ഹരിയാനയിലെ ഒരു ദിനപത്രം വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്കി. “ചികിത്സയ്ക്കും വിദേശ യാത്രയ്ക്കും യുപിഎ അധ്യക്ഷ 1880 കോടി ഈടാക്കി” എന്നായിരുന്നു അത്. അടുത്തിടെ ഹരിയാനയിലെ സൂരജ് കുണ്ടില്‍ പോയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഈ വാര്‍ത്ത പരാമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കണമെന്നാണ് മോഡി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയോ ധനമന്ത്രിയോ മറ്റു കേന്ദ്രത്തില്‍ ചുമതലപ്പെട്ടവരാരെങ്കിലുമോ ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. വാര്‍ത്ത അസത്യമാണെന്ന് കോണ്‍ഗ്രസുകാരില്‍ ചിലര്‍ നിഷേധിക്കുന്നു. അസത്യവാര്ത്തയ്ക്കെതിരെ കേസു കൊടുക്കാനൊന്നും കോണ്‍ഗ്രസ് ഒരുക്കമല്ല. ഗുജറാത്തിലെ രാജ്കോട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സോണിയ പക്ഷേ ഇക്കാര്യം നിഷേധിക്കാന്‍ കൂട്ടാക്കിയില്ല. വ്യക്തിപരമായ വിമര്‍ശനത്തിന് മറുപടി നല്‍കുന്നില്ലെന്ന് പറയാനും തയ്യാറായി. ഇതിനിടയില്‍ വിവരാവകാശ കമ്മീഷന് സോണിയ ചികിത്സയ്ക്ക് കാശൊന്നും വാങ്ങിയില്ലെന്നും പ്രസ്താവിച്ചു. മോഡി ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരിനോടാണ്. വിവരാവകാശ കമ്മീഷന് എന്തിനാണാവോ ചാടിക്കയറി സോണിയയുടെ ചികിത്സക്കാര്യം പറഞ്ഞത് ?
സോണിയ വ്യക്തിപരമായ വിമര്‍ശനത്തിന് മറുപടി നല്കിയില്ലെങ്കിലും മോഡിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ മറന്നില്ല. മാത്രമല്ല ഗുജറാത്തിലെ വന്‍ പുരോഗതിയുടെ അവകാശികള്‍ കോണ്‍ഗ്രസും തന്റെ കുടുംബവുമാണെന്നു വരെ അവകാശപ്പെട്ടിരിക്കുന്നു. എട്ടുകാലി മമ്മൂഞ്ഞിനെ പോലെ. ഗുജറാത്തിലെ പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിച്ചതിന്റെ പകുതി പണം കേന്ദ്രമാണ് നല്‍കിയതെന്നും ജനങ്ങള്‍ അത് മനസ്സിലാക്കി വിധിയെഴുതണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. അമ്പമ്പോ എന്തൊരു തൊലിക്കട്ടി എന്നല്ലാതെ മേറ്റ്ന്തു പറയാന്‍. ബിജെപി ഭരിക്കുന്ന ഗുജറാത്തിനു മാത്രമായി കേന്ദ്രം പ്രത്യേകം വല്ലതും നല്കുന്നുണ്ടോ ?
ഗുജറാത്തിന്റെ അതിര്‍ത്തി പങ്കിടുന്ന അയല്സംസ്ഥാനങ്ങളാണ് രാജസ്ഥാനും മഹാരാഷ്ട്രയും മധ്യപ്രദേശും. ഗുജറാത്തിന്റെ പാതയില്‍ തന്നെ മധ്യപ്രദേശും പുരോഗമിക്കുകയാണ്. രാജസ്ഥാനും മഹാരാഷ്ട്രയും ഭരിക്കുന്നത് കോണ്‍ഗ്രസാണല്ലോ. അവിടെ കേന്ദ്രം പണമൊന്നും കൊടുക്കാത്തതു കൊണ്ടാണോ മുന്നേറ്റം നടത്താന്‍ കഴിയാത്തത് ? കേന്ദ്രത്തിന്റെ പണം എന്നാല്‍ അത് ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണോ ? കോണ്‍ഗ്രസിന്റെ തറവാട്ടു സ്വത്താണോ ? വര്‍ത്തമാനം പറയുമ്പോള്‍ മര്യാദ പാലിക്കേണ്ടതല്ലേ ? പ്രധാനമന്ത്രി പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വെറുമൊരു പാര്‍ട്ടി പ്രസിഡന്റായ സോണിയയ്ക്കെങ്ങനെ പറയാന്‍ തോന്നി ? യുപിഎ ചെയര്‍പേഴ്സണ്‍ എന്ന പദവിയിലാണോ അങ്ങനെ മൊഴിഞ്ഞത്. യുപിഎ ചെയര്‍പേഴ്സണ്‍ എന്നു വച്ചാല്‍ ഇവിടുത്തെ പി.പി.തങ്കച്ചനെ പോലെ. തങ്കച്ചനാണല്ലോ ഭരണമുന്നണി കണ്‍വീനര്‍.
കേന്ദ്രസര്‍ക്കാരിന്റെ പണം ഗുജറാത്തിന് നല്കിയെങ്കില് അതില്‍ ഒരു ചില്ലിക്കാശു പോലും നരേന്ദ്രമോഡിയുടെ പോക്കറ്റില്‍ പോയിട്ടില്ല. നരേന്ദ്രമോഡി ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രഖ്യാപിച്ച സമ്പത്ത് ഇത്രയും കാലം ഭരിച്ചിട്ടും ഇരട്ടിയാക്കിയിട്ടില്ല. സോണിയ ആദ്യമത്സരം നടത്തിയപ്പോള്‍ വെളിപ്പെടുത്തിയ സമ്പാദ്യവും ഇപ്പോഴത്തെ സമ്പാദ്യവും തമ്മില്‍ വല്ല പൊരുത്തവുമുണ്ടോ ? അവരുടെ സമ്പാദ്യങ്ങളെല്ലാം പണം കായ്ക്കുന്ന വന്മരങ്ങളല്ലേ ? സോണിയയുടെ പുന്നാര മോള് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് കാണക്കാണേ കോടാനുകോടികള്‍ വാരിക്കൂട്ടിയതിനു പിന്നില്‍ 2ജിയും കല്ക്കരിയുമൊന്നുമില്ലെന്ന് നാട്ടുകാര്‍ വിശ്വസിക്കണമോ ? 52 ലക്ഷത്തില്‍ നിന്നും ഒരു ലക്ഷം കോടിയുടെ ഉടമയാകാന്‍ പണം കായ്ക്കുന്ന മരമുണ്ടെങ്കിലല്ലേ സാധിക്കൂ. തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു പൊരുത്തവുമില്ലാത്ത കോണ്‍ഗ്രസ് ഭരണം പോലെയല്ല ഗുജറാത്തിലെ ഭരണമെന്നതിന് സാക്ഷ്യം പറയുന്നത് ബിജെപിക്കാര്‍ മാത്രമല്ലല്ലോ.
ഇന്ത്യയിലെ പ്രധാനപ്പെട്ടതും വലുതുമായ നിരവധി വ്യവസായസ്ഥാപനങ്ങള്‍ ഗുജറാത്തില്‍ അടുത്ത കാലത്തായി ഉയര്‍ന്നുവന്നു. കാറ്റോ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അവലോകന പ്രകാരം ഇന്ത്യയിലെ ഏറ്റവും നല്ല നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് ഗുജറാത്ത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ റിലയിന്‍സ് വ്യവസായശാല സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ ജാം നഗറിലാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍പൊളിശാല ഗുജറാത്തിലെ ബാവ്നഗറിനടുത്തുള്ള അലാങ്ങ് എന്ന സ്ഥലത്താണ്. ഇന്ത്യയിലെ നിലവിലുള്ള മൂന്നില്‍ രണ്ടു ദ്രവീകരണ പ്രകൃതിവാതക (എല്‍.എന്‍.ജി) ശാലയും സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ ഡഹീജ്, ഹസീര എന്നീ സ്ഥലങ്ങളിലാണ്. പുതുതായി രണ്ടു എല്‍.എന്‍.ജി കൂടി പിപവാവ്, മുണ്ട്ര എന്നീ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു. 2,200 കിലോമീറ്റര്‍ ഓളം നീളത്തില്‍ വാതക പൈപ്പുലൈനുകള്‍ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഗുജറാത്ത്.�ഗുജറാത്തില്‍ നിലവിലുള്ള റോഡുകളുടെ 87.9 ശതമാനവും കറുത്ത കീലു കൊണ്ട്(ആസ്ഫാള്‍ട്ട്) ആവരണം ചെയ്തിട്ടുണ്ട്. ജ്യോതിഗ്രാം യോജന എന്ന പദ്ധതിയിലൂടെ ഗുജറാത്തിലെ 18,000 ഗ്രാമങ്ങള്‍ അടക്കം എല്ലാ സ്ഥലങ്ങളിലും 24 മണിക്കുറും വൈദ്യതി ലഭ്യമാക്കുന്ന രീതിയില്‍ 100 ശതമാനം വൈദ്യുതിവത്കരിച്ചിട്ടുണ്ട്. താപവൈദ്യുതി നിലയത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ ഗുജറാത്ത് ഒന്നാംസ്ഥാനത്ത് നില്ക്കുന്നു. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ 9 ശതമാനവും ഗുജറാത്തിലാണ്.
വിവരസാങ്കേതിക വളര്‍ച്ചയില്‍ ഗുജറാത്തിന്റെ കുതിപ്പ് അസൂയാവഹമല്ലേ. 50,000 കിലോമീറ്റര്‍ അധികം നീളമുള്ള ഗുജറാത്തിലെ ഓ.എഫ്.സി നെറ്റ്വര്‍ക്ക് ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ ഓ.എഫ്.സി നെറ്റ്വര്‍ക്കാണ്. സംസ്ഥാനത്തിന് സ്വന്തമായി വൈഡ് ഏരിയ നെറ്റ്വര്‍ക്ക് കണക്ഷന് ഉണ്ട്. ഇത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നെറ്റ്വര്ക്കും ലോകത്തിലെ രണ്ടാമത്തെ വലിയ നെറ്റ്വര്‍ക്കുമാണ്. സംസ്ഥാനത്തിലെ 26 ജില്ലകളെയും 225 താലുക്കുകളെയും ഇതു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ് ബാന്‍ഡ് കണക്ഷന് ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗുജറാത്തിന്റെ കാര്‍ഷിക വളര്‍ച്ച 12.8 ശതമാനത്തിനു മുകളിലാണ്. രാജ്യത്തിന്റെ ശരാശരി കാര്‍ഷിക വളര്‍ച്ച 2 ശതമാനം മാത്രമാണെന്നോര്‍ക്കണം. 2011 ജൂലൈയിലെ റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ച ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തുല്യമായി തുടരുന്നു. കൃത്യമായ ഉദ്യോഗസ്ഥഭരണവും വൈദ്യുതിയുടെ ലഭ്യതയും ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു കാരണമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട്, ജാംനഗര്‍, ഭാവ്നഗര്‍ എന്നിവയാണ് ഗുജറാത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങള്‍. 2010ലെ ഫോര്‍ബസിന്റെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന പട്ടണങ്ങളില്‍ അഹമ്മദാബാദ് മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന പട്ടണങ്ങളില്‍ ഒന്നാണ് സൂററ്റ്. ഗുജറാത്തിന്റെ സാംസ്കാരിക പട്ടണമായി കരുതുന്ന വഡോദര, ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പട്ടണങ്ങളില്‍ മറ്റൊന്നാണ്.
ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിപ്സം, മാംഗനീസ്, ലിഗ്നൈറ്റ് എന്നിവ ധാരാളമായി ഖാനനം ചെയ്യുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സോഡാ ആഷിന്റെ 98 ശതമാനവും ഗുജറാത്തില്‍ നിന്നുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ശരാശരിയെക്കാള്‍ മുകളിലാണ് ഗുജറാത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) എണ്ണയ്ക്കും പ്രകൃതിവാതകത്തിനും ഇന്നു പേരുകേട്ട സ്ഥലങ്ങളായി കലോള്‍, ഖംഭറ്റ്, അങ്കലേശ്വര്‍ എന്നിവ മാറികഴിഞ്ഞു.ജനറല്‍ മോട്ടോര്‍സിന്റെ കാര്‍ നിര്‍മാണ ശാലയും ടാറ്റായുടെ നാനോ കാര്‍ നിര്‍മാണ ശാലയും ബി.എം.ഡബ്ലുവിന്റെ ട്രക്ക് നിര്‍മാണ കേന്ദ്രവും ഗുജറാത്തിലെത്തിയത് കോണ്‍ഗ്രസിന്റെ ഉപദേശപ്രകാരമല്ല. വജ്രവ്യവസായത്തിനു പേരുകേട്ട സ്ഥലമാണ് ഗുജറാത്തിലെ സുറത്ത്. 2003ലെ കണക്കുപ്രകാരം ലോകത്തില്‍ ഉത്പാദിപ്പിക്കുന്ന വജ്രത്തിന്റെ 92 ശതമാനം വെട്ടുകയും മിനുസപ്പെടുത്തുന്നതും ചെയ്യുന്നത് ഗുജറാത്തിലാണ്.
സൗരോര്‍ജ ഉത്പാദനതില്‍ ഗുജറാത്ത് ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ഗുജറാത്ത് ഗവണ്മെന്റ് ആവിഷ്കരിച്ച സൗരോര്‍ജ്ജ സംബന്ധമായ പ്രൊജക്റ്റിലൂടെ 12,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുവാനും 5,000 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും സാധിച്ചു. ഇതെല്ലാം ചെയ്തത് ഒരു ദശകത്തിനിപ്പുറമാണ്. എന്നു വച്ചാല്‍ നരേന്ദ്രമോഡി മുഖ്യമന്ത്രിയായ ശേഷം. എന്നിട്ടും നരേന്ദ്രമോഡിയെ മോശക്കാരനാക്കാന്‍ മോഹിച്ചുള്ള ജല്പനങ്ങള് മലര്‍ന്നു കിടന്നു തുപ്പുന്നതിന് തുല്യമാണ്. അതുകൊണ്ട് നഷ്ടവും നാണക്കേടുമല്ലാതെ മറ്റൊന്നും നേടാന്‍ സോണിയയ്ക്ക് സാധിക്കുകയില്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: