കോട്ടയം: വടവാതൂര്‍ ഡംപിഗ് യാഡിലെ കുന്നുകൂടിയ മാലിന്യം ആധുനികരീതിയില്‍ സംസ്കരിക്കുമെന്ന് നഗരസഭാ ചെയര്മാന് സണ്ണി കല്ലൂരും വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ജീവകുമാറും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ശുചിത്വമിഷന്റെ സഹായത്തോടെ ക്യാപ്പിങ്ങ് പ്രക്രിയയിലൂടെയാണ് മാലിന്യം സംസ്കരിക്കുന്നത്. സംസ്കരിക്കുമ്പോള്‍ ഒഴുകിയെത്തുന്ന മീഥേല്‍ വാതകം വിളക്ക് കത്തിക്കുന്നതിനും ഉപയോഗിക്കാം. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും ലോകത്തെ വന്‍നഗരങ്ങളില്‍ ഇത് പരീക്ഷിച്ചു വിജയിച്ചതാണെന്നും സണ്ണി കല്ലൂരും ജീവകുമാറും പറഞ്ഞു.
ബയോഡീസലും ടാറിംഗിന് ചേര്‍ക്കാവുന്ന വിധത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം സംസ്കരിച്ചു പ്രശ്നങ്ങള്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. മാലിന്യം കുഴിയെടുത്തു മൂടുന്നു എന്ന വ്യാജപരസ്യം നല്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി 1.21 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും അവര്‍ പറഞ്ഞു. മായക്കുട്ടി ജോണ്‍, വി.കെ.അനില്‍കുമാര്‍, സിസ്സി ബോബി, ജേക്കബ് ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മാലിന്യം സംസ്ക്കരിക്കാന്‍ ക്യാപ്പിങ്ങ്
കോട്ടയം: ചിതറി കിടക്കുന്ന മാലിന്യകൂമ്പാരം കൃത്യമായ ചരിവ് നിലനിര്‍ത്തി ആദ്യഘട്ടത്തില്‍ നിരപ്പാക്കും. ഈ മാലിന്യത്തില്‍ നിന്നുത്ഭവിക്കുന്ന മീഥേന്‍ കലര്‍ന്ന വാതകത്തിന്റെ പുറത്തേക്കുള്ള ആഗമനം സുഗമമാക്കുന്നതിനായി നെടുകയും, കുറുകെയും ആദ്യഘട്ടത്തില്‍ കൃത്യ അകലത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കും. ഇതില്‍ നെടുകെ സ്ഥാപിക്കുന്ന പൈപ്പുകളില്‍ നിന്ന് വാതകനിര്ഗമനത്തിന് സൗകര്യം ഒരുക്കി മുകളിലേക്ക് കുഴലുകളും സ്ഥാപിക്കും. ഈ കുഴലുകളിലൂടെ ഒഴുകിയെത്തുന്ന മീഥേന്‍ വിളക്ക് കത്തിക്കുന്നതിനും ഇന്ധനത്തിന്റെ ഏതാവശ്യത്തിനും ഉപകരിക്കുന്ന രീതിയില്‍ സംഭരിക്കാനാണ് ഈ സംവിധാനം.
ഇതിന്റെ മുകളിലായി 30 മുതല്‍ 40സെ.മി വരെ പൂഴി നിരത്തും. അതിനുശേഷം ഒരിക്കല്‍കൂടി ദ്രവമാലിന്യങ്ങള്‍ ഉള്ളത് കൃത്യമായി സംഭരിക്കപ്പെടുന്നതിന് ഉതകുന്ന രീതിയില്‍ പ്രദേശത്തിന്റെ മുഴുവന്‍ ചരിവ് രൂപപ്പെടുത്തും. പിന്നീട് 15 സെ.മീറ്ററോളം നല്ല മണ്ണ് നിരത്തും. പിന്നീട് ഇതിലേക്ക് മഴവെള്ളം ഒഴുകി കൂടുതല്‍ മലിനജലം പുറത്തേക്ക് ഒഴുകാതിരിക്കാന്‍ എച്ച്ഡിപിഇ ഷീറ്റ് വിരിക്കും. ഈ ഷീറ്റിന് ആഘാതം വരാതിരിക്കാന്‍ വീണ്ടും ഒരു ചെറിയപാളി നല്ല മണ്ണ് വിരിയ്ക്കും. അതിനും മുകളിലായി ആവശ്യമെങ്കില്‍ കയര്‍ഭൂവസ്ത്രം കൂടി വിരിച്ച് ചെമ്മണ്ണോ, പുല്ലും ചെടിയും വളര്‍ത്തുന്നതിന് ആവശ്യമായ മണ്ണോ വിരിച്ച് സ്ഥലം വൃത്തിയാക്കുന്നതും കൃഷിക്ക് അനുയോജ്യമാക്കുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: