ഈശ്വരനെ നിര്‍വചിക്കുമ്പോള്‍ പ്രജ്ഞാനം ബ്രഹ്മ എന്നാണ് ഉപനിഷത്തുകള്‍ പറയുന്നത്. പ്രകൃഷ്ടമായ ജ്ഞാനമാണ് പ്രജ്ഞാനം. പുരുഷ ഏവേദം സര്‍വം എന്നു പറയുമ്പോള്‍ സമസ്ത വിജ്ഞാനത്തിന്റേയും സമസ്ത ചൈതന്യത്തിന്റെയും സമസ്തശക്തിയുടെയും ആധാരമാണ് പ്രരബ്രഹ്മം എന്നാണര്‍ത്ഥമാക്കുന്നത്.
ഏകാഗ്രതയോടെ ധ്യാനിച്ചാല്‍- നിഷ്കാമകര്മങ്ങളിലൂടെ ഉപാസിച്ചാല്‍ ദിവ്യാനന്ദ രൂപത്തിലുള്ള ഫലം പരമകാരുണികനായ ഈശ്വരന് കനിഞ്ഞു നല്‍കുക തന്നെ ചെയ്യും.
സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും അന്യരുടെ ഇഷ്ടാനിഷ്ടങ്ങളുമായി സമരസപ്പെടുത്തി ജീവിക്കാന്‍ പഠിക്കുക. അങ്ങനെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും സുന്ദരകല അഭ്യസിക്കുക.
‘ഗായത്രി ഛന്ദസാം മാതാ’ ഗായത്രി വേദങ്ങളുടെ മാതാവാണ്. വേദങ്ങളുടെ വേരുകളില്‍ നിന്നുപൊട്ടിയ മുളകളാണ് ഉപനിഷത്തുകള്‍. ആ മുളകളില്‍ നിന്ന് വളര്ന്നുവന്നകാണ്ഡമാണ് ഭഗവദ്ഗീത. ആ മുങ്ങാത്ത പൊങ്ങുതടിയില്‍ കയറിയിരുന്നാല്‍ ക്രമേണ സംസാരസാഗരത്തിന്റെ മറുകരകടക്കാനായെന്നുവരും.
വിഭിന്ന സ്വഭാവത്തോടു കൂടിയ നന്മയും തിന്മയും ഒരേ ഹൃദയത്തില്‍ നിന്ന് തന്നെയാണ് ഒഴുകിവരുന്നത്. എല്ലാ അഭീഷ്ടങ്ങളും നിറവേറ്റാന്‍ കഴിവുള്ള ഒരു കല്പവൃക്ഷത്തിന്റെ ചുവട്ടിലാണ് നാമിരിക്കുന്നത്. നന്മ ചോദിച്ചാല്‍ നന്മയും തിന്മ ചോദിച്ചാല്‍ തിന്മയും നമുക്കു കിട്ടും. നമ്മുടെ ചിന്തയും സങ്കല്പവും പ്രവര്‍ത്തനവും ശുദ്ധമാണെങ്കില്‍ നല്ല കാര്യങ്ങള്‍ മാത്രമേ ജീവിതത്തിലുണ്ടാവൂ. ഇതൊന്നും പുറമേ നിന്ന് വരുന്നതല്ല. ഉള്ളില്‍ നിന്നുറവ പൊട്ടുന്നതാണ്. അതിനാല്‍ നമ്മുടെ ഉള്ളറ ആവുന്നിടത്തോളം വിശുദ്ധമാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ്.
ധര്‍മത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ ഏത് പ്രവൃത്തിയും ഫലവത്താകും. ധര്മബലത്തോടൊപ്പം ദൈവബലം കൂടി ഉണ്ടായാലോ പിന്നെ പറയാനുമില്ല. ധര്മബലമില്ലാത്തവന് സന്മാര്ഗനിരതനാവാന് സാധ്യമല്ല.
അന്ധമായി അനുകരിക്കുന്നത് മൂഢതയാണ്. മറ്റൊരുവന്റെ നടത്തയെ അനുകരിക്കുന്നതിനെക്കാള്‍ നന്ന് സര്‍വ നാശമാണ്. ഓരോരുത്തര്‍ക്കും തനതായ ചില സ്വഭാവങ്ങളും സിദ്ധികളുമുണ്ട് . അവയെ പരിപോഷിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം ശുദ്ധവും അകൃത്രിമവുമത്രേ.
നന്നായി കാര്യങ്ങള്‍ വീക്ഷിക്കണം. അത് ജീവിതത്തിന് ഒരടിത്തറ സൃഷ്ടിക്കലാണ്. ആ സൃഷ്ടി തന്നെ ദൃഷ്ടി അഥവാ ദര്‍ശനം.
അഹങ്കാര സ്പര്‍ശമില്ലാതെ ഇശ്വരാര്പ്പണമായിക്കരുതി അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ നിങ്ങളെ ബന്ധിക്കയില്ല. പ്രത്യുത അത് സംസാരബന്ധനത്തില്‍ നിന്ന് സ്വതന്ത്രനാക്കി മോക്ഷപഥത്തിലേക്ക് നയിക്കുകയേ ഉള്ളൂ.
ശരീരം ഈശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു പുണ്യക്ഷേത്രമാണ്. ഈ സത്യം മനസ്സിലാക്കി അന്തര്‍മുഖനായി ഈശ്വരാനുഗ്രഹാപാത്രമായി അനന്തമായ ആനന്ദമനുഭവിക്കുക.
നിങ്ങളുടെ സ്നേഹം ഉയരങ്ങളിലേക്ക് നയിക്കപ്പെടട്ടെ. ശുദ്ധവും ദിവ്യവുമായ നിങ്ങളുടെ സ്നേഹം നിത്യവും സത്യവുമായ ഒരു ലക്ഷ്യത്തിലേക്കാണ് നയിക്കപ്പെടേണ്ടത്. അതിനെ അനിത്യമായ ഭൗതികവസ്തുക്കളിലേക്കൊഴുക്കി വിട്ടാല്‍ പിന്നാലെ പശ്ചാത്തപത്തിന്റെ കണ്ണീര്കൂടി ഒഴുക്കിവിടേണ്ടിവരും.
ഈശ്വരനെ ഭാവന ചെയ്യുക. ഈശ്വരനെ അന്വേഷിക്കുക. ഈശ്വരനില്‍ ലയിക്കുക. അതാണ് അതുമാത്രമാണ് ജീവിതത്തിന്റെ പരമലക്ഷ്യം.
നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ തുറന്ന മനസ്സോടെ- സന്തോഷത്തില്‍ മുഴുകി പ്രേമത്തില്‍ മതിമറന്ന് ഇടതടവില്ലാതെ സാധുജനസേവനമനുഷ്ഠിക്കുകയാണെങ്കില് ഈശന് കാരുണ്യത്തില്‍ ഉരുകി നിങ്ങളെ അനുഗ്രഹിക്കാന്‍ ഓടിയണയുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: