പാലാ: കൊച്ചിടപ്പാടി ഹൈവേ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ എബി.ജെ ജോസിന്റെ നേതൃത്വത്തില്‍ ധനമന്ത്രി കെ.എം.മാണിക്ക് നിവേദനം നല്കി. നാട്ടുകാരുടെയും പൊതുജനങ്ങളുടെയും ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ.എം.മാണി പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
അപാകത പരിഹരിക്കാതെ ടാറിംഗ് നടത്തുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും പൊതുമുതല്‍ പാഴാവുമെന്നുമുള്ള പരാതികള്‍ മുഖവിലയ്ക്കെടുക്കാത്ത ഉദ്യോഗസ്ഥ ധാര്ഷ്ഠ്യത്തിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. കൊച്ചിടപ്പാടി ഹൈവേ നിര്‍മ്മാണത്തിലെ അപാകതയും ക്രമക്കേടും വിവിധ സംഘടനാ നേതാക്കളെ ബോധ്യപ്പെടുത്താന്‍ സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചതായി എബി അറിയിച്ചു. സ്വതന്ത്ര ഡ്രൈവേഴ്സ് യൂണിയന്, എന്‍എസ്എസ്, എസ്എന്‍ഡിപി, കെസിവൈഎം തുടങ്ങിയ സംഘടനാ നേതാക്കളെ കൊച്ചിടപ്പാടിയില്‍ കൊണ്ടുവന്ന് അപാകതയും ക്രമക്കേടും ചൂണ്ടിക്കാട്ടി ബോധ്യപ്പെടുത്തുകയാണ് സ്ക്വാഡിന്റെ ലക്ഷ്യം.
അതിനിടെ മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ കൊച്ചിടപ്പാടി ഹൈവേ നിര്‍മ്മാണ വിഷയത്തില്‍ ഇടപെടുകയാണ്. ഇന്ന് വൈകുന്നേരം 5.30ന് എബി ഇമ്മാനുവേല്‍, സിസ്റ്റര്‍ റോസ് വൈപ്പന എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൊച്ചിടപ്പാടിയിലെത്തി നാട്ടുകാരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അതോടൊപ്പം ഹൈവേ നിര്‍മ്മാണത്തില്‍ കൂടുതല്‍ അപാകതകള്‍ ഉണ്ടോ എന്നു പരിശോധിക്കും. അപകടഭീഷണി ഉയര്‍ത്തുന്ന ബ്ലൈന്‍ഡ് സ്പോട്ട്, റോഡ് ബാങ്കിംഗ് അപര്യാപ്തത, ഡിസൈന്‍ സ്പീഡ് ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത എന്നിവ ചൂണ്ടിക്കാട്ടി വിശദീകരണം നല്കാന് നാട്ടുകാരായ ബേബി ആനപ്പാറ, റോണി എം.ജോര്‍ജ് മനയാനി, ബോസ് മുകാല, എബി.ജെ.ജോസ്, റോയി, പ്രിന്‍സ് എന്നിവര്‍ നേതൃത്വം നല്കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: