കൊച്ചി: മരത്തില്‍ നിന്നും വീണ് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട മൂവാറ്റുപുഴ കിഴക്കേക്കര തച്ചുകുന്നേല്‍ റോയിയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച സഹായം ഇന്ന് കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ എക്സൈസ്, തുറമുഖ മന്ത്രി കെ. ബാബു നല്‍കും. മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര പരിപാടിയായ സുതാര്യ കേരളത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യസ്പര്‍ശം റോയിയെ തേടിയെത്തിയത്.
25000 രൂപ അടിയന്തര ധനസഹായം, റോയിക്കും ഭാര്യയ്ക്കും സാമൂഹ്യക്ഷേമ വകുപ്പിന്റെ പെന്ഷന്, സഞ്ചരിക്കാന്‍ യന്ത്രവല്‍കൃത മുച്ചക്ര വാഹനം, കാരുണ്യ ക്ഷേമ പദ്ധതിയില്‍ നിന്നും പ്രതിമാസ ചികിത്സാസഹായം എന്നിവയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവദിച്ചത്. റോഡില്‍ നിന്നും വീട്ടിലേക്കുള്ള ഇരുപതോളം പടികള്‍ കയറാന്‍ റോയിക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കൈവരി കെട്ടാന്‍ എണ്ണായിരം രൂപയും അനുവദിച്ചിട്ടുണ്ട്.
സുതാര്യ കേരളത്തിലേക്ക് റോയി അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അറിയിച്ചത്. നല്കാവുന്ന സഹായങ്ങളെ കുറിച്ചും കളക്ടറോട് ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി ഉടനെ സഹായം അനുവദിക്കുകയായിരുന്നു. റോയിയെയും ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രി കാര്യങ്ങള്‍ തിരക്കി. സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള മാര്‍ഗം കണ്ടെത്തി അറിയിക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
കൂലിപ്പണിക്കാരനായ റോയിക്ക് നാലു വര്‍ഷം മുമ്പാണ് മരത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. നട്ടെല്ലിനും വാരിയെല്ലുകള്‍ക്കും ഒടിവുണ്ടായതിനെ തുടര്‍ന്ന് ഒമ്പതു മാസം തുടര്‍ച്ചയായി കിടപ്പിലായിരുന്നു. ചികിത്സയ്ക്കു ശേഷം ഭാഗികമായി മാത്രമാണ് ചലനശേഷി വീണ്ടുകിട്ടിയത്. ഭാര്യ വീട്ടുജോലിക്ക് പോയി ലഭിക്കുന്ന തുഛമായ വരുമാനത്തിലാണ് റോയിയും കുടുംബവും പിന്നീട് മുന്നോട്ടു പോയത്. വീഴ്ചയുടെ ആഘാതത്തില്‍ വൃക്കയ്ക്കും ക്ഷതം പറ്റിയ റോയിക്ക് പതിനഞ്ചു ദിവസത്തേക്കുള്ള മരുന്നിന് മാത്രം 602 രൂപ വേണം.
മൂന്നു പെണ്മക്കളുള്ള റോയിയുടെ മൂത്ത മകളുടെ നഴ്സിങ് പഠനച്ചെലവ് വഹിക്കാന്‍ ഒരു കോണ്‍വെന്റിന്റെ അധികൃതര്‍ തയാറായെങ്കിലും പത്താം ക്ലാസ് പാസായ രണ്ടാമത്തെ മകളുടെ പഠനം മുടങ്ങി. ഇളയ മകള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. പഠനച്ചെലവ് കണ്ടെത്താന്‍ വീടിന്റെ ആധാരവും പണയപ്പെടുത്തിയിരിക്കുകയാണെന്ന് റോയി മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ബോധിപ്പിച്ചിരുന്നു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന സുതാര്യ കേരളം ടെലിവിഷന്‍ പരിപാടിയിലൂടെ ആഴ്ച തോറും നിരവധി പരാതികള്‍ക്കാണ് മുഖ്യമന്ത്രി നേരിട്ട് പരിഹാരം കാണുന്നത്. ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരും ജില്ലാ കളക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രിയുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയാന്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടറിയേറ്റിലും ഈ സമയത്തുണ്ടാകുമെന്നതും പരിപാടിയുടെ പ്രത്യേകതയാണ്. 155300 (ബി.എസ്.എന്‍.എല്‍), 0471-2115054, 2335523 എന്നീ കാള്‍ സെന്റര്‍ നമ്പറുകളില്‍ 24 മണിക്കൂറും സുതാര്യ കേരളത്തിലേക്ക് പരാതികള്‍ നല്‍കാം. ഉദ്യോഗസ്ഥരുടെ സമീപനമോ നടപടിക്രമങ്ങളിലെ കാര്‍ക്കശ്യമോ മൂലം പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് സുതാര്യ കേരളത്തിന്റെ പ്രധാന ലക്ഷ്യം.എല്ലാ ഞായറാഴ്ചയും രാത്രി 7.20ന് ദൂരദര്ശന് നാഷണല്‍ മലയാളം ചാനലിലും തിങ്കളാഴ്ചകളില്‍ രാത്രി 9.15ന് ദൂരദര്ശന് മലയാളം ചാനലിലും സുതാര്യ കേരളം സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: