അയര്‍ക്കുന്നം: പത്രങ്ങളില്‍ വിവാഹ പരസ്യം നല്കി വ്യാപക തട്ടിപ്പെന്ന് പരാതി. വരനെയും വധുവിനെയും ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. പരസ്യത്തിലെ ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു ഉടന്‍ എല്ലാം ശരിയാക്കാമെന്ന് അറിയിക്കും. ഒരാഴ്ച കഴിഞ്ഞു ബ്യൂറോയില്‍ നിന്ന് വിളിക്കും. നിങ്ങള്‍ക്ക് ചേരുന്ന കുറേ ആലോചനകള്‍ വന്നിട്ടുണ്ട് ബയോഡേറ്റകള്‍ നിങ്ങളുടെ മേല്‍വിലാസത്തില്‍ വിപിപിയായി അയയ്ക്കുന്നു.
പോസ്റ്റോഫീസില്‍നിന്നും പണം അടച്ചു വിപിപി കൈപ്പറ്റി പരിശോധിക്കുമ്പോളാണ് തങ്ങളെ കബളിപ്പിച്ചു എന്ന് അറിയുന്നത്. കുറെ പെണ്‍കുട്ടികളുടെ ബയോഡേറ്റയാണ് അവര്‍ അയച്ചു തരുന്നത്. ബയോഡേറ്റയില്‍ കാണുന്ന ഫോണ്‍ നമ്പരിലേക്ക് വിളിച്ചു ചോദിച്ചാല്‍ ഇവരുടെയൊക്കെ വിവാഹം കഴിഞ്ഞിട്ടു വര്‍ഷങ്ങളായി എന്ന വിവരമാണ് അറിയുന്നത്. ആറുമാനൂര്‍ കൂടത്തിനായില് സതീഷിന് വിചിത്രമായ അനുഭവമാണ് ഉണ്ടായത്. മൂവാറ്റുപുഴയിലെ ക്ലാസിക് മാര്യേജ് ബ്യൂറോയില്‍നിന്നും കിട്ടിയ ബയോഡേറ്റയിലെ വിവരങ്ങള്‍ക്കായി വിളിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞു. വിവാഹത്തിന് പ്രായമായ പെണ്‍കുട്ടികളില്ല. അവളുടെ മകള്‍ വളര്‍ന്നുവരട്ടെ അപ്പോള്‍ ആലോചിക്കാം.
നൂറുകണക്കിന് ആളുകാണ് വിവാഹ പരസ്യം നല്കി കബളിക്കപ്പെടുന്നത്. ആയിരത്തിഅഞ്ഞൂറ് രൂപയ്ക്കായി ആരും പരാതിയുമായി പോകാറില്ല. മാര്യേജ് ബ്യൂറോയില്‍ വിളിച്ചാല്‍ ഉടമസ്ഥരെ കിട്ടാറുമില്ല. ജീവനക്കാരോടു കയര്‍ത്തു പ്രശ്നം അവസാനിക്കുന്നു. ഒരേ ബയോഡേറ്റയാണ് പലര്‍ക്കും അയച്ചു കൊടുക്കുന്നത്. പരാതിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സതീഷ് കൂടത്തിനായില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: