കൊച്ചി: വിഷാംശം കലര്‍ന്ന അന്യ സംസ്ഥാന പച്ചക്കറി ഉപഭോഗത്തിന് പരിഹാരമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും മറ്റിതര ഏജന്‍സികള്‍ വഴിയും നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ആക്കം കൂട്ടുവാന്‍ കയര്‍ഫെഡ് ‘സമൃദ്ധി’ കാര്‍ഷിക പ്രോത്സാഹന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി ചകിരിച്ചോറില്‍ നിര്‍മ്മിച്ച ജൈവവളവും മണലും ചേര്‍ന്ന മിശ്രിതം അടങ്ങിയ ഗ്രോ ബാഗും പച്ചക്കറികള്‍ പടര്‍ത്തുന്നതിന് സഹായകരമാകുന്ന “സമൃദ്ധി കയര്‍ വലകളും” വിപണിയില്‍ ഇറക്കുന്നു.
ടെറസിന്റെ മുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടിന്റെ അടുക്കള തോട്ടങ്ങളിലുമുള്ള കൃഷിക്ക് ഇന്നുള്ള പ്രധാന പ്രശ്നം കാര്‍ഷിക സൗഹൃദ സാമഗ്രികള്‍ ലഭ്യമല്ല എന്നതാണ്. പച്ചക്കറികള്‍ പടര്‍ത്തുന്നതിന് പ്ലാസ്റ്റിക് കയറുകളോ, ചരടുകളോ ആണ് ഉപയോഗിയ്ക്കുന്നത്. ചൂട്പിടിക്കുമ്പോള്‍ അന്തരീക്ഷത്തേക്കാള്‍ വര്‍ദ്ധിത ഊഷ്മാവ് ഉണ്ടാവുകയും വള്ളികള്‍ തളിര്‍ക്കുന്നതിനും പൂക്കുന്നതിനും പ്രതിബന്ധമാകാറുണ്ടെന്നും അതിന് പകരമായിട്ടാണ് ഇന്‍സ്റ്റന്റ് മാതൃകയില്‍ ഉപയോഗിക്കാവുന്ന രണ്ട് മീറ്റര്‍ വീതിയും അഞ്ച് മീറ്റര്‍ നീളവുമുള്ള “സമൃദ്ധി കയര്‍ നെറ്റുകള്‍” വിപണിയില്‍ ഇറക്കുന്നതെന്നും കയര്‍ഫെഡ് പ്രസിഡന്റ് എസ്.എല്‍.സജികുമാറും മാനേജിംഗ് ഡയറക്ടര്‍ കെ.എം.മുഹമ്മദ് അനിലും പറഞ്ഞു.
കയര്‍ മേഖലയിലെ വിപണിമാന്ദ്യം നേരിടുന്ന പലതരം കയര്‍ ഇനങ്ങളും ഇതിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. കൊല്ലം, മലപ്പുറം ജില്ലാ പഞ്ചായത്ത്, കെ.എസ്.പുരം ഗ്രാമപഞ്ചായത്ത്, സംസ്ഥാന ഹോര്‍ട്ടി കോര്പ്പറേഷന് തുടങ്ങിയവരുമായി പ്രാഥമിക ചര്‍ച്ച നടത്തുകയും ഇവര്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിവിധയിനം പച്ചക്കറികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ജൈവവളങ്ങള്‍ അടങ്ങിയ ഗ്രോ ബാഗിന്് 100, 125, 150 രൂപ വീതമാണ് വില നിശ്ചയിച്ചിട്ടുള്ളത്. സമൃദ്ധി കയര്‍ വലകള്‍ക്ക് സ്ക്വയര്‍ ഫീറ്റിന് 40 രൂപയാണ് വില.
ഗ്രോ ബാഗുകളില്‍ നിറയ്ക്കുന്ന ജൈവവളം റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച് ഗുണനിലവാരം ഉള്ളവയാണെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ പ്രാഥമിക സഹകരണ സംഘങ്ങളെയും കുടുംബശ്രീയെയും ഉള്‍പ്പെടുത്താന്‍ കഴിയും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സംസ്ഥാന റവന്യൂ- കയര്‍ മന്ത്രി അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് വ്യാപിപ്പിക്കുന്നതിനായി കൃഷി വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തി. കയര്‍ഫെഡില്‍ കെട്ടിക്കിടക്കുന്ന 12 കോടി രൂപയുടെ കയറിന്റെ നല്ലൊരു ശതമാനവും ഇത്തരത്തില്‍ ഉപയോഗിക്കുവാന്‍ കഴിയും. ഈ വര്‍ഷം കയര്‍ഫെഡ് വിപണിയില്‍ ഇറക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന ശ്രേണിയിലെ ഏഴാമത്തെ ഉല്‍പ്പന്നമാണ് “സമൃദ്ധി”. താല്‍പ്പര്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 8281009822, 8281009830 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: