പെരുമ്പാവൂര്‍: മണ്ഡലകാലം വന്നെത്തുന്നതോടെ അയ്യപ്പഭക്തരായ ഹൈന്ദവ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ദേവസ്വംബോര്‍ഡും സര്‍ക്കാരും തയ്യാറെടുക്കുന്നു. ഇതിന്റെ ഉദാഹരണമാണ് പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കെട്ടുനിറ പരീക്ഷണാടിസ്ഥാനത്തില്‍ ലേലം ചെയ്യുവാന്‍ ശ്രമിക്കുന്നത്. വൃശ്ചികം ഒന്നിന് മാലയിട്ട് വ്രതമെടുത്ത് എത്തുന്ന അയ്യപ്പഭക്തര്‍ കെട്ടുനിറയ്ക്കുന്നത് നാട്ടിലെ ക്ഷേത്രമുറ്റത്ത് വച്ചാണ്. ഇതിനായി ദേവസ്വംബോര്‍ഡിന്റെയും അല്ലാത്തതുമായ ക്ഷേത്രങ്ങളില്‍ 10 രൂപ നടപ്പണവും നല്‍കിവരുന്നുണ്ട്. എന്നാല്‍ ഈ തുക മതിയാകാത്തതാകാം ദേവസ്വംബോര്‍ഡിനെ ലേലത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഭക്തര്‍ പറയുന്നു.
എന്നാല്‍ 2011ല്‍ ഇതുപോലൊരു ലേലശ്രമം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തിയതാണ്. എന്നാല്‍ ഭക്തരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സാങ്കേതിക കാരണങ്ങള്‍ നിരത്തി ഇത് വേണ്ടെന്ന് വക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ നിരധിയെത്തുന്ന ഒരു ക്ഷേത്രമാണ് പെരുമ്പാവൂരിലേത്. ഇവിടമാണ് ദേവസ്വംബോര്‍ഡിന്റെ പരീക്ഷണശാലയാക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ഭക്തജനങ്ങള്‍ പറയുന്നു.
തൃക്കാരിയൂര്‍ ഗ്രൂപ്പിന് കീഴിലുള്ള പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കെട്ടുനിറ ലേലം ചെയ്യാനൊരുങ്ങുന്ന ബോര്‍ഡിന്റെ നടപടിക്കെതിരെ ക്ഷേത്രഉപദേശകസമിതി മൗനം പാലിക്കുന്നതും ഭക്തരുടെ എതിര്‍പ്പിന് ഇടയാക്കുന്നു. ഭക്തര്‍ക്കൊപ്പം നില്‍ക്കേണ്ട ഉപദേശകസമിതിയും ബോര്‍ഡിനൊപ്പം ചേരുകയാണെന്നാണ് ക്ഷേത്രവിശ്വാസികള്‍ പറയുന്നത്. കെട്ടുനിറ ലേലം വിളിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പെരിയ സ്വാമിമാര്‍ക്ക് ദക്ഷിണ നല്കി നിറച്ചിരുന്ന ഇരുമുടിക്കെട്ടിന് ഇനി വന്‍തുക പ്രതിഫലം നല്‍കേണ്ടിവരുമെന്നാണ് ഭക്തര്‍ പറയുന്നത്.
ഹൈന്ദവ ക്ഷേത്രങ്ങള്‍കൊണ്ട് ദേവസ്വംബോര്‍ഡും സര്‍ക്കാരും കോടികളാണ് കൊയ്യുന്നത്. കേരളത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ശബരിമലയിലെത്തുന്ന ഭക്തന്മാര് ഓരോ ശരണം വിളിക്കും പണം കൊടുക്കേണ്ട കാലം വിദൂരത്തല്ലെന്നും പെരുമ്പാവൂരിലെ ഭക്തജനങ്ങള്‍ പറയുന്നു. ശബരിമല കാണാത്ത പെരിയോന്മാരെ കെട്ടുനിറക്കായി ചുമതലപ്പെടുത്താനുള്ള ദേവസ്വംബോര്‍ഡിന്റെ ലേലശ്രമത്തിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് അയ്യപ്പഭക്തര്‍ പറയുന്നു.
ടി.എന്‍.സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: