ലണ്ടന്‍: ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ നായകന് ലെഫ്.ജനറല്‍ (റിട്ട.) കെ.എസ്.ബ്രാറിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കുമെന്ന് ബ്രിട്ടണ്. ഇന്ത്യയെയാണ് ബ്രിട്ടണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന്റെ ഓരോ ഘട്ടവും ഇന്ത്യയുമായി പങ്കുവെയ്ക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്ല്യം ഹേഗ് പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയ്ക്ക് ഇക്കാര്യമറിയിച്ചുകൊണ്ട് ഹേഗ് കത്തയയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം 30 നാണ് ബ്രാറിനെ ലണ്ടനില്‍ വെച്ച് ഒരു സംഘം പേര് വധിക്കാന്‍ ശ്രമിച്ചത്.
ആക്രമണത്തിനുശേഷം വിഷയം ഗൗരവമായെടുക്കണമെന്ന് ലണ്ടന്‍ അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ബ്രിട്ടണ് അറിയിച്ചു. ബ്രാര്‍ വധശ്രമവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ ബ്രിട്ടണ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒമ്പതുപേരെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സ്വകാര്യ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ ബ്രാറിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഇവര്‍ക്കും പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: