മരട്: നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം കാറ്റില്‍പ്പറത്തി ധനകാര്യമന്ത്രി കെ.എം.മാണിയുടെ അടുത്തബന്ധുപനങ്ങാട് ഏക്കര്‍കണക്കിന് ഭൂമി നികത്തുന്നതായി ആക്ഷേപം. കുമ്പളം പഞ്ചായത്തിലെ പനങ്ങാട് തേനാളില്‍ ക്ഷേത്രത്തിനു എതിര്‍വശത്തായി മന്ത്രിയുടെ ഏറ്റവും അടുത്ത ബന്ധമുള്ള ഒരാള്‍ വാങ്ങിക്കുട്ടിയിരിക്കുന്ന നിരവധി ഏക്കര്‍ തണ്ണീര്‍ത്തടവും നെല്‍വയലുകളും ഉള്‍പ്പെട്ട ഭൂമിയാണ് നിയമ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി മണ്ണിട്ടുനികത്തിവരുന്നത്. യുഡിഎഫ് നേതൃത്വത്തില്‍ ഭരണം നടക്കുന്ന പഞ്ചായത്തിലെ പ്രദേശത്തുനിന്നുള്ള കോണ്‍ഗ്രസ് അംഗം ഉള്‍പ്പെടെയുള്ളവര്‍ നികത്തലിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.
സ്വന്തമായി വീടില്ലാത്ത കര്‍ഷകര്‍ക്കും മറ്റും പരമാവധി രണ്ടരസെന്റ് സ്ഥലം വീടിനുവേണ്ടി മാത്രം നികത്തുവാനേ നിയമം അനുവദിക്കുന്നുള്ളു. ഇതിനുതന്നെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സമിതിയുടെ അനുമതി ആവശ്യമാണ്. തണ്ണീര്‍ത്തടം നികത്തുന്നത് പാടേനിരോധിച്ചിരിക്കുകയുമാണ്. എന്നാല്‍ നെല്‍ വയല്‍, നീര്‍ത്തട ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നതും അപാകതകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഈ സാഹചര്യം മുതലെടുത്താണ് മന്ത്രിബന്ധുക്കള്‍ ഉള്‍പ്പടെയുള്ള വമ്പാരും, ഭൂമാഫിയകളും ഭൂമി നികത്തല്‍ വ്യാപകമായി നടത്തിവരുന്നതെന്നാണ് ആക്ഷേപം.
ഡാറ്റാബാങ്കിലും മറ്റും കൃത്രിമം നടത്തി സംസ്ഥാനത്ത് ഏറ്റവും അധികം അനധികൃത നികത്തല്‍ നടന്നിട്ടുള്ളത് എറണാകുളം ജില്ലയിലെ കുമ്പളം പഞ്ചായത്തിലാണെന്ന് റെവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് റവന്യൂവകുപ്പിനും മറ്റും നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്മേല് കാര്യമായ അന്വേഷണമോ, മറ്റു നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ല.
റിയല്‍ എസ്റ്റേറ്റില്‍ കോടികള്‍ നിക്ഷേപിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഒരു പ്രമുഖന് മരടില്‍ സ്ഥിരംതാമസിക്കുന്നുണ്ട്. ഇയാളുടെ ഒത്താശയോടെയാണ് മന്ത്രി കെ.എം.മാണിയുടെ മരുമകന് ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ മരട്, കുമ്പളം പ്രദേശങ്ങളില്‍ ഏക്കറുകള്കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത് എന്നാണ് അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരം.
ധനമന്ത്രിയുടെ ബന്ധുനടത്തിവരുന്ന അനധികൃതഭൂമി നികത്തലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പഞ്ചായത്ത് അംഗവും, നാട്ടുകാരില്‍ ചിലരും കഴിഞ്ഞ ദിവസം രംഗത്തുവന്നു. ടിപ്പറില്‍ മണ്ണിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുമ്പളം പഞ്ചായത്ത്, വില്ലേജ്, പനങ്ങാട് പോലീസ് എന്നിവിടങ്ങളില്‍ പരാതിയുമായെത്തിയെങ്കിലും സ്റ്റോപ്പ്മെമ്മോ നല്കാന് തങ്ങള്‍ക്ക് അധികാരമില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. തണ്ണീര്‍ത്തടവും, പാടവും നികത്തുന്നതിന് സ്ഥലം ഉടമ അപേക്ഷ നല്‍കിയിരുന്നില്ലെന്നാണ് ലഭ്യമായ വിവരം.
എതിര്‍പ്പിനെ തുടര്‍ന്ന് തണ്ണീര്‍ത്തടം നികത്തല്‍ ഇന്നലെ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികത്തല്‍ വരും ദിവസങ്ങളില്‍ തുടരാനാണു സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: