പള്ളുരുത്തി: ചെല്ലാനം കണ്ടക്കടവ്, കണ്ണമാലി തുടങ്ങിയ പ്രദേശങ്ങളിലെ ഹൈന്ദവരുടെ ശവദാഹം നടത്തിക്കൊണ്ടിരുന്ന പൊതുശ്മശാനം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. ഹൈന്ദവശ്മശാനത്തിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നിരവധി ഹൈന്ദവ സമുദായ സംഘടനകളും നാളുകളായി പ്രദേശത്ത് സമരത്തിലാണ്. പ്രത്യക്ഷസമരരംഗത്തുണ്ടായിരുന്ന സംഘടനകളുമായി ആലോചിക്കാതെ ചെല്ലാനത്തെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ തിങ്കളാഴ്ച ചെല്ലാനത്ത് പ്രതിഷേധദിനമാചരിക്കാന്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ശ്മശാനം പൊളിച്ച്മാറ്റാനെത്തിയവരെ സ്ഥലത്തെത്തിയ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞുവെങ്കിലും പോലീസിനെ ഉപയോഗിച്ച് ഇവരെ മാറ്റുകയായിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയവര്‍ ഹിന്ദു നേതാക്കളെ അധിക്ഷേപിച്ചതായും പരാതി ഉയര്‍ന്നു. അതേസമയം ശ്മശാനം പൊളിച്ചുമാറ്റിയിടത്ത് പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ് പണിയുവാന്‍ നീക്കം നടത്തുന്നതായും ഹൈന്ദവ സംഘടനാ നേതാക്കള്‍ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇതിനുവേണ്ടി ഗുഢാലോചന നടത്തുന്നതായും നേതാക്കള്‍ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ പഞ്ചായത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതീകാത്മക ശവദാഹം നടത്തും. കണ്ടക്കടവ് ജംഗ്ഷനില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. ചെല്ലാനം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രത്യേകം തീര്‍ത്ത ചിതയില്‍ ഹൈന്ദവ ആചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തി ശവദാഹവും നടത്തും. ബിജെപി നേതാവ് പി.ബി.സുജിത്ത് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി, വിവിധ ഹൈന്ദവ സാമുദായിക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: