കൊച്ചി: എറണാകുളം നഗരത്തില്‍ ജിസിഡിഎയുടെ സ്ഥലത്ത് ഫ്ലാറ്റുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനംനല്‍കി നിരവധിപേരില്‍നിന്നും പണം തട്ടിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമ പൊലീസ് പിടിയിലായി. കടവന്ത്ര തുണ്ടത്തില്‍ വീട്ടില്‍ വര്‍ഗീസി (53)നെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തത്.
ഗാന്ധിനഗറില്‍ ജിസിഡിഎയുടെ സ്ഥലത്ത് പണിയുന്ന ഫ്ലാറ്റുകളില്‍ 70 ശതമാനം വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂഡോട്ട് കണ്‍സ്ട്രക്ഷനും 30 ശതമാനം ജിസിഡിഎക്കും എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ സൂര്യ എന്‍ക്ലേവ് എന്ന പേരില്‍ ഫ്ലാറ്റ് സമുച്ചയം കെട്ടിപൊക്കുകയായിരുന്നു. ജിസിഡിഎ വിഹിതം വിട്ടുകൊടുത്തശേഷം ബാക്കിയുള്ള ഫ്ലാറ്റുകളിലാണ് തട്ടിപ്പ് നടന്നത്. ഒരേഫ്ലാറ്റുതന്നെ മൂന്നുപേര്‍ക്ക് വില്പന നടത്തി ആര്‍ക്കും രജിസ്റ്റര്‍ചെയ്തു നല്‍കാതെയിരിക്കുകയായിരുന്നു. ഈരീതിയില്‍ അഞ്ച് കോടി രൂപയിലധികം ഇയാള്‍ വെട്ടിച്ചതായി പൊലീസ് പറയുന്നു.
ഇതിനുപുറമെ എറണാകുളത്തെ സുന്ദരം ബിഎന്‍പി പാരിബാസ് ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍നിന്നും 35 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാത്തതിന് സ്ഥാപനം കൊടുത്ത കേസിലാണ് ഇന്നലെ അറസ്റ്റുണ്ടായത്.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റ്. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ഏഴ് കേസും ഹില്‍പാലസ് പൊലീസ് സ്റ്റേഷനടക്കമുള്ള സ്ഥലങ്ങളിലും വര്‍ഗീസിനെതിരായി പരാതിയുണ്ട്. അസി. കമ്മീഷണര്‍ സുനില്‍ ജേക്കബ്, സെന്‍ട്രല്‍ എസ്ഐ സുനീഷ്ബാബു, എസ്ഐ അനന്തലാല്‍, അഡീഷണല്‍ എസ്ഐ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: