘട്ടത്തില്‍ ഗാന്ധിയന്‍ വികസന സങ്കല്പത്തിനും ജനാധിപത്യ സങ്കല്പത്തിനും പ്രസക്തി വര്‍ധിച്ചു വരികയാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു. എറണാകുളം കച്ചേരിപ്പടി ഗാന്ധിഭവനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലുളള ഗാന്ധി ജയന്തി വാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രാമജീവിതത്തെ ബാധിക്കുന്ന ഭൂരിപക്ഷം പ്രശ്നങ്ങള്‍ക്കും പരിഹാരം ആ ഗ്രാമത്തില്‍ തന്നെയുണ്ടാവണമെന്നും അത് ജനപങ്കാളിത്തത്തോടെയാകണമെന്നും ഗാന്ധിജി സ്വപ്നം കണ്ടു. കൃഷി, ആരോഗ്യം, ഭക്ഷ്യം, വ്യവസായ മേഖലകളില്‍ ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാന്‍ ആഗ്രഹിച്ച ഗാന്ധിജിയുടെ സങ്കല്പത്തിലെ ഗ്രാമസ്വരാജ് സമ്പൂര്‍ണ റിപ്പബ്ലിക്കാണ്. ആ ഗ്രാമസ്വരാജ് സങ്കല്പങ്ങള് യാഥാര്‍ഥ്യമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി മുഖ്യാതിഥിയായിരുന്നു. ഗാന്ധിയന്‍ ദര്‍ശനങ്ങളിലെ പ്രധാന വിഷയമായ ശുചിത്വവുമായി ബന്ധപ്പെട്ട് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടി നഗരസഭ ആവിഷ്കരിച്ച് വിദ്യാലയങ്ങളില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാന്ത്രികമായ കാലഘട്ടത്തില്‍ ഹൃദയസ്പര്‍ശിയായ ജീവിതം നയിച്ച ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ പുതുതലമുറയ്ക്കും വിദ്യാര്‍ഥികള്‍ക്കും എന്നും പ്രചോദനമായിരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു.
സ്വാതന്ത്ര്യ സമരസേനാനികളായ എ.കെ.ഭാസ്കരന്, വി.നാരായണന് നായര്‍ എന്നിവരെ മന്ത്രി കെ.ബാബു പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. ഗാന്ധി ഭവന് സെക്രട്ടറി പ്രൊഫ. വി.പി.ജി.മാരാര്‍, പകല്‍വീട് കണ്‍വീനര്‍ അഡ്വ.എം.ആര്.രാജേന്ദ്രന് നായര്‍, എ.കെ.ഭാസ്കരന്, വി.നാരായണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും ഗാന്ധിയന്‍ വൈസ് പ്രസിഡന്റ് കെ.തങ്കപ്പമേനോന്‍ നന്ദിയും പറഞ്ഞു. വാരാഘോഷ സമാപനത്തിന്റെ ഭാഗമായി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗാന്ധിസൂക്ത പുസ്തകവും ചടങ്ങില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: