മരട്: ഗോകര്‍ണത്തുനിന്നും ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ രുദ്രായനം രഥയാത്രക്ക് ചൊവ്വാഴ്ച വൈകിട്ട് നെട്ടൂരില്‍ സ്വീകരണം നല്‍കും. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 11 വരെ കണ്ണൂരിലെ കണ്ണാടിപ്പറമ്പില്‍ നടക്കുന്ന അതിരുദ്ര മഹായജ്ഞത്തിനു മുന്നോടിയാണ് രഥയാത്ര പ്രയാണം നടത്തുന്നത്. കേരളത്തിലെ 108 ശിവാലയങ്ങള്‍ സ്പര്‍ശിച്ച് ഈ മാസം 16 നാണ് യാത്ര കന്യാകുമാരിയില്‍ സമാപിക്കും.
ഒക്ടോബര്‍ 1ന് ഗോകര്‍ണം ശ്രീമഹാബലേശ്വര ക്ഷേത്രത്തില്‍ വച്ച് ജഗത്ഗുരു ശങ്കരാചാര്യ ശ്രീശ്രീ രാഘവേശ്വര ഭാരതി മഹാസ്വാമിജിയാണ് രുദ്രായനത്തെ അനുഗ്രഹിച്ച് യാത്രയാക്കിയത്. പൂജ്യ സാധുവിനോദ്.ജി (രക്ഷാധികാരി), എം.ശ്രീധരന് നമ്പൂതിരി (യാത്രാസംയോജകന്) കുറ്റ്യാട്ട് വാസുദേവന്‍ നമ്പൂതിരി(ആചാര്യന്) എന്നിവരും 16 അംഗ തീര്‍ത്ഥാടക സംഘവും രഥയാത്രയെ അനുഗമിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ 6ന് ചേണ്ടമംഗലം കുന്നത്തൂര്‍ ശിവക്ഷേത്രത്തില്‍നിന്നും ആരംഭിക്കുന്ന എറണാകുളം ജില്ലയിലെ യാത്ര, ആലുവ, വരാപ്പുഴ, ചേരാനല്ലൂര്‍, എറണാകുളം വഴിയാണ് നെട്ടൂരിലെത്തുക. വൈകിട്ട് 4.30ന് ഐഎന്‍ടിയുസിയില്‍ നിന്നും സ്വീകരിക്കും. മഹാദേവക്ഷേത്ര ഉപദേശക സമിതി, വിവിധ ഹൈന്ദവ സംഘടനകള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മഹാദേവര്‍ ക്ഷേത്രസന്നിധിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് രഥയാത്ര തൃപ്പൂണിത്തുറ ലക്ഷ്യമാക്കി പ്രയാണം തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: