കടുത്തുരുത്തി: കെഎസ്ആര്‍ടിസി ബസിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിര്‍ദിശയില്‍ നിന്നെത്തിയ ലോറിക്കടിയിപ്പെട്ട് ഓട്ടോ ഓടിച്ചിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10.30ഓടെ കുറുപ്പന്തറ പോസ്റ്റോഫീസിന് സമീപമായിരുന്നു അപകടം. മാന്‍വെട്ടം ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന മേമ്മുറി അനുഭവനം വിജയന്റെ ഭാര്യ കൊച്ചുമോള് (42) ക്കാണ് പരിക്കേറ്റത്.
ഓട്ടോറിക്ഷാ യാത്രക്കാരനായ മാഞ്ഞൂര്‍ കാര്‍ത്തിക ചിറപ്പാട്ട് ഷാജി(47)ക്കും അപകടത്തില്‍ പരിക്കേറ്റു. വൈക്കത്തു നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. ഇതേ ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോറിക്ഷായെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ പിന്‍ഭാഗം ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ എതിര് ദിശയില്നിന്നുമെത്തിയ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. അരിയുമായി വൈക്കം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് ഓട്ടോയിലിടിച്ചത്. കൊച്ചുമോള് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കടുത്തുരുത്തി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: