കോട്ടയം: പാമ്പാടി കാളച്ചന്തയില്‍ ഇറങ്ങി സ്കൂളില്‍ പോകേണ്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മണര്‍കാട് കവലയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാരുടെ നടപടി വിവാദമാകുന്നു. പാമ്പാടി വിമലാംബിക പബ്ലിക് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥി അദൈ്വദ് എം.ജെയെയാണ് ഇന്നലെ രാവിലെ മണര്‍കാട് കവലയില്‍ ഇറക്കിവിട്ടത്.
രാവിലെ 7.45ന് കോട്ടയം റാന്നി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മന്നാ ബസ്സില്‍ പാമ്പാടി ചേന്നംപള്ളിയില്നിന്നും അദ്വൈത് കയറി. പാമ്പാടി കാളച്ചന്തയിലിറങ്ങേണമെന്ന് ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥിയെ ഇറക്കിവിടാതെ വെള്ളൂരില്‍ ഇറക്കിവിടാന്‍ ശ്രമിച്ചു. തനിക്ക് വഴിയറിയില്ലെന്നും ബസ്സില്‍നിന്നും ഇറങ്ങുകയില്ലെന്നും പറഞ്ഞ അദൈ്വദിനെ മണര്‍കാട് കവലയില്‍ ഇറക്കിവിടുകയായിരുന്നു. മണര്‍കാട് കവലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞ അദൈ്വദിനെ മറ്റൊരു ബസ്സില്‍ കയറ്റിവിടുകയായിരുന്നു. സ്കൂളിലെത്തിയ വിദ്യാര്‍ത്ഥി സ്കൂള്‍ അധികൃതരോട് വിവരം പറയുകയും അധികൃതര്‍ പാമ്പാടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സ്വകാര്യ ബസ് ജീവനക്കാരുടെ നടപടിയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: