ന്യൂദല്‍ഹി: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി ഗ്രീന്‍ ട്രൈബ്യൂണല്‍ തള്ളി. റിപ്പോര്‍ട്ടിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്ന ട്രൈബ്യൂണല്‍ ഉത്തരവു പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം.
അതിരപ്പള്ളി പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്നായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ. ഇതോടെ അതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിക്കാനുള്ള സാധ്യത മങ്ങി. എന്നാല്‍ ഉത്തരവു പുനഃപരിശോധിക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു. വനം- പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് പരിശോധിച്ചു വരുന്നതേയുള്ളൂ.
അപൂര്‍ണ റിപ്പോര്‍ട്ട് ഉത്തരവാക്കുന്നതു പ്രയോഗിക വൈഷമ്യങ്ങള്ക്കിടയാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ വാദം തള്ളിയ ട്രൈബ്യൂണല്‍ പുനഃപരിശോധന ആവശ്യമില്ലെന്ന് ഉത്തരവിട്ടു. ജസ്റ്റിസ് എ.എസ്. നായിഡുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണു കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: